ഷെറിൻ പി യോഹന്നാൻ

“മഞ്ഞിൽ പുതച്ചുകിടന്ന പുല്ലിൽ കാൽതെന്നിയാണ് നോട്ടമെത്താത്ത കൊക്കയിലേക്ക് വീണത്. എവിടെയോ തടഞ്ഞു നിന്നു. മുകളിലേക്ക് മുഖമുയർത്തി അലറുന്നുണ്ട്. മഞ്ഞിലും ആഴത്തിലും പതിച്ച് ശബ്ദം നേർത്ത് ഇല്ലാതാവുന്നു. കോട മൂടി കാഴ്ച മറഞ്ഞു. കണ്ണിൽ ഇരുട്ട് കട്ടപിടിച്ചു. തടഞ്ഞതിൽ നിന്നും ഉടഞ്ഞ് താഴേക്ക്…. ”

മുന്നിലിരുന്ന് ഉറങ്ങരുത്. ഉറങ്ങിയാൽ ജീപ്പ് നിർത്തിയിടും! ഹനുമാൻ ഗീയർ വലിച്ചിട്ട് ഡ്രൈവർ അന്ത്യശാസനം നൽകി. ഓഖാ എക്സ്പ്രസിലെ ഉറക്കമളച്ചുള്ള യാത്രയുടെ ക്ഷീണം ഉച്ചയ്ക്കാണ് ശരീരത്തെ ബാധിച്ചത്. ബൈഡൂർ മൂകാംബിക സ്റ്റേഷനിൽ തീവണ്ടിയിറങ്ങുമ്പോൾ പുതിയ പ്രഭാതമാണ്. കാലി മേഞ്ഞു നടന്ന സ്റ്റേഷനിൽ കാൽപെരുമാറ്റം കൂടി. സ്റ്റേഷന്റെ മുന്നിൽ “മൂകാംബികയിലേക്ക് പൊന്നുപോലെ ഇറക്കിതരാമെന്ന” വാഗ്ദാനവുമായി ടാക്സിക്കാരുണ്ട്. മുഖം കൊടുക്കാതെ, ദിശയറിയില്ലെങ്കിലും നീണ്ടുനിവർന്നു അലസമായി കിടക്കുന്ന റോഡിലേക്ക് നാലു ചെറുപ്പക്കാരിറങ്ങി. സ്റ്റേഷനിൽ നിന്നിറങ്ങി വലത്തേക്കുള്ള റോഡിൽ നേരെ നടന്നാൽ മൂകാംബികയ്ക്കുള്ള ബസ് കിട്ടും. ഒരാൾക്ക് 43 രൂപ. മൂകാംബികയിലെ പ്രഭാതത്തിന് മുല്ലപ്പൂ വാസനയുണ്ട്. മലമുകളിൽ പുക പോലെ മഞ്ഞുയരുന്നുണ്ട്. കാടും തണുപ്പും പിന്നിട്ടു ബസ് മൂകാംബിക സ്റ്റാൻഡിലെത്തും. ഇറങ്ങിമുന്നോട്ട് നടന്നാൽ ഭാഷ അറിയില്ലെന്നോ ദേശം അറിയില്ലെന്നോ ഉള്ള പേടി നിങ്ങളെ പിടികൂടില്ല. ഭയത്തെ അരിച്ചുകളയുംവിധം പരിചിതരെന്നു തോന്നുന്ന കുറെ മനുഷ്യർ ചുറ്റും വന്നുകൂടും. നാല് പേർക്ക് കൂടി ഒരു ദിവസം സ്റ്റേ – 1500 രൂപ. ഡീൽ. എന്റെ ലക്ഷ്യം മൂകാംബികയല്ല. കുടജാദ്രിയാണ്. സമുദ്രനിരപ്പിൽ നിന്നും ഏഴായിരം അടി മുകളിൽ കുടകപ്പാലകൾ പൂത്തുലയുന്ന വനശുദ്ധിയിലേക്കുള്ള യാത്ര.

മൂകാംബികയിലെ പൊള്ളാത്ത ഉച്ചവെയിലിൽ കുടജാദ്രി കുന്നിറങ്ങിയ ജീപ്പിൽ നിന്ന് പുറത്തെത്തി നടുനിവർക്കുന്നവരെ കണ്ടു. ഇന്നുവരെ കേട്ടും അറിഞ്ഞും മനസ്സിലിടംപിടിച്ച ഇടത്തേക്ക് ഞങ്ങൾക്കുവേണ്ടിയും ഒരു ജീപ്പ് കാത്തുകിടക്കുന്നു. ഒരാൾക്ക് 470 രൂപയാണ് ചാർജ്. 400 രൂപ ജീപ്പിനും 70 രൂപ ഫോറെസ്റ്റ് ചെക്ക്പോസ്റ്റിലും നൽകാൻ. കൂടുതലാണെന്ന് തോന്നും. പക്ഷേ ഒരു ജീപ്പ് ഒരുദിവസം ഒറ്റത്തവണ മാത്രമേ പോകൂ. 140 ജീപ്പുകൾ ഉണ്ട്. രാവിലെ ആറുമുതൽ ഉച്ചക്ക് രണ്ടുവരെ മാത്രമേ ജീപ്പ് സർവീസ് ഉള്ളൂ.

കൊല്ലൂരിൽ നിന്ന് കുടജാദ്രിയിലേക്ക് 38 കിലോമീറ്റർ. ഒന്നര മണിക്കൂർ അങ്ങോട്ട്, കുടജാദ്രിയുടെ മുകളിലേക്ക് ഒന്നര മണിക്കൂർ, തിരികെ ഒന്നരമണിക്കൂർ. ആകെ ആറുമണിക്കൂർ നീളുന്ന യാത്ര. എട്ടു പേരുണ്ടെങ്കിലേ ജീപ്പ് സ്റ്റാർട്ട് ആക്കൂ എന്നതാണ് അലിഖിത നിയമം. ഞങ്ങൾ നാലുപേർക്കൊപ്പം അഞ്ചുപേരടങ്ങുന്ന കുടുംബമെത്തി. മുന്നിലെ സീറ്റിൽ ഡ്രൈവറിനടുത്തുള്ള ഇരിപ്പിനൊരു പ്രശ്നമുണ്ട്, രസമുണ്ട്. തുടരേതുടരേ നിർദേശങ്ങൾ കിട്ടും. കമുകിൻ തോട്ടങ്ങളും വയലും നിറഞ്ഞ ഗ്രാമമാണ് ഫസ്റ്റ് ഹാഫ് കാഴ്ച. കാട്ടിലേക്ക് കയറുന്നതിനും മുൻപ് ഒരു സ്റ്റോപ്പുണ്ട്. ഉപ്പിട്ടൊരു സോഡാ ലൈമിൽ മയക്കത്തെ പമ്പകടത്തി. കോൺക്രീറ്റ് റോഡിലൂടെ വണ്ടി കുന്നു കയറുകയാണ്. കാടിനൊപ്പം ഓടിയെത്താനുള്ള ശ്രമം രസകരമാണ്. കയറിവന്ന വഴികൾ നേർത്ത ഞരമ്പുപോൽ മാത്രമായി. ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ ഫീസ് അടച്ചു. കൈയിലുള്ള പ്ലാസ്റ്റിക് അവിടെ ഏൽപ്പിക്കണം. മുന്നോട്ട് ഇനി കൃത്യമായ വഴിയില്ല. ചെമ്മണ്ണും മഴയും കൂടിക്കുഴഞ്ഞ പാത. ഇരിപ്പ് ഉറപ്പിച്ചോളാൻ നിർദേശം. ചുരുളിയിലെന്നപോലെ അവിടം മുതൽ ജീപ്പ് തനിസ്വരൂപം പുറത്തെടുത്തു.

മണ്ണിലും കുഴിയിലും ആഴ്ന്നിറങ്ങിയ ജീപ്പിൽ കുന്നുകയറുമ്പോൾ എടുത്തെറിയപ്പെടുന്ന പ്രതീതിയാണ്. ഓഫ് റോഡിന്റെ ‘ഗോൾഡൻ എക്സാമ്പിൾ’. കുന്നിറങ്ങിവരുന്ന ജീപ്പുകൾക്ക് കടന്നുപോകാനായി നമ്മുടെ വാഹനം പുറകോട്ട് എടുക്കും. ഏതെങ്കിലും മൺതിട്ടയിലോ പാറയുടെ മുകളിലോ ആവും തടഞ്ഞുനിൽക്കുക. കുത്തനെയുള്ള ഒരു കയറ്റത്തിന് മുന്നേ വണ്ടി നിന്നു. നാലു പേരോട് ഇറങ്ങി മുകളിലേക്ക് അല്പം നടക്കാൻ നിർദേശം. വലുത് എന്തിനോ ഉള്ള തയ്യാറെടുപ്പുപോലെ വണ്ടിയുടെ ഗ്ലാസ്‌ ഉയർത്തി വച്ചു. ഫസ്റ്റ് ഗിയറിലാണെന്ന് ഒന്നുകൂടി ഉറപ്പിച്ച് ആക്സിലറേറ്ററിൽ ചവിട്ടിപിടിച്ചു. പാതി ചരിഞ്ഞും കുലുങ്ങിയും കൽച്ചീളുകളിൽ തെന്നിമാറിയും കുത്തനെയുള്ള കടമ്പ കടന്നു. പച്ചപുല്ല് നിറഞ്ഞ കുന്നിനെ കെട്ടിപിടിച്ചു കിടക്കുന്ന കോടയിലേക്ക് വണ്ടി സെക്കന്റ്‌ ഗീയറിട്ട് നീങ്ങി. ആശ്വാസതുരുത്തുപോലെ ഒരിടം. 10 കിലോമീറ്റർ ഓഫ്‌റോഡിന് അന്ത്യം കുറിച്ച് ജീപ്പ് നിന്നു. മൂല സ്ഥാനത്ത് ദേവീക്ഷേത്രം. ഇനി ഒന്നര കിലോമീറ്റർ കാൽനടയായി കയറണം. സമയം ഉച്ചയ്ക്ക് മൂന്നുമണി.

