ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 1980 കളിൽ തന്റെ സാമ്പത്തികം നയം കൊണ്ടും തീരുമാനങ്ങൾ കൊണ്ടും പ്രശസ്തനായ വ്യക്തിയാണ് നൈജൽ ലോസൺ. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളാണ് 1987 ലെ തിരഞ്ഞെടുപ്പിൽ മാർഗരറ്റ് താച്ചറെ വിജയത്തിലെത്തിച്ചത്. നികുതി വെട്ടിക്കുറയ്ക്കുക എന്ന ശക്തമായ തീരുമാനമായിരുന്നു അന്ന് ലോസൺ മുന്നോട്ടുവെച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ പാത പിന്തുടരുമെന്ന് പ്രഖ്യാപനമാണ് ബ്രിട്ടീഷ് ചാൻസലർ ജേറെമി ഹണ്ട് നടത്തിയിരിക്കുന്നത്. അവതരിപ്പിക്കുവാൻ ഇരിക്കുന്ന സ്പ്രിംഗ് ബഡ്ജറ്റിൽ ശക്തമായ നികുതി വെട്ടിക്കുറയ്ക്കലുകൾ ഉണ്ടാകുമെന്ന അറിയിപ്പാണ് ഹണ്ട് നടത്തിയിരിക്കുന്നത്. കുടുംബങ്ങൾക്ക് മേലുള്ള സമ്മർദ്ദം ലഘൂകരിക്കുവാൻ ഈ നടപടി ഉപകാരപ്രദം ആകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 1980-കളിൽ നൈജൽ ലോസൺ രാജ്യത്തെ സാമ്പത്തിക കുതിച്ചുചാട്ടത്തിനായി തയ്യാറാക്കിയത് പോലെ, കൺസർവേറ്റീവ് ഗവൺമെന്റിന്റെ ഈ കാലഘട്ടം വരും വർഷങ്ങളിൽ നമ്മൾ കാണാൻ പോകുന്ന വൻ സാങ്കേതിക വളർച്ചയ്ക്ക് രാജ്യത്തെ പ്രാപ്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മെയിലിൽ എഴുതിയ തന്റെ ലേഖനത്തിലാണ് ഹണ്ട് ഇപ്രകാരം പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നത്. ഏറ്റവും ചലനാത്മകമായ സമ്പത്ത് കുറഞ്ഞ നികുതി മൂലമാണ് വിജയമായി തീർന്നിരിക്കുന്നത്. അതിനാൽ തന്നെ ബിസിനസുകളെ പിന്തുണയ്ക്കുക എന്നതാണ് ലക്ഷ്യമെന്നും, അത് രാജ്യത്തിന്റെ വളർച്ചയ്ക്ക് സഹായകരമാകും എന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ ഇൻഷുറൻസിന്റെ പ്രധാന നിരക്ക് ജനുവരി 6-ന് 12% ൽ നിന്ന് 10% ആയി രണ്ട് ശതമാനം ഗവൺമെന്റ് കുറച്ചിരുന്നു. തങ്ങൾ സമ്പദ് വ്യവസ്ഥയെ അച്ചടക്കത്തോടെ പ്രവർത്തിപ്പിച്ചതിനാണ്, ദേശീയ ഇൻഷുറൻസ് നിരക്കുകളിൽ ഇത്തരത്തിൽ കുറവ് വരുത്താനായതെന്ന് പ്രധാനമന്ത്രി റിഷി സുനകും വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ പണം അവരുടെ പോക്കറ്റിലേക്ക് തന്നെ തിരികെ കൊണ്ടുവരുവാൻ, പരമാവധി നികുതി വെട്ടി കുറയ്ക്കലുകൾ നടത്തുമെന്ന ഉറപ്പാണ് ചാൻസലർ നൽകിയത്. എന്നാൽ ചാൻസലറുടെ വാക്കുകൾ തികച്ചും പൊള്ളയാണെന്ന മറുപടിയാണ് ലേബർ പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.