ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രിട്ടനിലെ ഏറ്റവും അപകടകരമായ ജയിലുകളിൽ ഒന്നായ എച്ച് എം പി പെൻ്റൺവില്ലിൽ പ്രവേശനം ലഭിച്ച ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത് അരാജകത്വത്തിന്റെ വാർത്തകളാണ്. ഒരു ദിവസം തന്നെ വിവിധ സെല്ലുകളിൽ നിന്ന് നിരവധി അലാറം ബെല്ലുകൾ ആണ് ഉയരുന്നത്. ഇത് ജീവനക്കാർക്ക് മേൽ ഉണ്ടാക്കുന്ന സമ്മർദ്ദം വളരെ വലുതാണ്. ഒരു ദിവസത്തിന്റെ പകുതിയിൽ തന്നെ ആറ് അലാറങ്ങൾ മുഴങ്ങിയിരിക്കുന്നു. തലേദിവസം മുപ്പതിലധികം തവണ അലാറം മുഴങ്ങിയതായി അധികൃതർ പറഞ്ഞു. അലാറം മുഴങ്ങുമ്പോൾ പരക്കം പായുന്ന ജീവനക്കാർ ചെല്ലുമ്പോൾ കാണുന്ന കാഴ്ച അക്രമത്തിന്റെയും, ചിലപ്പോൾ മരണത്തിന്റെയുമാണ്. ഇത്തവണ അലാറം മുഴങ്ങിയപ്പോൾ ചെന്ന് കണ്ട കാഴ്ച ദിവസത്തിൽ ഭൂരിഭാഗവും പൂട്ടിയിട്ടിരിക്കുന്ന ഒരു അന്തേവാസി തന്റെ കയ്യിൽ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് അമ്മയെന്നും അച്ഛനെന്നും കൊത്തിവച്ചിരിക്കുന്നതാണ്.

ഇത്തരത്തിൽ നിരവധി കാഴ്ചകളാണ് ഒരു ദിവസം തന്നെ തങ്ങൾക്ക് മുന്നിൽ എത്തുന്നതെന്ന് അഞ്ചുവർഷത്തോളമായി പ്രിസൺ ഓഫീസറായ ഷായ് ധുരി ബിബിസിയോട് പറഞ്ഞു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ തടവുകാരുടെ എണ്ണം ജയിലിന്റെ ശേഷിയെക്കാൾ പലയിടത്തും കൂടുതലാണ്. അതിനാൽ തന്നെ തങ്ങളുടെ ശിക്ഷയിൽ 40 ശതമാനത്തോളം പൂർത്തിയാക്കിയ ചില തടവുകാരെ വിട്ട് അയക്കാനുള്ള ലേബർ പാർട്ടി സർക്കാരിന്റെ തീരുമാനം അടുത്തയാഴ്ച നടപ്പിലാകും. ഇത് എച്ച് എം പി പെൻ്റൺവിൽ പോലുള്ള ജയിലുകളിൽ കുറച്ച് അധികം ഒഴിവ് ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്.


ജയിലുകളിൽ ഇത്രയധികം കുറ്റവാളികൾ ഉള്ളതിന്റെ പ്രധാന കാരണം സംഘം ചേർന്നുള്ള കുറ്റകൃത്യങ്ങൾ ആണെന്ന് പ്രിസൺ ഓഫീസറായ ഷായ് ധുരി ബിബിസിയോട് പറഞ്ഞു. രണ്ട് സംഘാഗങ്ങൾ തമ്മിലുള്ള വഴക്കിനിടെ പിടിച്ചുമാറ്റാൻ ശ്രമിച്ച തന്റെ രണ്ട് കൈത്തണ്ടകളും അടുത്തിടെ ഒടിഞ്ഞതായി ഷായ് ധുരി പറഞ്ഞു. 1842 ലാണ് എച്ച് എം പി പെൻ്റൺവിൽ നിർമ്മിച്ചത്. 520 പേരെ ഓരോ സെല്ലുകളിലായി പാർപ്പിക്കാനായിരുന്നു ആദ്യം രൂപകൽപ്പന ചെയ്തിരുന്നതെങ്കിലും, ഇപ്പോൾ ഓരോ സെല്ലിൽ രണ്ടുപേർ വീതം 1205 പേരെ ഉൾക്കൊള്ളാനുള്ള തരത്തിലാണ് ജയിൽ പ്രവർത്തിക്കുന്നത്. വെറും ഒമ്പത് കിടക്കകൾ മാത്രമാണ് ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്നത്. പെൻ്റൺവില്ലിലെ 80% തടവുകാരും വിചാരണ കാത്തിരിക്കുന്ന റിമാൻഡ് തടവുകാരാണ്. ബാക്കിയുള്ളവർ കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരാണ്. 2019 മുതൽ 2023 വരെ ഏഴ് ആത്മഹത്യകളാണ് ജയിലിൽ നടന്നത്. 2024 മാർച്ചിൽ മാത്രം സ്വയം ഉപദ്രവത്തിന്റെ 104 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പല സെല്ലുകളുടെയും സാഹചര്യം അതീവ രൂക്ഷമാണ്. ചോർന്നൊലിക്കുന്ന ബാത്റൂമുകളും, വൃത്തിയില്ലാത്ത സെല്ലുകളും ജയിലിന്റെ സ്ഥിരം കാഴ്ചയാണ്. ആയിരക്കണക്കിന് കുറ്റവാളികളെ സർക്കാർ അടുത്ത ആഴ്ച നേരത്തെ മോചിപ്പിക്കുമ്പോൾ, ഇവിടെ നിന്ന് 16 പേരെ മോചിപ്പിക്കപ്പെടും. അക്രമത്തിന്റെ, അസ്വസ്ഥതയുടെ അന്തരീക്ഷമാണ് ബിബിസി റിപ്പോർട്ടിൽ ഉടനീളം മുഴങ്ങി കേൾക്കുന്നത്.