കൊച്ചി : ഓസ്കർ ജേതാവായ എ.ആർ. റഹ്മാൻ കൊച്ചിൻ ബ്ലൂ ടൈഗേഴ്‌സിന്റെ ഔദ്യോഗിക ആൽബം അവതരിപ്പിക്കുന്നു. ലോകപ്രശസ്ത സംഗീതജ്ഞനായ എ.ആർ. റഹ്മാന്റെ സംഗീതത്തിൽ ഒരുക്കിയ ആൽബമാണ്  കൊച്ചിൻ ബ്ലൂ ടൈഗേഴ്സ് അവരുടെ ഔദ്യോഗിക ടീം ആൽബമായി അവതരിപ്പിക്കുന്നത്. വെല്ലുവിളികളെ നേരിട്ട് ജീവിത വിജയം നേടുക , പ്രതീക്ഷയോടെ ജീവിക്കുക തുടങ്ങിയ സന്ദേശമാണ് എ.ആർ. റഹ്മാൻ ഈ ആൽബത്തിലൂടെ പങ്ക് വയ്ക്കുന്നത്.

 

ആടുജീവിതം എന്ന സിനിമയുടെ പ്രമോഷൻ ലക്ഷ്യമാക്കി നിരവധി ഭാഷകളിൽ പുറത്തിറങ്ങിയ ഈ ആൽബം, ഇപ്പോൾ കൊച്ചിൻ ബ്ലൂ ടൈഗേഴ്സിന്‍റെ പ്രതീകമായ മലയാളം പതിപ്പായി മാറിയിരിക്കുന്നു. സ്ട്രീറ്റ് ക്രിക്കറ്റിൽ തുടങ്ങി പ്രൊഫഷണൽ സ്റ്റേഡിയങ്ങളിലേക്ക് വളരുന്ന യാത്രയെ ദൃശ്യങ്ങളിൽ പകർത്തുന്ന ഈ ആൽബം, കായിക മത്സരങ്ങളുടെ വളർച്ചയും കളിക്കാരുടെ അടങ്ങാത്ത മനോഭാവവും പ്രതിനിധീകരിക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് പതിപ്പുകൾ ഉടൻ റിലീസ് ചെയ്യുന്നതാണ്.

ഈ ആൽബത്തിലെ സംഗീതത്തിന് എ.ആർ. റഹ്മാൻ സംഗീത സംവിധാനം നല്കിയതോടൊപ്പം ഇതേ ആൽബത്തിൽ അഭിനയിച്ച് സ്ക്രീനിൽ ജീവൻ പകരുകയും ചെയ്തത് കൊച്ചിൻ ബ്ലൂ ടൈഗേഴ്‌സിന് വളരെ അഭിമാനകരമാണ്.

“എ.ആർ. റഹ്മാൻ ഈ ആൽബത്തിന്റെ കലാകാരനായതിൽ ഞങ്ങൾ അതിയായി അഭിമാനിക്കുന്നുവെന്നും , അദ്ദേഹത്തിന്റെ സംഗീതം നമ്മുടെ ടീമിന്റെ മൂല്യങ്ങളെ ഹൃദയത്തിൽ പകർത്തുന്നുവെന്നും, നമ്മുടെ കളിക്കാർക്ക് മാത്രമല്ല, സ്വപ്നങ്ങൾ നേടിയെടുക്കാൻ സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രചോദനമാണെന്നും ” കൊച്ചിൻ ബ്ലൂ ടൈഗേഴ്സ് ടീമിന്റെ ഉടമയും Single.ideaയുടെ ഡയറക്ടറുമായ സുബാഷ് ജോർജ്ജ് മനുവൽ, പറഞ്ഞു.

കേരള ക്രിക്കറ്റ് ലീഗിൽ ആവേശകരമായ ഒരു ക്രിക്കറ്റ് സീസണിനായി ഒരുങ്ങുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിൻ്റെ യാത്രയിലെ ഒരു അവിഭാജ്യ ഘടകമായി ഈ ആൽബം മാറികഴിഞ്ഞു. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശം ആസ്വദിക്കുവാനും , അവരുടെ  വിജയത്തിലേക്കുള്ള യാത്രയെ ആഘോഷിക്കുവാനും നമ്മുക്കും പങ്ക് ചേരാം കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പം.