സ്വന്തം ലേഖകൻ

സ്റ്റോക്ക്-ഓൺ-ട്രെന്റ് : സ്റ്റോക്ക്-ഓൺ-ട്രെന്റിലെ കുടുംബങ്ങൾ പട്ടിണിയുടെ നടുവിൽ. ബേബി ഫുഡ്‌ കഴിച്ചാണ് അവർ ജീവിച്ചുപോകുന്നതെന്ന് വാർത്തകൾ. പട്ടിണിയിൽ കഴിയുന്ന അനേകം കുടുംബങ്ങൾക്ക് നാപ്പി പ്രൊജക്റ്റ്‌ ചാരിറ്റി ആണ് ബേബി ഫുഡ്‌ വിതരണം ചെയ്യുന്നത്. കുടുംബങ്ങളെ സഹായിക്കാൻ നഗരത്തിൽ ഒന്നുമില്ലാത്ത അവസ്ഥയാണെന്നും ചിലർ കഠിന ദാരിദ്ര്യം അനുഭവിക്കുകയാണെന്നും ചാരിറ്റി സ്ഥാപക ഹെയ്‌ലി ജോൺസ് പറഞ്ഞു. ഭവനത്തിൽ ഒന്നും ഇല്ലാത്തതിനാൽ ബേബി ഫുഡ്‌ കഴിച്ചാണ് അവർ ജീവിതം തള്ളിനീക്കുന്നതെന്ന് ഹെയ്‌ലി പറഞ്ഞു.

കഴിഞ്ഞ ഒന്നര വർഷമായി പ്രവർത്തിച്ചുവരുന്ന പ്രൊജക്റ്റ്‌ ആദ്യ ഘട്ടത്തിൽ ഇരുപത് കുടുംബങ്ങളെ ആണ് പദ്ധതിയിൽ ഉൾപ്പെടുത്തി സഹായിച്ചത്. ഇപ്പോൾ 400ൽ അധികം കുടുംബങ്ങളെ അവർ സഹായിക്കുന്നു. 24 കാരിയായ മരിയ മുഹമ്മദിന്റെ ഭർത്താവിന് ടിബി രോഗം മൂലം ജോലി ചെയ്യാനാവാത്ത അവസ്ഥയിൽ ആയിരുന്നു. അതിനാൽ തന്നെ അവരുടെ 4 മാസം പ്രായമുള്ള മകന് വേണ്ടത്ര പരിചരണം നൽകാൻ കഴിയാതെ പോയി. മകന് കോട്ട് വാങ്ങാൻ പോലുമുള്ള പണം ഇല്ലായിരുന്നെന്ന് അമ്മ പറയുന്നു. ഈ അവസരത്തിലാണ് ക്രിസ്തുമസിന് ശേഷം നാപ്പി പ്രോജെക്ടിനെ അവർ സമീപിക്കുന്നത്. ആദ്യം പേടി ഉണ്ടായിരുനെങ്കിലും അവിടെ എല്ലാ സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന് മരിയ പറഞ്ഞു. സ്റ്റോക്ക്-ഓൺ-ട്രെന്റ് സിറ്റി കൗൺസിലിനോട് ഈ അവസരത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.