ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ട ദാരുണമായ സംഭവത്തിന്റെ ഞെട്ടലിലാണ് യുകെ . സറേയിൽ ഒരു കുടുംബത്തിലെ മൂന്നു കുട്ടികളെയും അവരുടെ പിതാവിനെയും ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് പുറത്തുവിട്ട പ്രാഥമിക വിവരത്തിൽ ഒരു വീട്ടിൽ മുതിർന്നയാളെയും മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയതായി മാത്രമെ അറിയിച്ചിരുന്നുള്ളൂ. എന്നാൽ ഞെട്ടിക്കുന്ന സംഭവത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവന്നു തുടങ്ങി.

പോലീസ് പറയുന്നതനുസരിച്ച് മരിച്ച മൂന്ന് കുട്ടികളും നാലു വയസ്സിന് താഴെയുള്ളവരാണ് . മൂന്ന് കുട്ടികളുടെയും മരിച്ച പിതാവിന്റെയും ചിത്രങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. പോളണ്ട് വംശജനായ പിതാവിൻറെ പേര് പിയോറ്റർ ശ്വിഡെർസ്കി എന്നാണ്. മരണമടഞ്ഞവരിൽ രണ്ടു കുട്ടികൾ ഇരട്ടകളാണ്. ഇന്നലെ ഉച്ചയ്ക്കാണ് 4 പേരെയും ആംബുലൻസ് ജീവനക്കാർ മരണമടഞ്ഞ നിലയിൽ കണ്ടെത്തിയത്.

സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പുറമെ നിന്നുള്ള
ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നില്ലെന്നാണ് പോലീസ് വെളിപ്പെടുത്തിയത്. മരിച്ച മൂന്ന് കുട്ടികളുടെ അമ്മയ്ക്കും അടുത്ത ബന്ധുക്കൾക്കും സ്പെഷ്യലിസ്റ്റ് ഓഫീസർമാർ പിന്തുണ നൽകുന്നുണ്ട്. ഇത് തികച്ചും ദാരുണമായ സംഭവമാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാൻ സമഗ്രമായി അന്വേഷണം നടക്കുകയാണെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിസിഐ ഗാരെത് ഹിക്സ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്തേക്കുള്ള റോഡുകൾ ഇന്നലെ പോലീസ് അടച്ചിരുന്നത് ഇപ്പോൾ തുറന്ന് കൊടുത്തിട്ടുണ്ട്. മൂന്ന് കുട്ടികളും പിതാവും മരിച്ച സംഭവം കടുത്ത ഞെട്ടലാണ് പ്രാദേശിക വാസികളിൽ സൃഷ്ടിച്ചത്.











Leave a Reply