ആർ.ഡി.എക്സ് എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കേസ്. വഞ്ചന ​ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ലാഭവിഹിതം നൽകിയില്ല എന്ന തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാമിന്റെ പരാതിയിലാണ് നടപടി.

ആർ.ഡി.എക്സ് നിർമാതാക്കളായ സോഫിയാ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ എറണാകുളം ഹിൽപാലസ് പോലീസാണ് കേസെടുത്തിരിക്കുന്നത്. കോടതി നിർദേശമനുസരിച്ചാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. അന്യായമായിട്ടുള്ള ലാഭം ഉണ്ടാക്കുന്നതിനുവേണ്ടി പ്രതികൾ കുറ്റകരമായ ​ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. കനത്ത നഷ്ടം പരാതിക്കാരിക്കുണ്ടാക്കിയെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

ആറ് കോടി രൂപ നിർമാണത്തിനായി നൽകിയെന്നും മുടക്കുമുതലിന് പുറമേ 30 ശതമാനം ലാഭവിഹിതമാണ് വാഗ്ദാനം ചെയ്തതെന്നുമാണ് അഞ്ജന എബ്രഹാം ആർ.ഡി.എക്സ് നിർമാതാക്കൾക്കെതിരായ പരാതിയിൽ പറഞ്ഞിരുന്നത്.

അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. ഏറെ നിർബന്ധത്തിനൊടുവിൽ മുടക്കുമുതൽ തിരികെ തന്നെങ്കിലും നൂറ് കോടിക്കുമീതേ ലാഭമുണ്ടാക്കിയെന്ന് നിർമാതാക്കൾ അവകാശപ്പെടുന്ന സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്തത് തന്നില്ലെന്നാണ് അഞ്ജന പരാതിയിൽ വ്യക്തമാക്കിയത്. കണക്കുകൾ തന്നിൽ നിന്ന് മറച്ചുവെച്ചു, സാറ്റലൈറ്റ് റൈറ്റിന്റെ കാര്യത്തിലുൾപ്പടെ വ്യക്തമായ ധാരണയുണ്ടായിരുന്നുവെങ്കിലും തന്നെ അറിയിക്കാതെ സാറ്റലൈറ്റ് റൈറ്റ് മറ്റൊരാൾക്ക് മറിച്ചു വിറ്റുവെന്നും അഞ്ജന തൃപ്പുണ്ണിത്തുറ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

2023-ലെ ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ആർ.ഡി.എക്സ്. നവാ​ഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ഓണം റിലീസുകളിൽ മികച്ച പ്രേക്ഷകപ്രതികരണം സ്വന്തമാക്കിയ ചിത്രംകൂടിയായിരുന്നു ഈ ചിത്രം.