സിനിമാരംഗത്ത് കാസ്റ്റിങ് കൗച്ച് ചിലർക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അമ്മ വൈസ് പ്രസിഡന്റ് നടൻ ജഗദീഷ്. ഹേമ കമ്മിറ്റിക്കുമുന്നിൽ വനിതകൾ നൽകിയ മൊഴികൾ അപ്രസക്തമാണെന്നു താൻ പറയില്ല. ആരോപണവിധേയർ അഗ്നിശുദ്ധി തെളിയിക്കട്ടെ. അവരുടെ പേരിൽ കോടതി കേസെടുക്കാൻ നിർദേശിച്ചാൽ അമ്മ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ജഗദീഷ് പറഞ്ഞു.

ഇരയായവരുടെ പേര് റിപ്പോർട്ടിൽനിന്ന് ഒഴിവാക്കാം. എന്നാൽ, വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കാസ്റ്റിങ് കൗച്ച് നേരിടേണ്ടിവന്നവർ അക്കാര്യം പറയുമ്പോൾ അന്ന് പറയാത്തതെന്താ എന്ന് ചോദിക്കാനാകില്ല. എത്ര കൊല്ലം മുൻപ് നടന്നതായാലും ലൈംഗികചൂഷണവും ലൈംഗികാതിക്രമങ്ങളും ഒരിക്കലും സ്വാഗതം ചെയ്യാനാകില്ല.

അതേസമയം, റിപ്പോർട്ടിലെ വിലയിരുത്തലുകളെ സാമാന്യവത്കരിക്കരുത്. വിജയിച്ച നടിയോ നടനോ വഴിവിട്ട പാതയിലൂടെ വന്നവരാണെന്ന് ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല.

അമ്മയ്‌ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ചേംബറിനോ ഈ വിഷയങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. റിപ്പോർട്ടിന്റെ പൂർണരൂപത്തിൽ കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കണം. പേരുകൾ പുറത്തുവിടാൻ കോടതി അനുവദിക്കുമെങ്കിൽ അതു നടക്കട്ടെ. കോടതി എന്തു തീരുമാനമെടുത്താലും പൂർണ്ണമായും സഹകരിക്കും.

റിപ്പോർട്ട് അന്നുതന്നെ പുറത്തുവിട്ടിരുന്നെങ്കിൽ ഇക്കാലത്തിനിടെ പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടായേനെയെന്നും ജഗദീഷ് പറഞ്ഞു.