തിരുവനന്തപുരം : കൊച്ചിയുടെ നീല കടുവകൾ ബാറ്റിംഗിലും ബൗളിംഗിലും ഒരേ പോലെ തിളങ്ങിയപ്പോൾ മനോഹരമായ ഒരു ക്രിക്കറ്റ് മത്സരത്തിനാണ് ഇന്നലെ തിരുവനന്തപുരം സാക്ഷ്യം വഹിച്ചത്. ഓപ്പണർമാർ വെടിക്കെട്ടൊരുക്കിയതോടെ കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് റെക്കോഡ് സ്കോറും അനായാസ വിജയവും നേടിയെടുത്തു. ഇതുവരെ തോല്‍വി അറിയാതെ മുന്നേറിയ ആലപ്പി റിപ്പിള്‍സിനെയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് തോല്‍പിച്ച് വിട്ടത്. സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും റണ്‍ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയവും സ്വന്തമാക്കിയാണ് ബ്ലൂ ടൈഗേഴ്സ് കുതിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈഗേഴ്സ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ആലപ്പി റിപ്പിള്‍സ് 17.3 ഓവറില്‍ 154 റണ്‍സിന് പുറത്തായി. ഓപ്പണര്‍മാരായ ആനന്ദ് കൃഷ്ണന്‍ (69), ജോബിന്‍ ജോബി (79) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ബ്ലൂ ടൈഗേഴ്സിന് മികച്ച തുടക്കം നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 140 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് ക്രീസിലെത്തിയ യുവതാരങ്ങളായ ഷോണ്‍ റോജറും (28) മനു കൃഷ്ണനും (34) ചേര്‍ന്ന് അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു.
ആലപ്പി റിപ്പിള്‍സിന്റെ ബാറ്റിങ് നിര ക്യാപ്റ്റന്‍ ബേസില്‍ തമ്പിയുടെയും ടീമിന്റെയും ബൗളിംഗിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് എന്ന നിലയിലെത്തിരുന്നു ആലപ്പി റിപ്പിള്‍ സ്. ടി.കെ. അക്ഷയ് (47), ആല്‍ഫി ഫ്രാന്‍സിസ് (42) എന്നിവര്‍ മാത്രമാണ് ആലപ്പിക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്
കേരള ക്രിക്കറ്റ് ലീഗിൽ ഒരു ടീം 200 കടക്കുന്നത് ആദ്യമാണ്. കൊച്ചിയുടെ ഓപ്പണർമാരായ ജോബിൻ ജോബിയും ആനന്ദ് കൃഷ്ണനും ചേർന്ന് ആദ്യ 10 ഓവറിൽ 91 റൺസ് അടിച്ചു. 48 പന്തിൽ 79 റൺസ് നേടിയ ജോബിൻ കളിയിലെ താരമായി. ആനന്ദ് 51 പന്തിൽ 69 റൺസെടുത്തു.
ജോബിൻ മടങ്ങുമ്പോൾ 15 ഓവറിൽ 140 എത്തിയിരുന്നു. ലീഗിലെ ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. ജോബിൻ അഞ്ച് സിക്സും ആറു ഫോറും നേടി. അവസാന രണ്ട് ഓവറുകളിൽ മനു കൃഷ്ണനും (ഒമ്പതു പന്തിൽ 34) ഷോൺ റോജറും (14 പന്തിൽ 28) ചേർന്ന് 40 റൺസ് അടിച്ചതോടെ കൊച്ചി ടീം 218 റൺസിലെത്തി.
ബ്ലൂ ടൈഗേഴ്സിനായി ക്യാപ്റ്റന്‍ ബേസില്‍ തമ്പിയും പി.എസ്. ജെറിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സിജോമോന്‍ ജോസഫ് രണ്ട് വിക്കറ്റും ഷൈന്‍ ജോണ്‍ ജേക്കബും അജയ്‌ഘോഷും ഓരോ വിക്കറ്റും നേടി.
ഈ വിജയത്തോടെ കൊച്ചി ബ്ലൂ ടൈഗേഴ്സ് കെസിഎല്‍ പോയിന്റ് പട്ടികയില്‍ മുന്നേറി കഴിഞ്ഞു . അതുകൊണ്ട് തന്നെ അവരുടെ അടുത്ത മത്സരങ്ങള്‍ ആവേശകരമാകുമെന്നുറപ്പാണ്.
Leave a Reply