തെക്കുനിന്നെത്തിയ കാറ്റിനൊപ്പം സമയത്തെ പറഞ്ഞുവിട്ട് മലകയറണം. മലമുകളിൽ നിന്നെത്തുന്ന തണുത്ത വെള്ളമെടുത്ത് മുഖം കഴുകി. വഴികളെല്ലാം നീളുന്നത് ഒരിടത്തേക്കാണ്. ആ ഇടത്തേക്കാണ് കാലും മനസും ഉറപ്പിച്ച് കയറിയ ആയിരക്കണക്കിന് മനുഷ്യരുടെ പിറകെ ഞാനും ഞങ്ങളും കയറുന്നത്. മുന്നിൽ പോയവരൊക്കെ നടന്നുതീർത്ത വഴികൾ. കല്ലും കാറ്റും നിറഞ്ഞ കുന്നുകയറ്റം തുടങ്ങി. ആയാസം എന്ന് തോന്നിയത് അതികഠിനമാകുന്നു. എങ്കിലും മുന്നിൽ താണ്ടേണ്ട ദൂരമുണ്ട്. പഞ്ഞിക്കെട്ടുപോലെ കയ്യെത്തും ദൂരത്തു മേഘങ്ങൾ. തൊടാൻ സമ്മതിക്കാത്തതുപോലെ മഞ്ഞതിനെ മറച്ചുപിടിച്ചു. പകരം നനവ് പകർന്നു. തലയിൽ പറ്റിപിടിച്ച മഞ്ഞുതുള്ളികളുടെ നനവ് ഉള്ളിലേക്കും പതിയെ പടർന്നു. വശങ്ങളിൽ കൊക്കയിലേക്ക് ചാടാൻ തയ്യാറെന്നപോലെ മരങ്ങൾ, പച്ചപിടിച്ചു സ്വസ്ഥമായി നിൽക്കുന്ന കുന്നുകൾ. അതിനിടയിലൂടെ ചരൽ നിറഞ്ഞ വഴി. കേറിപോകുന്ന വഴികൾക്കുമുണ്ട് പ്രത്യേകത. നിരപ്പിൽ നിന്ന് പതുക്കെ കൊക്കയുടെ വശം ചേർന്ന് നടക്കേണ്ടി വരും, പിന്നീട് ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ ഇരുട്ടിൽ നീങ്ങേണ്ടിവരും, അടിതെറ്റിയാൽ ആത്മാവ് അന്തരീക്ഷത്തിലേക്ക് ഉയരുമെന്നപോലെ കിടക്കുന്ന പാത പിന്നീടേണ്ടി വരും, ഇരുന്ന് പോകും. പക്ഷേ പിന്മാറരുത്. മരങ്ങൾക്കിടയിലൂടെ കടന്നുവരുന്ന കാറ്റിൽ ഗൂഢഭാഷയിലുള്ള സ്വരങ്ങൾ ഉണ്ട്. മരത്തടികളിലെ പായലിൽ പിറവിയെടുത്ത ബെഗോണിയ പൂക്കൾ തലപൊക്കി നോക്കുന്നുണ്ട്. ഒപ്പമിരുന്ന് പടം പിടിക്കണം. ഇലകൊഴിയും ശിശിരത്തിനപ്പുറം പച്ചിലകളുടെ ഉത്സവമുണ്ടായി. ആ കാലത്താണ് ഞങ്ങൾ കുന്നുകയറിയതെന്ന് ഓർത്ത് ആനന്ദിച്ചു. കാറ്റിനെ തിരിച്ചറിയുന്നത് അനങ്ങുന്ന ഇലകളെ നോക്കിയാണ്. ചലനാത്മകമായ എല്ലാ ജീവിതങ്ങളിലും എന്തോ ഒന്ന് എവിടെനിന്നോ വീശുന്നുണ്ട്.

കോട കാഴ്ച മറച്ചു. കുന്നിറങ്ങി വരുന്നവരെ കണ്ണിൽപെട്ടപ്പോൾ ഇനി എത്ര ദൂരമുണ്ട് ലക്ഷ്യസ്ഥാനത്തേക്കെന്ന് ചോദിച്ചു. ഇതാ അവിടെ എന്നുത്തരം. എവിടെ എന്ന ചോദ്യം ഉള്ളിൽ നിറഞ്ഞു. കാലുകൾ തളർന്നു. ശരീരം വിയർത്തു. തൊണ്ട വരണ്ടു. യാത്രയിൽ യാതനയണഞ്ഞാലും യാത്ര യാതനയാവരുത് എന്നാണല്ലോ. യാത്ര കയ്യെത്തും ദൂരത്ത് കളയാൻ ആവില്ല. പതിയെ കോടയ്‌ക്കൊപ്പം കണ്ടു, കുടജാദ്രി കുന്നിലെ സർവജ്ഞപീഠം. ഭക്തിയോ സാഹസികതയോ ജിജ്ഞാസയോ ആവാം നിങ്ങളെ കുടജാദ്രിയിലേക്ക് നയിക്കുന്നത്. ജ്ഞാനത്തിന്റെ പീഠം ഒരു ആശ്വാസപീഠമാകും. തിരിച്ചറിവും ജീവിതാർത്ഥവും മനസിനെ പിടിച്ചിരുത്തും. ശങ്കരപീഠത്തിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ താഴ്വാരത്ത് കൊല്ലൂർ ക്ഷേത്രം കാണാം. സർവ്വജ്ഞ പീഠത്തിന് അപ്പുറവും വഴികളുണ്ട്. പക്ഷേ ഇപ്പോൾ പോകാനാവില്ല. ഇനിയൊരിക്കൽ.

ഈ സ്ഥലത്തിന്റെ പഴമയിൽ മനുഷ്യരെ സന്തോഷിപ്പിക്കുന്ന എന്തോ ഒന്നുണ്ട്. മനസ് സ്വസ്ഥമാകുന്നു. കോട മാറി വൈകുന്നേരം മുന്നിൽ തെളിയുന്നു. നൂൽമഴയും ശീതക്കാറ്റും നീർച്ചാലും അനുഭവിച്ച് ഇറക്കം. ഞാനെന്നെ അറിയലെന്നാൽ ഞാനില്ലെന്നറിയലാണ്. കാടിന്റെ നിഗൂഢമായ വശ്യതയിലേക്ക് മെല്ലെ മെല്ലെ ആകൃഷ്ടരാകുന്നതോടെ അകവും പുറവുമായുള്ള അന്വേഷണങ്ങൾ എല്ലാം അവസാനിക്കുന്നു. ഇങ്ങനെയുള്ള യാത്രകൾ മനസ്സിൽ കോറിയിടുന്നത് അതാണ്. കുടജാദ്രിയിൽ പോയിട്ടുള്ളവരോട് ചോദിക്കൂ.. ഇനി പോകാനില്ലെന്ന് പറയുന്നവരെ കാണാനാകില്ല. കാരണം നമ്മെ മനുഷ്യനാകുന്ന എന്തോ ഒന്ന് ആ കാടുകളിലുണ്ട്. ഭൂമിയിലെ എണ്ണിയാൽ ഒടുങ്ങാത്ത മനുഷ്യർക്ക് വസന്തോത്സവങ്ങളുടെ നിമിത്തമായി കുടജാദ്രിയുണ്ട്…

ചെഗുവേര തന്റെ സുഹൃത്ത് ആൽബർടോയുമൊത്ത് നടത്തിയ യാത്രയിൽ ഇങ്ങനെ പറയുന്നുണ്ട്;

ഓരോ സാഹസിക യാത്രയ്ക്കും രണ്ട് പ്രധാന ഘട്ടങ്ങളുണ്ട്- യാത്ര തിരിക്കലും മടങ്ങിയെത്തലും. രണ്ടാമത്തെ സൈദ്ധാന്തികകാര്യമെന്നതിനെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന യഥാർത്ഥ നിമിഷവുമായി കൂട്ടിയോജിപ്പിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ മാർഗ്ഗത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കുക. കാരണം, യാത്ര മിഥ്യയായ ഒരിടമാണ്. എപ്പോൾ യാത്ര പൂർത്തിയാക്കുന്നുവോ അപ്പോൾ മാത്രമേ അത് പൂർത്തിയാക്കിയതായി പറയാൻ കഴിയൂ. പൂർത്തിയാക്കലിന് വൈവിധ്യമാർന്ന നിരവധി വഴികളാണുള്ളത്. വഴികൾ അവസാനിക്കുന്നില്ല എന്നാണ് പറയേണ്ടത്…

ഷെറിൻ പി യോഹന്നാൻ

പത്തനംതിട്ട കുന്നംന്താനം സ്വദേശി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാന്തര ബിരുദവും തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദവും നേടി. ചലച്ചിത്ര നിരൂപണങ്ങൾ എഴുതി വരുന്നു. നിലവിൽ മാതൃഭൂമി പത്തനംതിട്ട ബ്യുറോയിൽ റിപ്പോർട്ടറായി പ്രവർത്തിക്കുന്നു.