ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഉപഭോക്തൃ കടം 3 ബില്യൺ പൗണ്ടിലധികമായി ഉയർന്നിരിക്കുകയാണെന്ന് ഊർജ വ്യവസായ മേധാവികൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് , ഈ ശൈത്യകാലത്ത് ഗ്യാസ്, വൈദ്യുതി ബില്ലുകളുമായി ബുദ്ധിമുട്ടുന്ന ബ്രിട്ടനിലെ കുടുംബങ്ങൾക്ക് പിന്തുണ നൽകുവാനുള്ള തീരുമാനം സർക്കാർ കൈകൊണ്ടിരിക്കുകയാണ്. വരുന്ന ശീത മാസങ്ങളിൽ, ഊർജ്ജബില്ലുകൾ മൂലം പ്രതിസന്ധിയിൽ ആകുന്ന കുടുംബങ്ങളെ സഹായിക്കുവാനുള്ള വഴികൾ ചർച്ച ചെയ്യുവാനായി മന്ത്രിമാർ ബുധനാഴ്ച ഊർജ്ജ വ്യവസായ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. പെൻഷൻകാർക്കുള്ള ശീതകാല ഇന്ധന പെയ്മെന്റുകൾ നിർത്തലാക്കിയതിന് ലേബർ ഗവൺമെന്റിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സർക്കാരിന്റെ പുതിയ തീരുമാനം. ബ്രിട്ടീഷ് ഗ്യാസ് മേധാവി ക്രിസ് ഓഷിയ ഉൾപ്പെടെ ബ്രിട്ടനിലെ പത്തിലധികം ഊർജ്ജ വിതരണ കമ്പനികളുടെ എക്സിക്യൂട്ടീവുമാർ, ഉപഭോക്തൃ ഗ്രൂപ്പുകൾ, ചാരിറ്റികൾ, റെഗുലേറ്റർ ഓഫ്ജെം എന്നിവരാണ് ഊർജ്ജമന്ത്രി മിയറ്റ ഫാൻബുള്ളയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ശൈത്യകാലത്ത് ദുർബലരായ കുടുംബങ്ങളെ അവരുടെ ഊർജ്ജബല്ലുകൾ അടക്കുന്നതിന് സഹായിക്കുവാൻ സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്ന് ഊർജ്ജമന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ അടുത്തമാസം തന്നെ അറിയിക്കുമെന്നും, ആവശ്യമായ കുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ഊർജ്ജമന്ത്രി വ്യക്തമാക്കി. ഉപഭോക്താക്കളുടെ കടം എക്കാലത്തെയും ഉയർന്ന തുകയായ 3.2 ബില്യൺ പൗണ്ട് എന്ന റെക്കോർഡിലെത്തിയതോടെ അടിയന്തിര നടപടി വേണമെന്ന ആവശ്യം ചർച്ചയ്ക്കിടയിൽ ഉയർന്നതായാണ് പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.

ശൈത്യകാലത്ത് ഊർജ്ജബല്ലുകളിൽ 10% വർധന ഉണ്ടാകുമെന്ന് എനർജി റെഗുലേറ്റർ ആയ ഓഫ്ജം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് കുടുംബങ്ങൾക്ക് കനത്ത ആഘാതമാണ് നൽകുന്നത്. കൺസർവേറ്റീവ് ഗവൺമെന്റ് ട്രഷറിയിൽ ഉണ്ടാക്കിയ വിടവ് നികത്തുന്നതിന്, നിലവിലുള്ള സഹായങ്ങൾ വെട്ടി കുറച്ച ലേബർ സർക്കാരിന് തീരുമാനത്തിൽ ശക്തമായ എതിർപ്പുകൾ വിവിധ ഇടങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ഇത്തരം വിമർശനങ്ങളാണ് സർക്കാരിനെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഊർജ്ജവിതരണ മേധാവികളുമായുള്ള ചർച്ച വിജയകരമായിരുന്നുവെന്നും സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നുമാണ് ഊർജ്ജമന്ത്രി വ്യക്തമാക്കിയത്.