ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച് എസിൻ്റെ ഉയർന്ന കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള തുടർച്ചയായ നടപടികൾ പരാജയപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കാത്തിരിപ്പ് സമയം പതിനെട്ട് ആഴ്ചയായി കുറയ്ക്കുമെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ സാധിക്കാതിരുന്നതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത് ആവശ്യത്തിനുള്ള ജീവനക്കാരുടെ അഭാവമാണ്. 18 ആഴ്ച കാത്തിരിപ്പ് സമയത്തിലെത്താൻ ഓരോ ആഴ്ചയിലും നടത്തുന്ന അപ്പോയിൻമെന്റുകളുടെ എണ്ണം 40,000 ആയി വർദ്ധിപ്പിക്കുമെന്ന് ലേബർ പാർട്ടി പറഞ്ഞിരുന്നു. എന്നാൽ ഈ ലക്ഷ്യത്തിലെത്താൻ ആവശ്യമായ വിഭവശേഷിയുടെ 15 ശതമാനം മാത്രമേ നിലവിൽ എൻഎച്ച്എസിന് ഉള്ളു എന്നാണ് എൻഎച്ച്എസ് കോൺഫിഡറേഷൻ കണ്ടെത്തിയിരിക്കുന്നത്.
എൻ എച്ച് എസ് പ്രകടനത്തെ കുറിച്ചുള്ള സർക്കാർ അവലോകനം ഈ ആഴ്ച പുറത്തിറങ്ങാനിരിക്കെയാണ് ഈ മുന്നറിയിപ്പുമായി എൻഎച്ച്എസ് കോൺഫിഡറേഷൻ രംഗത്ത് വന്നത്. എൻഎച്ച്എസിൻ്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിൽ വിവര സാങ്കേതിക വിദ്യയുടെ അധിക ഉപയോഗം മുതൽ വിപുലമായ പരിവർത്തനം വേണമെന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കപ്പെട്ടിരിക്കുന്നത്. എൻഎച്ച്എസ് സർജനായ ലോർഡ് അര ഡാർസിയുവിൻ്റെ നേതൃത്വത്തിൽ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് രൂപീകരിച്ച കമ്മിറ്റിയാണ് ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത്.
ഇതിനിടെ ഇംഗ്ലണ്ടിലെ എൻഎച്ച്എസ്സിന്റെ തകർച്ചയിൽ തുടർച്ചയായി ഭരണത്തിലിരുന്ന കൺസർവേറ്റീവ് പാർട്ടിയെ പ്രതികൂട്ടിലാക്കി പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ രംഗത്ത് വന്നു. കഴിഞ്ഞ സർക്കാരുകൾ ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റാണെന്ന് അദ്ദേഹം ബി ബി സിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചെലവു ചുരുക്കലും കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ താള പിഴകളുമാണ് എൻഎച്ച്എസിൻ്റെ പരാജയത്തിന് കാരണമെന്നാണ് പ്രധാനമായും പ്രധാനമന്ത്രി ചൂണ്ടി കാണിച്ചത്. കഴിഞ്ഞവർഷം ഇംഗ്ലണ്ടിലെ അത്യാഹിത വിഭാഗത്തിൽ ഒരു ലക്ഷത്തിലധികം കുട്ടികളുടെ മാത്രം കേസുകളാണ് ആറു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നത്. കഴിഞ്ഞ 15 വർഷത്തിനിടയിൽ കുട്ടികളുടെ കാത്തിരിപ്പ് സമയം 60 ശതമാനം വർദ്ധിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
Leave a Reply