സ്നേഹപ്രകാശ്. വി. പി.

അയാൾ മരുന്ന് വായിലേക്ക് ഒഴിച്ചുകൊടുത്ത് ടവ്വൽ കൊണ്ട് അവളുടെ ചുണ്ടുകൾ ഒപ്പി. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ രാധ. ആ മുഖത്തേക്ക് കൂടുതൽ നോക്കാൻ ശക്തിയില്ലാതെ, അയാൾ പതിയെ മുറിക്കു പുറത്തേക്കു കടന്നു.

“മാഷേ…ഇനി ഞാനിറങ്ങട്ടെ…. ഈ ചീഞ്ഞ മഴയിൽ വീട്ടിലെത്താൻ ഒരു നേരമാവും….”

വീട്ടിൽ സഹായിക്കാൻ വരുന്ന സുരഭി ജോലി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുകയാണ്.

“നാളെ ഞായറാഴ്ച്ച…ഞാൻ ഉണ്ടാവില്ല… എല്ലാം ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട് …”

അവൾ തുടർന്നു.

അഭ്യസ്തവിദ്യയായ സുരഭി, ഞായറാഴ്ച്ചകളിൽ മാത്രമല്ല, പി. എസ്. സി ടെസ്റ്റുകളോ ബാങ്ക് ടെസ്റ്റുകളോ ഉള്ള ദിവസങ്ങളിലും വരാറില്ല. തികച്ചും ആത്മാർത്ഥതയുള്ള അവൾക്ക് അങ്ങനെ ചില ഇളവുകളും സന്തോഷത്തോടെ അനുവദിക്കാറുണ്ട്. അയാളുടെ മൗനം സമ്മതമായെടുത്ത് കുടയും തുറന്ന് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അവൾ വീണ്ടും പിറുപിറുത്തു.

“നശിച്ച മഴ….”

പുറത്ത് നല്ല മഴ. രാവിലെ തുടങ്ങിയ മഴ സന്ധ്യയാവാറായിട്ടും നിർത്താതെ പെയ്യുകയാണ്. കാറ്റത്ത് ആടുന്ന വൃക്ഷത്തലപ്പുകൾ. കാറ്റിന്റെ ഹുങ്കാരം ചെവികളിൽ മുഴങ്ങുന്നു. ഇന്റർ ലോക്ക് പതിച്ച മുറ്റത്ത് അടുത്ത വീട്ടിലെ തെങ്ങിൽ നിന്നും കാറ്റിൽ വന്നുവീണ ഒരു പഴുത്ത ഓലമടൽ. വീട്ടിനു മുന്നിൽ വളർത്തിയ പാഷൻ ഫ്രൂട്ടിന്റെ പന്തലിനടിയിൽ വീണു കിടക്കുന്ന മഞ്ഞ നിറത്തിലുള്ള കായകളിൽ ചിലത് വെള്ളത്തിലൂടെ ഒലിച്ചു പോയി ഗേറ്റിന്റെ അടിവശത്ത് ഡിസൈൻ ചെയ്ത പോലെ നിരനിരയായി തങ്ങി നിൽക്കുന്നു. പച്ച ചായമടിച്ച ഗേറ്റിനു താഴെ മനോഹരമായ ഇളം മഞ്ഞ ഗോളങ്ങൾ.

കാറ്റ് ശക്തമായപ്പോൾ അയാളുടെ മുഖത്തേക്കും മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. കാറ്റിന്റെ കുസൃതിയിൽ ഒരു നിമിഷം അയാൾ രാധയെ മറന്നു. മഴ അയാളിൽ ഒരു വല്ലാത്തൊരു ആവേശം കുത്തിവെച്ചിരുന്നു. മഴയെ സ്നേഹിക്കാൻ തന്നെ പഠിപ്പിച്ചത് രാധയായിരുന്നു എന്നയാൾ ഓർത്തു. മഴയെ മാത്രമല്ല, സ്നേഹിക്കാൻ പഠിപ്പിച്ചതും രാധയായിരുന്നല്ലോ.

ഏതെല്ലാമോ വഴികളിലൂടെ ഒരുപാട് ദൂരം സഞ്ചരിച്ചിരുന്ന തന്നിൽ രാധ വരുത്തിയ മാറ്റങ്ങൾ ഏറെ വലുതായിരുന്നു. ഒരിക്കൽ സംഭാഷണത്തിനിടയിൽ സ്നേഹമെന്നാൽ കാപട്യമാണെന്ന് പറഞ്ഞ തന്നെ നോക്കി രാധ പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു.

“അതിന് രവി ഇനിയും സ്നേഹിച്ചു തുടങ്ങിയില്ലല്ലോ… ?”

അപ്പോൾ തനിക്കുചുറ്റും വട്ടമിട്ടു പറന്നിരുന്ന ചിത്രശലഭങ്ങൾ …

അയാൾ ഓർക്കാൻ ശ്രമിച്ചു.

“സ്നേഹമെന്താണെന്ന് രവി ഒരു നാൾ പഠിച്ചു തുടങ്ങും… അപ്പോൾ നമുക്ക് ബാക്കി പറയാം.. ”

രാധ വീണ്ടും പൊട്ടിച്ചിരിച്ചു.

പിന്നീട് എപ്പോഴാണ് രാധ തന്നിലേക്ക് വന്നത് എന്ന് ഓർക്കാൻ കഴിയുന്നില്ല. ഒരേ കോളേജിൽ, ഒരേ ഡിപ്പാർട്ട്മെന്റിലെ അധ്യാപകർ. വീടും, അവളുടെ വീട്ടിൽ നിന്നും ഏറെ അകലെയായിരുന്നില്ല.

ഒരു ഞായറാഴ്ച്ച വൈകുന്നേരം വെറുതെ നടക്കാനിറങ്ങിയതായിരുന്നു. പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങിയപ്പോൾ രാധയുടെ വീട്ടിൽ കയറി.

” ഇന്നൊരു നല്ല ദിവസമാണല്ലോ…. ”

രാധ ചിരിച്ചു കൊണ്ട് സ്വാഗതം ചെയ്തു.

“അതെന്താ… ഞാൻ വന്നതുകൊണ്ടാണോ? ”

“ഏയ്‌.. ഒട്ടുമല്ല. മഴ പെയ്യുന്നത് കണ്ടില്ലേ രവി…

ജാള്യത മറച്ചു വെക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ചായയുമായി രാധയുടെ അമ്മ വന്നത് ഒരു ആശ്വാസമായി അയാൾക്ക് തോന്നി. പിന്നെ രാധ മഴയെപ്പറ്റി വാതോരാതെ സംസാരിച്ചു.

പിന്നീടെത്ര സമാഗമങ്ങൾ. മഴയെപ്പറ്റി പറയാത്ത ദിവസങ്ങൾ ഓർക്കാൻ കഴിയുന്നില്ല. അവളുടെ മഴയനുഭവങ്ങൾ ഏറെ വ്യത്യസ്തമായിരുന്നു. കാട്ടിലെ മഴ, ശക്തിയായി മഴ പെയ്യുമ്പോഴുള്ള കടലിന്റെ രൗദ്ര ഭാവം, മൈതാനങ്ങളിൽ കത്തിക്കൊണ്ടിരിക്കുന്ന ഫ്‌ളഡ്‌ലൈറ്റിൽ മഴയുടെ മറ്റൊരു ഭാവം. അങ്ങിനെ മഴയെപ്പറ്റി പറയാൻ തുടങ്ങിയാൽ അവൾക്ക് ആയിരം നാക്കാണ്. അങ്ങിനെ അറിയാതെ മഴ തന്റെയും ദൗർഭല്യമാവുകയായിരുന്നു.

ഒരിക്കൽ കടൽത്തീരത്തെ പൂഴിമണലിൽ ഇരിക്കവേ കടലിലേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു.

” രവി… ഇപ്പോൾ മഴ പെയ്യും.. ”

മഴ നനയേണ്ടി വന്നേക്കുമെന്ന ഭീതിയേക്കാൾ, മഴയുടെ വരവിലുള്ള ഉത്സാഹമായിരുന്നു ആ വാക്കുകളിൽ. പക്ഷേ ഒട്ടും മഴക്കാറില്ലാത്ത, തെളിഞ്ഞ ആകാശം കണ്ടപ്പോൾ രാധ തന്നെ കളിയാക്കുകയാണെന്നാണ് തോന്നിയത്.

” അതിനെന്താ.. നമുക്ക് മഴ നനഞ്ഞേക്കാം.. ”

പറഞ്ഞു തീർന്നതും പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. അതിശക്തിയായ മഴ. തിരിച്ചുള്ള യാത്രയിൽ, മഴയത്ത് ബൈക്കിൽ തന്നോട് ചേർന്നിരുന്നുകൊണ്ട് അവൾ മഴയെപ്പറ്റി പറഞ്ഞു. കടലിലേക്ക് നോക്കി മഴ വരുന്നത് കണ്ടുപിടിക്കുന്ന വിദ്യയെപ്പറ്റി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM

വിവാഹ രാത്രിയിലും മഴയായിരുന്നു. നിറഞ്ഞ വേനലിൽ അന്നു രാത്രി മാത്രം എങ്ങിനെ മഴയുണ്ടായി എന്ന അത്ഭുതത്തിന്, അന്നെന്റെ വിവാഹമായിരുന്നല്ലോ എന്നായിരുന്നു അവളുടെ മറുപടി. !

വീട് വെക്കുമ്പോൾ, വീടിനു മുൻപിലായി ഒരു പുൽത്തകിടിയുണ്ടാക്കാൻ വേണ്ട സ്ഥലം ഒഴിച്ചിടണം എന്നതായിരുന്നു അവളുടെ ഡിമാൻഡ്. മഴ പെയ്യുന്ന രാത്രികളിൽ മഴയെ പുതച്ചുറങ്ങാൻ. പിന്നെ കുറച്ചു വർഷങ്ങളെങ്കിലും ഒന്നിച്ചു ജീവിച്ച്, സ്നേഹിച്ചു മതിയായ ശേഷം മാത്രം കുട്ടികൾ മതിയെന്ന മറ്റൊരു ഡിമാൻഡും വെച്ചിരുന്നു അവൾ.

വീടു വെച്ചു താമസം തുടങ്ങി അധികമായില്ല. എല്ലാം പെട്ടെന്നാണ് കീഴ്മേൽ മറിഞ്ഞത്. എന്തോ അസുഖം അവളെ തളർത്തി. ദിനം പ്രതി ശരീരം ശോഷിച്ചു വന്നു കൊണ്ടിരുന്നു. പരിശോധനകളുടെ ഫലം വന്നപ്പോൾ ശരിക്കും തളർന്നു പോയി. കരളിനാണ് മാരകമായ രോഗം ബാധിച്ചിരിക്കുന്നത്. പൂർണമായും രോഗത്തിന്റെ പിടിയിലായ കരൾ, മാറ്റിവെക്കൽ പോലും സാധ്യമല്ലാത്ത അവസ്ഥ. വൈദ്യശാസ്ത്രത്തിന്റെ എല്ലാ ശാഖകളും അവളുടെ രോഗത്തിനു മുൻപിൽ അടിയറവു പറഞ്ഞു. ഏറെ പ്രസരിപ്പോടെ ഓടിനടന്നിരുന്നവൾ ദിവസങ്ങൾ കഴിയുംതോറും കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പറ്റാത്ത സ്ഥിതിയിലെത്തി. പരസഹായമില്ലതെ നടക്കാൻ പോലും പറ്റാത്ത അവസ്ഥ.

ഉള്ളിൽ നിന്നുമുള്ള രാധയുടെ ചുമ, അയാളെ ചിന്തകളിൽനിന്നും ഉണർത്തി. വാതിലുകൾ പതിയെ ചാരി കിടപ്പുമുറിയിലേക്ക് ചെന്ന് കട്ടിലിൽ ഇരുന്നപ്പോൾ അവൾ ചോദിച്ചു.

“പുറത്ത് മഴ പെയ്യുന്നുണ്ട്.. അല്ലേ…. ”

” ഉം… ”

അയാൾ അലസമായി മൂളി.

“രവി… ഈ ജനൽ അല്പസമയം ഒന്ന് തുറന്നിട്ടുകൂടെ…
ഞാൻ അല്പം മഴ ആസ്വദിച്ചോട്ടേ… ”

“ഡോക്ടർ പറഞ്ഞിട്ടില്ലേ തണുപ്പ് ശരീരത്തിന് നല്ലതല്ലെന്ന്..? ”

” ഒരല്പസമയം മതി.. രവി…ഒരൽപ്പം.. ”

അവൾ, അയാളുടെ കണ്ണുകളിലേക്ക് നോക്കി. അയാൾ എഴുന്നേറ്റു പോയി ജനൽ പാളികൾ അല്പം തുറന്നു വെച്ചു. അയാളുടെ കൈകളിൽ പിടിച്ച് എഴുന്നേറ്റ് അവൾ ജനലിനരികിൽ നിന്ന് പുറത്തേക്ക് നോക്കി.

“എന്തു നല്ല മഴ… ”

അവൾ ദീർഘമായി ഒരു ശ്വാസം ഉള്ളിലേക്കെടുത്തു. മഴയെ പൂർണമായും ഉള്ളിലേക്ക് ആവാഹിച്ചു. മുഖത്ത് സന്തോഷം വിരിഞ്ഞു.

” ആ കവിത ഒന്നു ചൊല്ലൂന്നേ… മഴയെക്കുറിച്ചുള്ള ആ കവിത.. ”

അയാൾ, ഏതോ അജ്ഞാത കവിയുടെ മഴയെക്കുറിച്ചുള്ള കവിത ചൊല്ലാൻ തുടങ്ങി.

” ജാലകത്തിനു പുറത്ത്
മഴ തിമിർക്കുന്നു..
അങ്ങകലെയേതോ
രാപ്പാടി തൻ ശോക രാഗം…

പുറത്തേക്കു മാത്രം തുറക്കുമീ ജാലക വാതിൽ ഞാൻ തുറന്നിടട്ടെ…
പുറത്തേക്ക് മാത്രം തുറക്കുമീ ജാലക വാതിൽ തുറന്നിടുമ്പോൾ,
അകത്തേക്കു മാത്രം തുറക്കുമൊരു ജാലക വാതിലും
തനിയെ തുറന്നിടുന്നു…

മനോഹരമായ വരികളിലൂടെ മഴയെ വർണ്ണിക്കുന്ന, പ്രണയത്തെ വർണിക്കുന്ന, വിരഹത്തെ വർണിക്കുന്ന കവിത. ഓരോ വരികൾ ആലപിക്കുമ്പോഴും അവളുടെ മുഖത്ത് മിന്നി മായുന്ന ഭാവപ്പകർച്ചകൾ. തിരിച്ചു കട്ടിലിലേക്ക് അയാളുടെ കൈകളിൽ തൂങ്ങി നടക്കുമ്പോഴും കവിതയുടെ അവസാന വരികൾ അവൾ മൂളുന്നുണ്ടായിരുന്നു.

“…..പുറത്തേക്ക് മാത്രം തുറക്കുമീ ജാലക വാതിൽ ഞാൻ അടച്ചിടട്ടെ…

അകത്തേക്ക് മാത്രം തുറക്കുമീ ജാലക വാതിൽ ഞാൻ അടയ്ക്കുവതെങ്ങനെ….”

ഒടുവിൽ വളരെ വൈകി ജനലുകളും, വാതിലുകളും അടച്ച് അവർ കിടന്നു.

എപ്പോഴാണ് ഉണർന്നതെന്നറിയില്ല. പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റപ്പോൾ അടുത്ത് കിടന്നുറങ്ങിയിരുന്ന രാധ കട്ടിലില്ലായിരുന്നു. അയാൾ ചാടിയെഴുന്നേറ്റ് ലൈറ്റിട്ടു. മുറിയിൽ പ്രകാശം പരന്നു. കിടപ്പുമുറിയിലൊരിടത്തും അവളുണ്ടയിരുന്നില്ല. ഒറ്റക്ക് നിൽക്കാൻ പോലും കഴിയാത്തവൾ. വാതിൽ തുറന്നു കിടന്നിരുന്നു. അയാൾ പുറത്തേക്കു നോക്കി. അപ്പോഴും ശക്തിയായി മഴ പെയ്യുന്നുണ്ടായിരുന്നു. മഴയെ വകവെക്കാതെ അയാൾ പുറത്തേക്ക് ഓടി. പുറത്തെ കോരിച്ചൊരിയുന്ന മഴയിൽ, പുൽത്തകിടിയിൽ ഒരു പഞ്ഞിക്കെട്ടുപോലെ അവൾ.

നീണ്ടു നിവർന്നു കിടന്ന് അവൾ മഴ നനയുകയായിരുന്നു. അത്‌ അവളുടെ അവസാന മഴയായിരുന്നു.

സ്നേഹപ്രകാശ്.വി. പി.

കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയിരുന്നു. വിരമിച്ചതിനു ശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കവിതകൾ, കഥകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്. 2008 ൽ ബഷീർ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് വേണ്ടി അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്.
പിന്നീട് ചില കൂട്ടായ്മകളുടെ സമാഹാരങ്ങളിൽ. കവിതകൾ എഴുതിയിട്ടുണ്ട്. .”ഉടലുകൾ ” എന്ന 60 കുറുംകഥകളുടെ സമാഹാരം 2021 ൽ പ്രസിദ്ധീകരിച്ചു .