ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് സംഘടിപ്പിക്കുന്ന ഷെഫ് 2024 മത്സരത്തിന്റെ അവസാന റൗണ്ടിൽ സസെക്സിൽ നിന്നുള്ള മലയാളിയായ സെൽജൻ അർഹത നേടി. സെൽജനും കൂട്ടത്തിൽ അവിനാഷുമാണ് ഒക്ടോബർ 14-ാം തീയതി ആരംഭിക്കുന്ന അവസാന റൗണ്ടിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിൻറെ വിവിധ സ്ഥലങ്ങളിലെ എൻഎച്ച്എസ്സിന്റെ ഷെഫുമാർ മാറ്റുരയ്ക്കുന്ന മത്സരത്തിൽ 8 ടീമുകളാണ് അവസാന റൗണ്ടിൽ എത്തിച്ചേർന്നത്. സെമിഫൈനലിൽ സെൽജനും അവിനാഷും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് ചിചെസ്റ്റർ & വർത്തിംഗ് കേറ്ററിംഗ് മേധാവി ടോണി ഷിയ പറഞ്ഞു.
ആരോഗ്യകരമായ ഭക്ഷണവും പാചക മികവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് എൻഎച്ച്എസ് വർഷംതോറും നടത്തുന്ന ഷെഫ് മത്സരങ്ങൾ. വിവിധ എൻ എച്ച് എസ് ട്രസ്റ്റുകളിൽ നിന്നുള്ള ഷെഫുകൾക്ക് അവരുടെ കഴിവും സർഗാത്മകതയും പ്രദർശിപ്പിക്കുന്നതിന് അനുയോജ്യമായ വേദിയാണ് ഈ മത്സരങ്ങൾ. രുചികരമായ ഭക്ഷണം ഒരുക്കുന്നതിനൊപ്പം കർശനമായ മാർഗനിർദ്ദേശങ്ങൾ പാലിക്കുകയും പോഷക സമൃദ്ധവും ആരോഗ്യകരവുമായ വിഭവങ്ങൾ തയ്യാറാക്കുക എന്നതാണ് ഷെഫ് മത്സരത്തിൽ പങ്കെടുക്കുമ്പോൾ നേരിട്ട വെല്ലുവിളിയെന്ന് സെൽജിൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
സെൽജിൻ കഴിഞ്ഞ 12 വർഷമായി വെസ്റ്റ് സസെക്സിലെ എൻഎച്ച്എസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഷെഫായി ജോലി ചെയ്യുകയാണ്. ഭാര്യ ലിൻസി സെൽജൻ എൻഎച്ച്എസ് സസെക്സിൽ മെന്റൽ ഹെൽത്ത് നേഴ്സ് ആയി ആണ് സേവനം അനുഷ്ഠിക്കുന്നത്. സെൽജൻ ലിൻസി ദമ്പതികളുടെ മകൻ റോബ്‌സൺ സെൻ്റ് ഓസ്‌കാർ റൊമാരോ കാത്തലിക് സ്‌കൂളിൽ ഒമ്പതാം ക്ലാസ്സിലും മകൾ റോസന്ന ഇംഗ്ലീഷ് മാർട്ടിസ് സ്കൂളിൽ അഞ്ചാം ക്ലാസ്സിലുമാണ് പഠിക്കുന്നത്. 14 വർഷം മുമ്പ് യുകെയിൽ എത്തിയ സെൽജിന്റെ സ്വദേശം വൈക്കത്തിനടുത്തുള്ള കുടവച്ചൂർ ആണ് . മണ്ണത്തലയിൽ എം ജെ ദേവസ്യയുടെയും ഫിലോമിനയുടെയും മകനായ സെൽജിൻ്റെ സഹോദരൻ അലക്സും ഭാര്യ ബിന്ദുവും വെസ്‌റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ ആണ് താമസിക്കുന്നത്. സെൽജൻ്റെ ഏക സഹോദരി സെൽമയുടെ രണ്ടു മക്കളും യുകെയിൽ ആണ്.
Leave a Reply