അനുജ സജീവ്

എന്തോ തട്ടിമറിയുന്ന ശബ്ദം കേട്ടാണ് നിത്യ ഉറക്കം ഉണരുന്നത്.”” എനിക്ക് ഒരു വർക്ക് ചെയ്തു തീർക്കാനുണ്ട് ”

എന്നു പറഞ്ഞ് വിനു വെളുപ്പിനെ എഴുന്നേറ്റു പോയതാണ്. “”എവിടെ പോയതാണോ?” “” എന്താണ് ശബ്ദം”

എന്നുറക്കെ ചോദിച്ചുകൊണ്ട് നിതു കട്ടിലിൽ നിന്നും ചാടിയിറങ്ങി ഓടിയെത്തി. തറയിൽ നിറങ്ങൾ ചാലിക്കുന്ന വെള്ളപാത്രം മറിഞ്ഞുകിടപ്പുണ്ട്. കറുത്ത നിറത്തിലുള്ള വെള്ളം അവിടെയെല്ലാം ഒഴുകി കിടക്കുന്നു.

“”കണ്ടതു നന്നായി അല്ലെങ്കിൽ ഞാനിപ്പോൾ തറയിൽ കിടന്നേനെ” അവൾ വെള്ളം തുടയ്ക്കാനായി ഒരു തുണിക്കുവേണ്ടി തിരഞ്ഞു. അപ്പോളാണ് ജനാലയക്കടുത്തിരിക്കുന്ന പൂച്ചയെ കണ്ടത്. കാലും കയ്യുമെല്ലാം കളറുവെള്ളത്തിൽ മുങ്ങിയിരിക്കുന്നു. നക്കി തുടയക്കുകയാണ്.

“”പണികിട്ടിയല്ലേ…” ഉള്ളിൽ ചിരി വന്നുവെങ്കിലും ദേഷ്യം കൊണ്ടു മുഖം ചുവന്നു.

“” വിനൂ … വിനൂ …. നീ എവിടെപ്പോയി ….. ഇതു കണ്ടില്ലേ …..”

അപ്പോഴാണ് അവളുടെ കണ്ണുകൾ അവൻ വരച്ച പുതിയ ചിത്രത്തിലുടക്കിയത്. “” വർണ്ണങ്ങളുടെ ഒരു മായാജാലം” പൂക്കളം പോലെ. അവൾ പതിയെ ചിത്രത്തിൽ തൊട്ടു. മഞ്ഞ നിറമുള്ള ചെമ്പകപ്പൂക്കൾ, ചുവപ്പു നിറമുള്ള ചെത്തിപ്പൂക്കൾ, ചെമ്പരത്തിപ്പൂക്കൾ, പനി നീർപ്പൂക്കൾ, വെള്ളനിറത്തിലുള്ള തുമ്പപ്പൂക്കൾ, മന്ദാരപ്പൂക്കൾ, പിച്ചിപ്പൂക്കൾ, മുല്ലപ്പൂക്കൾ …….. പല പല നിറത്തിലുള്ള കാട്ടുപൂക്കൾ……… മനസ്സ് ദൂരങ്ങൾ താണ്ടി ഒരു ചെറു ഗ്രാമത്തിൽ ചെന്നു നിന്നു. പെട്ടെന്ന് കാൽ പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ ചിരിച്ചുകൊണ്ട് മുന്നിൽ നിൽക്കുന്ന വിനു. കൈയ്യിലെന്താണ് …….? മഞ്ഞ ചെമ്പകപ്പൂക്കൾ കൊണ്ടുള്ള ഒരു മാല. അവന്റെ കൈയ്യിൽ നിന്നും ഊർന്നു മാറുമ്പോൾ ചെമ്പകപ്പൂക്കൾ നിത്യയുടെ കൈയ്യിൽ വന്നു. വിനുവിനോട് എത്ര തവണ ആവശ്യപ്പട്ടതാണ് ഈയൊരു മാലയ്ക്കു വേണ്ടി. “” ഇന്നെന്താ അതിരാവിലെ മാലകൊണ്ടൊരു പ്രണയം”

“”ഇന്ന് ഓണമാണ് ….. തിരുവോണം ” കാതുകളിൽ അവന്റെ മധുര സ്വരം. ….. നിത്യ പതിയെ ജനാലയ്ക്കരികിലേക്കു നടന്നു. മുന്നിൽ പടുകൂറ്റൻ കെട്ടിടങ്ങളുടെ നീണ്ട നിര……

ഇവിടെവിടെ ഓണം. മഞ്ഞപ്പൂക്കളെ മുഖത്തേക്ക് ചേർത്ത് വാസന നുകർന്നപ്പോൾ വീണ്ടും ആ ചെറിയ ഗ്രാമത്തിൽ എത്തിയപോലെ..

നിത്യാ …… നിത്യാ ….. കതകിൽ കൊട്ടിയുള്ള വിളികേട്ടാണ് നിത്യ കണ്ണു തുറന്നത്. കണ്ണു തിരുമ്മി എണീറ്റു വന്നപ്പോളാണ് മുറ്റത്തു നിൽക്കുന്ന കൂട്ടികളുടെ ഒരു സംഘത്തെ കാണുന്നത്.

“” പൂക്കൾ പറിക്കേണ്ടേ …… ” വരൂ …….” ഉണ്ണിച്ചേട്ടനും ശങ്കരനും അപ്പുവുമെല്ലാം ധൃതി പിടിക്കുന്നു. പിന്നെ മഞ്ഞിനെ വകഞ്ഞുമാറ്റി ഓട്ടമാണ് തൊടിയിലേക്ക്. നിത്യയുടെ കണ്ണുകൾ ആദ്യം പതിഞ്ഞത് ഒരു കുഞ്ഞു പൂവിലാണ്. വെളുത്ത തുമ്പപ്പൂക്കൾ പിച്ചുന്ന ജോലി നിത്യയെ ഏല്പിച്ച് സംഘം മുന്നോട്ട് നടന്നു. മഞ്ഞിന്റെ അകമ്പടിയിൽ കുഞ്ഞിക്കണ്ണുകൾ തുറക്കാൻ വെമ്പൂന്ന തുമ്പപ്പൂക്കളെ വളരെ ശ്രദ്ധയോടെ പൂക്കുടയ്ക്കുള്ളിലാക്കുകയാണ് നിത്യ. രക്ത വർണ്ണത്തിൽ വിരിഞ്ഞു നിൽക്കുന്ന കുട ചെത്തിയിൽ നിന്നും പൂക്കൾ പൊട്ടിച്ചെടുക്കുമ്പോൾ ഉണ്ണിച്ചേട്ടന്റെ പൊട്ടിച്ചിരിയും അപ്പുവിന്റെ ഓട്ടവും ചാട്ടവും ഒരു പോലെ. ഉറുമ്പു കടിച്ചിട്ടുണ്ടാവും ….. ശങ്കരനും ദേവുവും കൊങ്ങിണിപ്പൂക്കൾ ശേഖരിക്കുന്ന തിരക്കിലാണ്. ഓറഞ്ച് നിറത്തിലുള്ള കൊങ്ങിണിപ്പൂക്കൾ. മുറ്റത്തു നില്ക്കുന്ന ചെടികളിൽ നിന്നും മുല്ലയും മന്ദാരവും പിച്ചാം. പിന്നെ തൊടിയിൽ വിരിഞ്ഞു നിൽക്കുന്ന പലനിറത്തിലുള്ള കാട്ടുപൂക്കൾ…….

“ മൊട്ടുകൾ ആരും പറിച്ചെടുക്കല്ലേ ……. നാളയും വേണ്ടേ……” ഉണ്ണിച്ചേട്ടന്റെ ശബ്ദം. എല്ലാം കൂടയ്ക്കുള്ളിലാക്കി തറവാടിന്റെ മുറ്റത്തേക്ക്. ലക്ഷമിയേടത്തി അവിടെ പൂക്കളം ഡിസൈൻ ചെയ്യുകയാണ്. പൂക്കളെല്ലാം നിരത്തുമ്പോൾ അപ്പുവും ശങ്കരനും തമ്മിൽ നല്ല വഴക്ക് പതിവാണ്. അവിടെ മഞ്ഞപ്പൂക്കൾ എന്നു ശങ്കരൻ പറയുമ്പോൾ “”നീല മതി ” എന്ന് അപ്പു. ഉമ്മറത്തിരിക്കുന്ന അച്ചമ്മയുടെ തീരുമാനം അന്തിമം. എന്തു രസമായിരുന്നു ആ നാളുകളിൽ ….. നിത്യ ജനലഴികളിലേക്കു തല ചായ്ച്ചു. കൈയ്യിലിരിക്കുന്ന മഞ്ഞപ്പൂക്കൾ അവളെ നോക്കി ചിരിച്ചു. മുറ്റത്തെ ചെമ്പകമരത്തിൽ നിന്നും അച്ഛൻ മഞ്ഞപ്പൂക്കൾ പൊട്ടിച്ചുതരുന്നത് ഓർത്തു. പിന്നീട് ഇപ്പോളാണ് ഇവ കൈയ്യിൽ കിട്ടുന്നത്. പൂക്കൾക്ക് എന്തൊരു സുഗന്ധമാണ്. അച്ഛന്റെ ഓർമ്മയിൽ അവളുടെ കണ്ണുകൾ നനഞ്ഞു. നിത്യാ.. വരൂ.. നമുക്ക് കിച്ചണിലേയ്ക്കു പോവാം.. വിനു വിളിക്കുന്നു. ഓർമ്മകളിൽ നിന്നും മോക്ഷം കിട്ടുകയാണോ..

അനുജ.കെ : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍   ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .