ഷാനോ എം കുമരൻ

യൂറോപ്പിന്റെ ശീതളച്ഛായയിൽ നൈറ്റ് ഡ്യൂട്ടിയും ചൈൽഡ് കെയറിങ്ങുമൊക്കെയായി അത്യാവശ്യം ആഘോഷപൂർവ്വം അങ്ങനെ ജീവിച്ചു പോകുന്ന കാലം. ഭാര്യമാർ ജോലിക്ക് പോകുമ്പോൾ അടുത്ത കൂട്ടുകാരുമായി ഓൺ ദി റോക്ക്സ് നാലു പെഗ് സിംഗിൾ ബാരൽ നുണഞ്ഞങ്ങനെ ഇരിക്കുമ്പോൾ ഒരു തോന്നൽ , ചെറുതായി ശ്വാസ തടസ്സം ഉണ്ടോ ? ഒരു കിതപ്പ് പോലെ. ഹൃദയത്തിനു ഒരു സ്നേഹമില്ലാത്തതു പോലെ. ശെരിയായിരിക്കും! ദിനം പ്രതി നാലു ഗുളിക വീതമാണ് അകത്താക്കുന്നത്. വെറുതെയല്ല കേട്ടോ. ഇത്തിരി ബി പി പിന്നെ കുറച്ചു കൊളസ്‌ട്രോൾ. മതിയല്ലോ! ഹൃദയത്തിനെ ദോഷം പറയരുത്. മഹാ വൈദ്യൻമാരെ ഫോണിൽ വിളിച്ചപ്പോൾ നീണ്ട കാത്തിരിപ്പു വേണമെന്നറിഞ്ഞു. ക്ഷമയില്ലാഞ്ഞിട്ടല്ല! ഭർത്താവായതുമുതൽ തുടങ്ങിയ ശീലമാണ് അത്യഗാധമായ ക്ഷമാശീലം. ചിലപ്പോളത് ആട്ടിൻ സൂപ്പിന്റെ ഗുണം ചെയ്യുമെന്ന് പണ്ടെന്നോ കുഞ്ഞമ്മാവൻ ഉപദേശിച്ചതോർമ്മയിലുണ്ട്. കാര്യമതല്ല, ആരോഗ്യസംരക്ഷണത്തിൽ നിലവിൽ പ്രസ്തുത മേഖലയിൽ നിന്നും നേരിടുന്ന കെടുകാര്യസ്ഥത. അത് എന്നെ മാത്രമല്ല എന്നെപോലെയുള്ള ഒട്ടുമിക്ക കുടിയേറ്റക്കാരുടെയും പ്രശ്നമാണെന്ന ചിന്തയാണ് ലേശം ബുദ്ധിമുട്ടിക്കുന്നത്.

സുന്ദരസുരഭിലമായ ലഹരിയുടെ സായാഹ്നങ്ങളെക്കുറിച്ചു ധാരണയില്ലാതിരുന്ന പാവം എന്റെ വാമഭാഗം പറഞ്ഞു. ശെരിയാണ്, നന്നായി ബുദ്ധിമുട്ടുണ്ട്. ശ്വാസഗതിയിൽ വേണമെങ്കിൽ നാട്ടിലൊന്നു പോയി വന്നാലോ? വാർഷിക അവധിയുണ്ട്. രണ്ടാൾക്കും സ്കൂളിൽ അപേക്ഷ കൊടുക്കാം. തന്നെയുമല്ല ഓണക്കാലം കൂടിയല്ലേ! എല്ലാവരെയും കാണുകയും പറ്റിയാൽ നാട്ടിൽ പ്രിയപെട്ടവരുമൊത്തൊരു ഓണക്കാലം ആഘോഷിക്കുകയും ചെയ്യാമല്ലോ!
അതൊരു സ്വീകാര്യമായ നിർദേശമായി എനിക്ക് തോന്നി കാരണം നീണ്ട വർഷങ്ങളുടെ പ്രവാസ ജീവിതത്തിൽ നഷ്ടമായത് ആനയും അമ്പാരിയും മാത്രമല്ല. പ്രജാക്ഷേമ തല്പരനായ സർവോപരി നന്മയുടെ സുവർണ്ണ ധ്വജമായ മാവേലി തമ്പുരാന്റെ വരവിനെ എതിരേൽകാനുള്ള അവസരവും, സ്നേഹത്തിന്റെയും ദീനാനുകമ്പയുടെയും നാഥനായ ദൈവപുത്രന്റെ പിറന്നാളാഘോഷങ്ങളുമെല്ലാം, അങ്ങനെ അങ്ങനെ പലതും വിദൂരത്താണ്. ഇത്തവണ പോയാൽ അതിലൊന്നെങ്കിലും സാധിച്ചു കളയാം എന്നോരുൾപൂതി. എല്ലാത്തിലും ഉപരിയായി ഹൃദയവുമായുള്ള ആത്മ ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യാമെന്നുള്ളതാണ്. അങ്ങനെ കാര്യങ്ങൾക്കു തീരുമാനമായി. നല്ല നേരത്തു ജോലിക്കു പോയത് കൊണ്ട് കാശ് നോക്കാതെ വിമാന ടിക്കറ്റുകൾ എടുത്തു. അഞ്ചാറു പെട്ടികൾ നിറയ്ക്കുവാനുണ്ട് എച്ഛ്. ആൻഡ് എം , ടി കെ മാക്സ് പിന്നെ പ്രിമാർക് ഇവിടെയൊക്കെ കയറിയിറങ്ങി എങ്ങനെ നിറയ്ക്കും ആറു പെട്ടികൾ. പണ്ട് ഗൾഫിലായിരുന്നപ്പോൾ ലുലുവും കാരിഫോറും നെസ്‌റ്റോയിലുമെല്ലാം രണ്ടേ രണ്ടു ദിനം കൊണ്ട് പത്തു പെട്ടിക്കുള്ള സാമാനങ്ങൾ വാങ്ങി കൂട്ടുകയും നാലു പെട്ടി നിറച്ചു കെട്ടി എയർ ക്രഫ്റ്റുകാരെ പറ്റിക്കുവാൻ ഏഴു കിലോയുടെ ഹാൻഡ് കാരിയിൽ പത്തു പതിനൊന്നു കിലോ കുത്തിനിറച്ചു ഒരു കാലി കവറും കയ്യിൽ വച്ച് ബാക്കി വന്ന അഞ്ചാറു പെട്ടിക്കുള്ള സാധനങ്ങൾ കാർഡ്ബോർഡ് ബോക്സിൽ അടുക്കിയൊതുക്കി കട്ടിലിനടിയിൽ വച്ചിരുന്ന കാലം. ഓഹ് ഓർക്കുമ്പോൾ ഒരു കുളിരു. തല്കാലം രണ്ടു പെട്ടി നിറച്ചു. പിന്നെ തിരികെ വരുമ്പോൾ മസാലകൾ പച്ചക്കറികൾ മരുന്നുകൾക്കായി നാലു കാലി പെട്ടികൾ കൂടെ യൂറോപ്പ് ഷോപ്പിങ്ങ് ഏതാണ്ട് ഖതം.

അത്തം നാൾ രാവിലെ ആരോ ഗെയ്റ്റ് തുറക്കുന്ന ശബ്ദം കേട്ട് അച്ചൻ പുറത്തേക്കു വന്നു നോക്കി. ഒരു ടാക്സി അതാ ഗെയ്റ്റിന് മുന്നിൽ. അതിൽ നിന്നും ഇറങ്ങുന്നതോ യു കെ കാരായ ഞാനും കുടുംബവും. ഇപ്പോഴത്തെ ഒരു ട്രെൻഡ് അതാണ് അച്ഛനമ്മമാർക്കും മറ്റും സർപ്രൈസ് കൊടുക്കുക. അപ്രതീക്ഷിതമായ സന്ദർശനങ്ങൾ ഉളവാകുന്ന ആനന്ദാതിരേകം ഹൃദയത്തിനു പണി കൊടുത്താൽ പെട്ടത് തന്നെ. ഇവിടെ എന്തായാലും എല്ലാവര്ക്കും പരമാനന്ദം. കൂടെ പറയാതെ പറ്റിച്ചതിലുള്ള പരിഭവവും. അത്തമല്ലേ അമ്മയൊരുക്കിയിരുന്നു ഒരു കുഞ്ഞു തുമ്പപൂക്കളം. തുമ്പയും തുളസിയും പിന്നെ തുമ്പികളും.

” മദ്യം കഴിക്കാറുണ്ടോ “? ഭാര്യയുടെ മുന്നിൽ വച്ച് നാട്ടിലെ പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധന്റെ ചങ്കിൽ കൊള്ളുന്ന ചോദ്യം. വിയർത്തോ ? ഹേയ് തോന്നിയതാവും. അല്ല വിയർത്തു ബി പി യും കൂടിയെന്ന് തോന്നുന്നു. പെട്ടു പോയി എന്ന തിരിച്ചറിവിനിടയിലും പറഞ്ഞു. ” ഇല്ല ഡോക്ടർ മദ്യപാനമില്ല …” ഞാനിരിക്കുന്നതു ഡോക്ടറിന് മുന്നിലാണോ അതോ ഒരു ജ്യോത്സ്യന് മുന്നിലാണോ എന്നൊരു വേള ശങ്കിച്ചു. ഡോക്ടർ റിപോർട്ടുകൾ കയ്യിലെടുത്തിട്ടു പറഞ്ഞു ” തനിക്കു മദ്യപാനം മാത്രമല്ല അസാരം വലിയുമുണ്ട്. ഞാൻ തന്റെ കൂടെ കൂടി കള്ളം പറഞ്ഞാലും നടക്കുകേല തന്റെ ഭാര്യ കണ്ടു പിടിയ്ക്കും …..എന്നിട്ടു എന്റെ ഇടതു വശത്തെ കസേരയിൽ ഇരിയ്ക്കുന്ന വലതു ഭാഗത്തിനെ നോക്കി …. നഴ്‌സാണെന്നല്ലേ പറഞ്ഞത് ? താനിതൊക്കെ ശ്രദ്ദിക്കണ്ടേ ഇങ്ങനെ പോയാൽ ഇയാളുടെ കാര്യം ബുദ്ധിമുട്ടാവുമല്ലോ “.
വേറെ വഴിയില്ല മിണ്ടാതിരിക്കുന്നതാണ് ബുദ്ധി. വെറുതെ ചമ്മിയ മോന്തായവുമായി തലയും കുമ്പിട്ടു ഇരുന്നു.
അവസ്ഥ മനസ്സിലായ ഭാര്യ രക്ഷയ്ക്കെത്തി. ” അങ്ങനെ അധികമില്ല ഡോക്ടർ ഇടയ്ക്കൊക്കെ ഫ്രണ്ട്‌സ് ആയിട്ട് കൂടാറുണ്ട് ”
ഡോക്ടർ എന്നെയും അവളെയും നോക്കി മെല്ലെയൊന്നു ചിരിച്ചിട്ട് ” ഡോ ഇനി നമുക്കെ ഈ രണ്ടു ശീലവും വേണ്ട കേട്ടോ മരുന്നിന്റെ ഡോസ് ചെറുതായൊന്നു മാറ്റുവാണേ”എന്ന് മാന്യമായി ഉപദേശിച്ചു.
എന്റെ ഭാര്യയോട് ഭയങ്കരമായ സ്നേഹം തോന്നി അവിടെയിരുന്നുരുകുവാൻ വിടാത്തതിൽ ഒപ്പം അവിടെ നിന്നിറങ്ങി കഴിഞ്ഞാലുള്ള അവസ്ഥയോർത്തു ഭയവും.
ഭയപെട്ടപോലെയൊന്നും സംഭവിച്ചില്ല ” മര്യാദയ്ക്കു ജീവിച്ചാൽ കൊച്ചിന്റെ അച്ഛാ എന്ന വിളി കുറേകാലം കൂടി കേൾക്കാം ഇല്ലേൽ ഭിത്തിയിൽ കേറേണ്ടി വരും ”
അത്ര മാത്രം പറഞ്ഞു. ബുദ്ധിമതിയും വിവേകശാലിയുമാണെന്റെ നല്ല പാതി കാലങ്ങൾ കൂടി സ്വവസതിയിലേ ഓണാഘോഷത്തിന് ഭംഗം വരരുതെന്നവൾ തീരുമാനിച്ചിരുന്നു. ഡോക്ടറുടെ നിഗമനങ്ങൾ മുൻകൂട്ടി അറിമായിരുന്ന ഞാൻ അവളെ കൂടാതെ ഡോക്ടറെ കാണുവാൻ ഒരു ശ്രമം നടത്തിയെങ്കിലും വിഫലമായി എന്റെ ആരോഗ്യം അവർക്കാണല്ലോ മുഖ്യം.
ഞാൻ എന്റെ മകളോടൊത്തു തൊടികളിലും മറ്റും ഇറങ്ങി നടക്കുന്നതിൽ പ്രത്യേക ആനന്ദം അനുഭവിച്ചു. അവളോടൊത്തു ആണ് ഞാൻ പൂക്കളിറുക്കുവാനും മറ്റും പോയിരുന്നത്. നാനാ വർണ്ണത്തിലുള്ള പൂക്കൾ തൊടികളിൽ അങ്ങനെ വാരി വിതറിയപോലെ കിടക്കുന്നതു കാണുമ്പോൾ ആ കുരുന്നു മുഖത്തെ സന്തോഷഭാവം വർണ്ണനാതീതമായിരുന്നു. ഞങ്ങളിരുവരും ആയിരുന്നു രണ്ടാം നാൾ ചിത്തിര മുതൽക്കേയുള്ള പൂക്കൾ വീട്ടിലേക്കു എത്തിച്ചിരുന്നത്. ആഘോഷപൂർവ്വമായ അപൂർവ്വമായി കൈവന്ന നാളുകൾ. ഓരോ ദിനവും പൂക്കളമൊരുക്കുവാൻ അവൾ അമ്മയുടെയും അമ്മൂമ്മയുടെയും കൂടെ അതി രാവിലെ തന്നെ മുറ്റത്തു ഹാജരായിരുന്നു. നാളിതുവരെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഭംഗി ഇത്തവണത്തെ അപ്രതീക്ഷിതമായി ആഘോഷിച്ച ഓണാഘോഷത്തിനുള്ളതുപോലെ ഒരു കുളിർമ്മ എനിയ്ക്കനുഭവപ്പെട്ടു.
എല്ലാത്തിനും മീതെ എന്നും എന്റെ കുട്ടിയ്ക്ക് അവളുടെ അമ്മവീട്ടിൽ പോകണമായിരുന്നു. അവിടെയും അവളുടെ അമ്മമ്മയും അച്ചാച്ഛയും അവൾക്കു വേണ്ടി ഒരുക്കി വച്ചിരിയ്ക്കുന്ന പൂക്കളം കാണുകയെന്നതും അതിനു മുന്നിലിരുന്നു ഫോട്ടോയെടുക്കുവാനും അവൾക്കു പ്രത്യേക സന്തോഷമായിരുന്നു.
ഓണപൂക്കളത്തിന്റെ വർണാഭയിൽ മഴവില്ലിൻ പട്ടുനൂലാൽ ഇഴകൾ പാകിയ പാട്ടുപാവാടയുടുത്തും തുമ്പപ്പൂ ഇറുത്തും തുമ്പിയെ പിടിക്കുവാനോടിയും അവളുടെ കൂടെ എന്റെയും എന്റെ ഭാര്യയുടെയും അച്ഛനമ്മമാർ ആ ഓണക്കാലത്തെ എത്രമേൽ ആസ്വദിച്ചുവെന്നത് ഹൃദയഭാഷയിൽ വർണ്ണനാതീതമാണ്.
ഓണത്തലേന്നു ഉത്രാട നാൾ കുട്ടികളുടെ പ്രിയങ്കരമായ ‘പിള്ളേരോണം ‘അവൾക്കും അവളുടെ മാമന്റെ കുട്ടിക്കും വേണ്ടി ഒരുക്കുമ്പോൾ ഗേറ്റിൽ നിന്നും അവൾ വിളിച്ചു ” അച്ഛാ…..” വിളികേട്ടു ഞാൻ ഇറയത്തേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ കാണുന്നത് അവളതാ നാടോടികളെന്നും മറ്റും നമ്മൾ വിളിക്കുന്ന ദേശാടകരായ ഒരു കുടുംബം , ഒരു ദമ്പതികളും ആ അമ്മയുടെ കയ്യിൽ തൂങ്ങി ഒട്ടിയ വയറും മുഷിഞ്ഞ വസ്ത്രധാരണത്തോടെ ഒരു കൊച്ചു പെൺകുട്ടിയും. ഞാൻ തെല്ലു പരിഭ്രമിച്ചു. ” മോളെ വാ ഇങ്ങോട്ടു ” അല്പം ശകാര ഭാവത്തിൽ ഞാൻ അവളെ വിളിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന നാടോടി സംഘത്തെകുറിച്ചുള്ള ഒരു നൂറു കഥകൾ ഒരു നിമിഷം കൊണ്ട് മനസ്സിലൂടെ മിന്നി മറഞ്ഞു. ഞാൻ മുറ്റത്തേക്കിറങ്ങി ചെന്ന് എന്റെ കുട്ടിയുടെ കയ്യിൽ പിടിച്ചു. അവരോടായി ചോദിച്ചു ” എന്താ എന്ത് വേണം”
എന്റെ ശബ്ദത്തിലെ അതൃപ്തിയെ മനസ്സിലാക്കിയിട്ടാവണം ആ പിതാവ് എന്റെ മുഖത്തേക്കും പിന്നീട് അയാളുടെ കുഞ്ഞിന്റെ മുഖത്തേക്കും ദയനീയ ഭാവത്തിൽ നോക്കി. എന്റെ ഉള്ളൊന്നു പിടഞ്ഞു. അവരോടു അവിടെ നില്ക്കു എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചിട്ട് എന്റെ പേഴ്‌സ് എടുക്കുന്നതിനായി മകളുടെ കയ്യും പിടിച്ചു ഞാൻ അകത്തേക്ക് നടന്നു. അപരിചിതരായ ആളുകളെ കണ്ടാൽ മുതിർന്നവരോട് പറയണം തനിയെ പോകരുത് എന്ന് മകളെ ഉപദേശിക്കുവാൻ എന്നിലെ പിതാവ് മറന്നില്ല. പേഴ്‌സ് തുറന്നു ആ മനുഷ്യന്റെ കയ്യിലേക്ക് ഒരു നോട്ട് വച്ച് കൊടുക്കുമ്പോൾ ആ നാടോടി സ്ത്രീ അവരുടെ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു. എന്റെ മകളുടെ തലയിൽ തലോടി. ഞാൻ നോക്കിയപ്പോൾ അതാ എന്റെ മകൾ അവൾക്കു സമ്മാനമായി കിട്ടിയ ഓണക്കോടികളിലൊന്ന് ആ പാവം പെൺകുട്ടിയുടെ നേർക്ക് നീട്ടുന്നു. നല്ല രീതിയിൽ ദേഷ്യം വന്നു എങ്കിലും എന്റെ മകൾ കൊടുത്ത ആ ഓണസമ്മാനം കൈനീട്ടി വാങ്ങുന്ന ആ പൈതലിന്റെ മുഖത്ത് നോക്കി എന്തെങ്കിലും പറയുവാനോ പ്രകടിപ്പിക്കുവാനോ ഞാൻ അശക്തനായിരുന്നു. അവൾ ആ കുഞ്ഞിനോട് പറയുന്നുണ്ടായിരുന്നു ” ദിസ് ഈസ് മൈ ഓണം സർപ്രൈസ് ഫോർ യു ലിറ്റിൽ ഗേൾ” അവളുടെ ഇംഗ്ലീഷ് ആ കുഞ്ഞിന് മനസ്സിലായോ എന്തോ അത് വെളുപ്പില്ലാത്ത കുഞ്ഞിപ്പല്ലു കാണിച്ചു ചിരിയ്ക്കുന്നുണ്ടായിരുന്നു.
