ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈജിപ്തിലേക്ക് കടക്കാൻ യോഗ്യരായ നൂറോളം പേരുടെ പട്ടിക വെള്ളിയാഴ്ചയോടെ പുറത്ത് വിട്ട് പാലസ്തീൻ. ഇതോടെ കൂടുതൽ ബ്രിട്ടീഷ് പൗരന്മാർ ഗാസയിൽ നിന്ന് പോകാൻ ആരംഭിച്ചു. ലിസ്റ്റിലെ 90-ലധികം ആളുകൾ ബ്രിട്ടീഷ് പൗരന്മാരാണെന്ന് പാലസ്തീൻ അതിർത്തി അതോറിറ്റിയുടെ യുകെ വിഭാഗം പറഞ്ഞു. ബ്രിട്ടീഷ് പൗരന്മാർ ഗാസ വിടാൻ തുടങ്ങിയെന്നും ഈ വാർത്ത യുകെയ്ക്ക് ഏറെ ആശ്വാസകരമാണെന്നും വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു. എന്നാൽ ഇനി എത്ര പേരാണ് ഗാസയിൽ കുടുങ്ങികിടക്കുന്നതെന്ന് അദ്ദേഹം ഇനിയും വെളിപ്പെടുത്തിട്ടില്ല.

കഴിയുന്നത്ര ബ്രിട്ടീഷ് പൗരന്മാർക്ക് ഗാസ വിടാൻ കഴിയുമെന്ന് ഉറപ്പാക്കാൻ യുകെ അധികൃതർ പരിശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഗാസയുടെ വടക്ക് ഭാഗത്തായി മൂന്ന് കുടുംബങ്ങൾ കുടുങ്ങി കിടക്കുന്നുണ്ട്. ക്രോസിംഗ് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കുള്ള യാത്ര ഇവർക്ക് അപകടകരമാണ്. സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫിന്റെ ഭാര്യാ പിതാവും മാതാവും ഗാസയിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഇവരെ പിന്നീട് രക്ഷിച്ചു.

യുകെ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ നിരോധിത ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസ് ഇസ്രായേലിനെ ആക്രമിക്കുകയും 1,400-ലധികം ആളുകളുടെ ജീവൻ അപഹരിക്കുകയും 240-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തതിന് പിന്നാലെ ഒക്ടോബർ 7 മുതൽ ഗാസയ്‌ക്ക് അകത്തും പുറത്തുമുള്ള അതിർത്തി ക്രോസിംഗുകൾ അടയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 9,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായി ഗാസയിൽ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു.