ലണ്ടന്‍: യുകെയില്‍ ജോലി ആഗ്രഹിക്കുന്ന ഇന്ത്യക്കാരായ നഴ്‌സുമാര്‍ക്ക് ആശ്വാസമായി ഐഇഎല്‍ടിഎസില്‍ ഇളവുകള്‍ വരുത്താന്‍ ആലോചന. കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഭാഷാജ്ഞാനം പരിശോധിക്കുന്ന പരീക്ഷ കടുത്തതാക്കിയത്. എന്നാല്‍ ഇത് മൂലം എന്‍എച്ച്എസിനുണ്ടായ തിരിച്ചടിയാണ് തീരുമാനത്തില്‍ പുനപരിശോധനയ്ക്ക് അധികൃതരെ പ്രേരിപ്പിക്കുന്നത്. ഓസ്‌ട്രേലിയ ഉള്‍പ്പെടെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോലും ഐഇഎല്‍ടിഎസ് പോലെയുള്ള പരീക്ഷകളില്‍ പുറന്തള്ളപ്പെടുന്നതായും കണ്ടെത്തിയിരുന്നു.

ഓസ്‌ട്രേലിയ, ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഭാഷാ പരിശോധനയില്‍ ഇളവുകള്‍ വരുത്തണമെന്ന് എന്‍എച്ച്എസ് റിക്രൂട്ടര്‍മാര്‍ ആവശ്യമുന്നയിച്ചു വരികയായിരുന്നു. ഇന്ത്യക്കാരുള്‍പ്പെടെയുള്ള കുടിയേറ്റക്കാരുടെ സംഘടനകളും സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഐഇഎല്‍ടിഎസിന് പകരം ഒക്യുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് നടത്താനുള്ള സാധ്യതയേക്കുറിച്ചുള്ള നിര്‍ദേശം നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ മുന്നോട്ടുവെക്കും.

ഇംഗ്ലീഷില്‍ നഴ്‌സിംഗ് പഠിക്കുകയും അടുത്ത കാലത്ത് യോഗ്യത നേടുകയും ചെയ്തവര്‍ക്കും ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യത്ത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും യുകെയില്‍ ജോലി ചെയ്യാനുള്ള യോഗ്യത ലഭിച്ചേക്കും. എന്‍എച്ച്എസ് ഘടകങ്ങളും രോഗികളുടെ സംഘടനകളും അംഗീകരിച്ചാല്‍ അടുത്ത മാസം മുതല്‍ ഇളവുകള്‍ പ്രാബല്യത്തിലാകും.

ഐഇഎല്‍ടിഎസ് പരീക്ഷയില്‍ നാല് സെക്ഷനുകളിലായി 7 സ്‌കോര്‍ നേടിയാല്‍ മാത്രമേ യുകെയില്‍ ജോലി ചെയ്യാന്‍ അംഗീകാരം ലഭിക്കൂ. ഈ സ്‌കോര്‍ കുറയ്ക്കുമോ എന്നാണ് എന്‍എംസി ആരായുന്നത്. ഉത്തരങ്ങളില്‍ എസ്സേകളുടെ ഘടനയും ടെന്‍സുകള്‍ തെറ്റുന്നതുമാണ് കഴിവുള്ള പല നഴ്‌സുമാര്‍ക്കും അംഗീകാരം നഷ്ടപ്പെടാന്‍ കാരണമാകുന്നതെന്നും എന്‍എംസി പറയുന്നു. എന്‍എച്ച്എസില്‍ 40,000 നഴ്‌സുമാരുടെ കുറവാണ് ഉള്ളത്. ഇത് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം.