ന്യൂസ് ഡെസ്ക്, മലയാളം യുകെ

2021 ൽ അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ മകനോടൊപ്പം താമസിക്കാനുള്ള മാതാപിതാക്കളുടെ വിസ തള്ളി ഹോം ഓഫീസ്. ഇപ്പോൾ 13 വയസ്സുള്ള അഹ്മദ്, അക്രമണസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് 15,000 പേരെ രക്ഷപ്പെടാൻ സഹായിച്ച ഓപ്പറേഷൻ പിറ്റിംഗിൻ്റെ ഭാഗമായാണ് യുകെയിൽ എത്തിയത്. അന്ന് പത്ത് വയസ്സുകാരനായ അഹ്മദിൻെറ അമ്മാവൻറെയും അമ്മായിയുടെയും കൂടെ ആണ് രാജ്യം വിട്ടത്. 2023 ഫെബ്രുവരിയിൽ, യുകെയിൽ കുട്ടിയുമായി താമസിക്കാൻ വിസയ്ക്ക് അഹ്മദിൻെറ കുടുംബം അപേക്ഷിക്കുകയായിരുന്നു. എന്നാൽ ഈ വിസാ അപേക്ഷ ജൂണിൽ നിരസിക്കപ്പെട്ടു.

അഹ്മദ് സാധുവായ ഒരു സ്പോൺസറല്ലെന്നും അഫ്ഗാൻ പൗരന്മാരുടെ പുനരധിവാസ പദ്ധതിയായ എ.സി.ആർ .എസ് .പ്രകാരമാണ് അഹ്മദ് രാജ്യത്ത് എത്തിയതെന്നും ഹോം ഓഫീസ് അറിയിച്ചു. വിസ നിരസിച്ച് കൊണ്ട് അഹ്മദിൻെറ പിതാവിന് ഹോം ഓഫിസ് നൽകിയ കത്തിൽ കുട്ടിയ്ക്ക് പിതാവിൻെറ ആശ്രിതത്വം ആവശ്യമില്ലെന്ന് പറയുന്നു. അതുകൊണ്ട് തന്നെ വിസാ നിരസിക്കുന്നത് കുട്ടിയുടെ കുടുംബജീവിതത്തിനുള്ള അവകാശത്തെ ലംഘിക്കുന്നില്ലെന്ന് വാദിച്ചു. കൂടാതെ അഫ്‌ഗാനിസ്‌ഥാനിൽ കുടുംബം ഭീഷണികൾ നേരിടുന്നില്ലെന്നും ഹോം ഓഫീസ് പറയുന്നു.

2021-ലെ കുടിയൊഴിപ്പിക്കൽ വേളയിൽ കുടുംബത്തിൽ നിന്ന് വേർപെടുത്തിയ 80 കുട്ടികളിൽ ഒരാളാണ് അഹമ്മദെന്ന് അഹമ്മദിൻ്റെ അഭിഭാഷക ഹെലീന കുള്ളൻ പറയുന്നു. രണ്ട് രാജ്യങ്ങളിലായി വേർപെട്ടു പോയ കുടുംബം വീണ്ടും ഒന്നിക്കാനായി മൂന്ന് വർഷത്തിൽ അധികമായി പ്രയത്നിക്കുകയാണ്. കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ടിവന്നതിന് പിന്നാലെ അഹ്മദിൻെറ മാനസികാരോഗ്യം മോശമാകുന്നതായി സേഫ് പാസേജ് ഇൻ്റർനാഷണലിൻ്റെ സിഇഒ ഡോ. വാൻഡ വൈപോർസ്ക പറഞ്ഞു. സംഭവത്തോട് പ്രതികരിച്ച ഹോം ഓഫീസ് എല്ലാ അപേക്ഷകളും വ്യക്തിഗത മെറിറ്റുകളെ അടിസ്ഥാനമാക്കിയാണ് അവലോകനം ചെയ്യുന്നതെന്ന് പ്രതികരിച്ചു.