ആ ദമ്പതികളുടെ കൈകൾ അവരുടെ നെഞ്ചോടു ചേർത്ത് തൊഴുതു പിടിച്ചിരുന്നു. സംഭവമറിയുവാൻ അങ്ങോട്ട് കടന്നു അമ്മ അവരെ ആഹാരം കഴിയ്ക്കുവാൻ വിളിക്കുന്നതാണ് ഞാൻ കണ്ടത്. എനിയ്ക്കു സത്യത്തിൽ ദേഷ്യം വന്നു എന്നുള്ളത് നേരാണ്. നാടോടി വേഷത്തിലും വീട്ടു സാമാനങ്ങൾ വിൽക്കാനെന്ന വ്യാജേനയും ആക്രി എടുക്കാനുണ്ടോ എന്ന ചോദ്യവുമായും എത്തി കൊള്ളയും കൊലയും നടത്തുന്ന ഭീതിപ്പെടുത്തുന്ന പല കഥകളും ഉള്ളിലുള്ള പ്രവാസിയായ എനിക്ക് അറിയില്ലാത്ത ആളുകളെ സത്കരിക്കുന്ന ഏർപ്പാട് ദേഷ്യമല്ലാതെ മറ്റെന്ത് വികാരമാണ് എന്നിലുണ്ടാക്കുക. ” ഇഡ്ഡലി …ഇഡ്ഡലി … സാമ്പാർ .. വാ ” അവരുടെ ഭാഷ അറിഞ്ഞുകൂടാത്ത എന്റെ പാവം അമ്മയ്ക്കു സഹായത്തിനു കൈവശമുള്ള ഹിന്ദി ഭാഷയുമായി എന്റെ ഭാര്യകൂടി രംഗത്തെത്തിയതോടെ എന്റെ ദേഷ്യം അടങ്ങി. അടങ്ങണമല്ലോ ബി പി അസാരം ഉണ്ടേ. വിശക്കുന്നവനു ആഹാരം കൊടുക്കണമെന്ന നിര്ബന്ധവും ഉയർന്ന മനസ്സും എന്റെ അമ്മയ്ക്കു ഉണ്ടെങ്കിലും അന്യരായ ആളുകളെ പൂമുഖത്തെ കസേര വരെ ആനയിയ്ക്കുവാനുള്ള ധൈര്യമേ ഉള്ളു എന്ന് കൂടെ പറയട്ടെ.
ആ കുരുന്നിന്റെ മുഖം അവൾ ആഹാരം കഴിക്കുന്നത് അല്ല അവളുടെ ‘അമ്മ ഇഡ്ഡലിയും സാമ്പാറും വാരി അതിന്റെ വായിൽ വച്ച് കൊടുത്തു കഴിപ്പിയ്ക്കുന്ന രംഗം അതിപ്പോഴും ഒരു നനവായി ഉള്ളിലുണ്ട്. കുട്ടികളിൽ നിന്നുമൊരുപാട് കാര്യങ്ങൾ എനിക്കിനിയും പഠിക്കുവാനുണ്ടെന്ന ബോധം എനിക്കെന്നോട് തന്നെ അപമാനമായി തോന്നി.
അങ്ങനെ തിരുവോണനാളെത്തി. വലിയ ആഘോഷമായിരുന്നു എന്റെ വീട്ടിലന്നു പത്തു കളം നിറയെ വലിയ പൂക്കളവും മറ്റും കുട്ടികൾക്ക് ഒരാവേശമായിരുന്നു.
ഉച്ചയൂണ് പതിനെട്ടു കൂട്ടവും പായസവും. എല്ലാം അതി വിസ്തരം തന്നെ. പണ്ട് മുതലേയുള്ള ഒരു പതിവുണ്ട്. ഞങ്ങൾക്കു ഉച്ചയൂണിനു എന്റെ അമ്മ വീട്ടിൽ പോയിരിയ്ക്കണം എന്ന് ഞങ്ങളെ കൂടെ കൊണ്ടുപോകാനായി കുഞ്ഞമ്മാവൻ ഉച്ചയ്ക്ക് മുന്നേ ഹാജരാകും. ഞങ്ങൾക്കൊപ്പം ഉച്ചയൂണ് കഴിഞ്ഞു കുഞ്ഞമ്മാവനൊപ്പം പോകുമെല്ലാവരും. പിന്നെയൊരുറക്കം. രാത്രിയിൽ ഭാര്യവീട്ടിലെ ഓണാഘോഷം അളിയനൊപ്പം. അടിപൊളിയൊരോണം അത് വർണ്ണനാതീതമാണ്. അല്ലെങ്കിലും ഈ അളിയൻ -അളിയൻ വൈബ് ഒന്ന് വേറെയാണ്. വരും വഴി എയർപോർട്ടിൽ നിന്നും അളിയന്റെ പേരിൽ വാങ്ങിയ കുപ്പികളിൽ എന്റെ പ്രത്യേക താല്പര്യം അളിയന് മനസ്സിലായത് കൊണ്ടാവാം ഒന്ന് രണ്ടു പെഗ്ഗ് അങ്ങനെ സെറ്റായി ഓണം തകർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അങ്ങനെ അപ്രതീക്ഷിതമായി വീണു കിട്ടിയ ഓണാഘോഷം അവസാനിച്ചു. മധുരമുള്ള അതിലേറെ വേദനാജനകമായ കാത്തിരിപ്പിന്റെ സുഖമുള്ള വിടവാങ്ങലിന് സമയമാഗതമായി തിരിച്ചു പോകുവാനുള്ള തിരക്കിട്ട ഷോപ്പിംഗുകൾ. തയ്യാറെടുപ്പുകൾ. അങ്ങനെ പലതും. ഞങ്ങൾ മൂവരും പറന്നുയർന്നു. കാത്തിരിയ്ക്കുന്ന പ്രിയപ്പേട്ട കൂട്ടുകാരുടെ അരികിലേക്കു അവർക്കുള്ള സമ്മാനങ്ങളും അതിലേറെ മരുന്ന് സഞ്ചികളുമായി എത്രയും വേഗം തിരികെ എത്തുമെന്ന പ്രതീക്ഷയോടെ ഒപ്പം പ്രവാസലോകത്തെ പ്രിയപെട്ടവരുടെ കൂടെ കന്യകാമാതാവിന്റെ ഉദരത്തിൽ ലോകനന്മയ്ക്കായി ഭൂജാതനായ ദൈവപുത്രന്റെ വരവിനെ ആഘോഷിക്കുവാനുള്ള പ്രിയ കരോൾ ചുണ്ടിൽ മൂളികൊണ്ടു വീണ്ടുമൊരു വിമാനയാത്ര.

ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്.
യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.