ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാലസ്തീൻ അനുകൂല പ്രതിഷേധത്തിൽ വംശീയ അധിക്ഷേപം നിറഞ്ഞ പ്ലക്കാർഡുകൾ ഉപയോഗിച്ചെന്ന് ആരോപിക്കപ്പെട്ട 37 കാരിയായ അധ്യാപിക മരീഹ ഹുസൈൻ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി കോടതി. പ്ലക്കാർഡിൽ അന്ന് പ്രധാനമന്ത്രി ആയിരുന്ന ഋഷി സുനകിൻെറയും ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻറെയും മുഖങ്ങൾ തേങ്ങയുടെ ഉള്ളിൽ വ്യക്തമായി കാണാമായിരുന്നു.

എന്നാൽ ഇത് വംശീയ അധിക്ഷേപം അല്ലെന്നും ആക്ഷേപഹാസ്യവും നർമ്മവുമുള്ളതാണെന്നും ഹുസൈൻ്റെ വക്കീൽ വാദിച്ചു. 2023 നവംബറിൽ നടന്ന സംഭവത്തിൽ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ വിധി പ്രസ്താവിച്ചു. അതേസമയം “തേങ്ങാ” ഒരാൾ പുറമേ ഇരുണ്ട നിറമാണെങ്കിലും ഉള്ളിൽ വെളുത്ത ചിന്താഗതിയാണ് എന്ന് കാണിക്കാൻ ഉപയോഗിക്കുന്ന ഒന്നാണെന്ന് പ്രോസിക്യൂട്ടർ ജോനാഥൻ ബ്രയാൻ വാദിച്ചു. ഋഷി സുനകിനെയും സുല്ല ബ്രാവർമാനെയും ചിത്രീകരിച്ചുള്ള പ്ലക്കാർഡിൽ, മരീഹ ഹുസൈൻ കേവലം രാഷ്ട്രീയ പ്രതിഷേധത്തിൽ നിന്ന് വംശീയ അധിക്ഷേപത്തിലേക്കുള്ള അതിരുകൾ കടന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായ പ്രതിഷേധത്തിനുമുള്ള അവകാശത്തിന്മേലുള്ള കടന്നാക്രമണമാണ് ഈ കേസ് എന്നും മരീഹ ഹുസൈൻ്റെ പ്രതിഭാഗം വിമർശിച്ചു. ദുർബല വിഭാഗങ്ങളോടും ന്യൂനപക്ഷ വിഭാഗങ്ങളോടും വിദ്വേഷം കാണിക്കുന്ന നയങ്ങൾക്ക് ആഭ്യന്തര സെക്രട്ടറിയുടെയും പ്രധാനമന്ത്രിയുടെയും നയങ്ങളുടെ പ്രതികരണമാണ് തൻ്റെ പ്ലക്കാർഡെന്ന് തയ്യാറാക്കിയ പ്രസ്താവനയിൽ മരീഹ വിശദീകരിച്ചു. പ്ലക്കാർഡിൻ്റെ മറുവശത്ത് മുൻ ആഭ്യന്തര സെക്രട്ടറിയെ “ക്രൂല്ല ബ്രാവർമാൻ” എന്ന് ചിത്രീകരിച്ചിരുന്നു.