സ്വന്തം ലേഖകൻ
കൊച്ചി : കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങൾക്ക് സെപ്‌തംബർ രണ്ടു മുതൽ തുടക്കമാകും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ രാത്രിയും പകലുമായാണ് കളി.
തിങ്കളാഴ്ച പകൽ 2.30ന് ആലപ്പി റിപ്പിൾസും തൃശൂർ ടൈറ്റൻസും തമ്മിലാണ് ആദ്യമത്സരം. രണ്ടാമത്തേത് രാത്രി 7.45ന് ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ ടൈഗേഴ്‌സും തമ്മിൽ നടക്കും. തുടർന്നുള്ള മത്സരങ്ങൾ പകൽ 2.30, വൈകിട്ട് 6.45 സമയക്രമത്തിലാണ്. 17ന് സെമിയും 18ന് വൈകിട്ട് 6.45ന് ഫൈനലും നടക്കും. സ്റ്റാർ സ്‌പോർട്‌സ്–-1, ഫാൻകോഡ് എന്നിവയിലൂടെ മത്സരം തത്സമയം കാണാം. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.
കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്, ആലപ്പി റിപ്പിൾസ്, തൃശൂർ ടൈറ്റൻസ്, കലിക്കറ്റ് ഗ്ലോബ്‌സ്‌റ്റേഴ്സ് എന്നിവയാണ് ടീമുകൾ. 114 താരങ്ങളാണ് കളത്തിലിറങ്ങുന്നത്. ബേസിൽ തമ്പി (കൊച്ചി ബ്ലൂ ടൈഗേഴ്സ്), പി എ അബ്ദുൾ ബാസിത് (ട്രിവാൻഡ്രം റോയൽസ്), സച്ചിൻ ബേബി (ഏരീസ് കൊല്ലം സെയ്‌ലേഴ്സ്), മുഹമ്മദ് അസറുദീൻ (ആലപ്പി റിപ്പിൾസ്), വിഷ്‌ണു വിനോദ് (തൃശൂർ ടൈറ്റൻസ്), രോഹൻ എസ് കുന്നുമ്മൽ (കലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്) എന്നിവർ ആദ്യ കേരള ക്രിക്കറ്റ് ലീഗ് മത്സരത്തിലെ ഐക്കൺ താരങ്ങളാണ്.
കൊച്ചിയുടെ കോച്ച് സെബാസ്റ്റ്യൻ ആന്റണിയും ക്യാപ്‌റ്റൻ ബേസിൽ തമ്പിയുമാണ്. സിജോമോൻ ജോസഫും ആനന്ദ് കൃഷ്‌ണനും ടീമിലുണ്ട്. മനു കൃഷ്‌ണനെ ഏഴുലക്ഷം രൂപയ്‌ക്കാണ് സ്വന്തമാക്കിയത്. പി ബാലചന്ദ്രനാണ് തിരുവനന്തപുരം ടീമിന്റെ കോച്ച്. ഓൾറൗണ്ടർ എം എസ് അഖിലാണ് പ്രധാനി. രോഹൻ പ്രേമും ടീമിലുണ്ട്. കാലിക്കട്ട് ടീമിന്റെ പരിശീലനചുമതല ഫിറോസ് വി റഷീദിനാണ്. ക്യാപ്‌റ്റൻ രോഹൻ കുന്നുമ്മലാണ് പ്രധാന കളിക്കാരൻ. സൽമാൻ നിസാറും ടീമിലുണ്ട്.
സുനിൽ ഒയാസിസ് കോച്ചും വിഷ്‌ണു വിനോദ് ക്യാപ്‌റ്റനുമായാണ് തൃശൂരിന്റെ വരവ്. വിക്കറ്റ് കീപ്പർ വരുൺ നായർ ടീമിലെ താരമാണ്. കൊല്ലം ടീമിന്റെ പരിശീലന ചുമതല വി എ ജഗദീഷിനാണ്. സച്ചിൻ ബേബിയാണ് ക്യാപ്‌റ്റൻ. പ്രശാന്ത് പരമേശ്വരൻ പരിശീലിപ്പിക്കുന്ന ആലപ്പുഴ ടീമിൽ മുഹമ്മദ് അസറുദീനും അക്ഷയ് ചന്ദ്രനും പ്രധാന കളിക്കാരാണ്.
ഗ്രീൻഫീൽഡിൽ സ്റ്റേഡിയത്തിൽ “കേരള വെടിക്കെട്ടിന് ” തുടക്കം കുറിക്കാനായി ടീമുകൾ കടുത്ത പരിശീലനത്തിലാണ്
Leave a Reply