ലണ്ടന്‍: ഭീകരാക്രമണത്തിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ജനങ്ങള്‍ പൊതു ഇടങ്ങളില്‍ മൊബൈല്‍, ഹെഡ്‌ഫോണ്‍ ഉപയോഗം ഒഴിവാക്കണമെന്ന് ബ്രിട്ടണിലെ മുന്‍ ഭീകരവിരുദ്ധ മന്ത്രി നിര്‍ദേശിച്ചു. ചുറ്റുപാടുകളെ അവഗണിക്കുന്ന ധാരാളം പേര്‍ തന്റെ ഈ മുന്നറിയിപ്പിനെ ഗൗരവമായി കാണണമെന്ന് പൗളിന്‍ നെവില്ലെ ജോണ്‍സ് പറയുന്നു.
സുരക്ഷാ ഭീഷണികളും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ ബാധിക്കുന്നുണ്ട്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനാണ് സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നത്. എന്നാല്‍ ജനങ്ങള്‍ തങ്ങള്‍ക്ക് കഴിയാവുന്നത്ര ജാഗ്രത പുലര്‍ത്തുന്നില്ല. നിങ്ങള്‍ വ്യക്തിപരമായ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നും അവര്‍ ബിബിസി റേഡിയോ4ന്റെ ടുഡേ പ്രോഗ്രാമില്‍ വ്യക്തമാക്കി.

പുതുവത്സര ദിനത്തില്‍ മ്യൂണിക്കിലെ രണ്ട് റെയില്‍വേസ്റ്റേഷനുകള്‍ അടച്ചിട്ടതു പോലുളള നടപടികള്‍ ഇനിയും ഉണ്ടാകാമെന്നും അവര്‍ പറയുന്നു. എല്ലാ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെയും അധികൃതര്‍ ഗൗരവമായി എടുക്കേണ്ടതുണ്ട്. മുന്നറിയിപ്പുണ്ടായിട്ടും ആളുകള്‍ അപകടത്തിലേക്ക് പോകുന്നത് തടയാന്‍ അവരവര്‍ തന്നെ വിചാരിക്കേണ്ടതുണ്ട്.

അതേസമയം ബ്രസല്‍സിലെ പോലെ നഗരങ്ങള്‍ അടച്ചിടണ്ട സാഹചര്യം ബ്രിട്ടനിലില്ലെന്നും അവര്‍ പറയുന്നു. കാരണം ബ്രിട്ടീഷ് അധികൃതര്‍ക്ക് ഭീകരതയെ നേരിട്ട് പരിചയമുണ്ട്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെല്ലാം ഈ കഴിവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. പൊലീസ് ഇന്റലിജന്‍സ് ഏജന്‍സികളും തമ്മില്‍ വളരെ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അവര്‍ അറിഞ്ഞിരിക്കണം.