റ്റിജി തോമസ്
വളരെ നാളുകൾക്ക് ശേഷം തിലകവതിയുടെ പ്രൊഫൈൽ ഫോട്ടോ മാറിയിരിക്കുന്നു. നേരത്തെ മയിൽപീലിയും ചിത്രശലഭവും പക്ഷികളും മാത്രം കണ്ടിരുന്ന സ്ഥാനത്ത് ഇന്ന് അവളുടെ തന്നെ ചിത്രമാണ്. ചിത്രം അവളുടെ തന്നെയാണെന്ന് എനിക്ക് തോന്നുന്നതാണോ? ഒരു ദൂരക്കാഴ്ചയാണ് … മരങ്ങൾക്കിടയിൽ പുറംതിരിഞ്ഞ് നിൽക്കുന്ന തിലകവതിയുടെ ചിത്രം .
ഞാൻ തിലകവതിയെ വിളിച്ചു . മൊബൈൽ റിംഗ് ചെയ്യുന്നില്ല. വാട്സ് ആപ്പിൽ വിളിച്ചു. ഒരു പ്രതികരണവുമില്ല. അവൾ എവിടെയായിരിക്കും? ഈ ലോകത്ത് എവിടെയെങ്കിലും അവൾ ജീവനോടെ ഉണ്ടെന്നതിന് ആകെ ഉള്ള തെളിവ് അവളുടെ പുതിയ പ്രൊഫൈൽ ചിത്രം മാത്രമാണ്.
ഒരു മെസ്സേജ് എല്ലാവർക്കും അയച്ചാലോ?
തിലകവതി ജീവിച്ചിരിക്കുന്നു…
പക്ഷേ തിലകവതി ജീവിച്ചിരിക്കുന്നു എന്ന സന്ദേശത്തെ മറ്റുള്ളവർ എങ്ങനെ ഉൾക്കൊള്ളും എന്ന കാര്യത്തിൽ രേണുവിന് സംശയം തോന്നി . അതിന് പ്രധാന കാരണം അവൾ മരിച്ചു എന്ന ആശങ്ക അവർക്ക് ആർക്കും ഇല്ല എന്നതു തന്നെയാണ്. തിലകവതി ഈ ലോകത്തിലില്ല എന്ന വേവലാതി മനസ്സിൽ കൊണ്ടുനടന്ന വേറാരും തന്നെ അവളുടെ സൗഹൃദ വലയത്തിലില്ലല്ലോ…
ഈ ലോകത്ത് അവൾ ജീവിച്ചിരിക്കുന്നു എന്നതിൻറെ തെളിവായ തിലകവതിയുടെ ചിത്രത്തിലേയ്ക്ക് വീണ്ടും വീണ്ടും രേണു കണ്ണോടിച്ചു. ഫോട്ടോ കൂടുതൽ സൂക്ഷ്മമായി നോക്കിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്.
അത് താനെടുത്ത ചിത്രമാണ്. വർഷങ്ങൾക്ക് മുമ്പ് …
കോളേജിൽ നിന്ന് നടത്തിയ യാത്രകളിലാണ് ഞാനും തിലകവതിയും കൂടുതൽ അടുത്തത്. ഞങ്ങൾ പെൺകുട്ടികളുടെ സംഘത്തെ നയിച്ചത് തിലകവതിയായിരുന്നു.
മൂന്ന് മണിക്കൂർ ബസ് യാത്രയുണ്ട് തെന്മലയിലേയ്ക്ക്. അവിടെ നിന്ന് കാട്ടിനുള്ളിലെ താമസസ്ഥലത്തേയ്ക്ക് ചെന്നെത്താൻ ജീപ്പ് തന്നെ ശരണം. എല്ലാവർക്കും നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് തിലകവതി മുന്നിലുണ്ട്. ഇടയ്ക്കൊക്കെ അവളുടെ സംഭാഷണത്തിൽ തമിഴും കേറി വരും. തെങ്കാശിയാണല്ലോ അവളുടെ സ്വദേശം. അവൾക്ക് മലയാളത്തേക്കാൾ കൂടുതൽ വഴങ്ങുന്നത് തമിഴാണ്.
യാത്രയ്ക്കിടയ്ക്ക് പുനലൂരെത്തിയപ്പോൾ ഒരു ബസ് ചൂണ്ടി കാണിച്ച് അവൾ എന്നോട് പറഞ്ഞു .
ഇന്ത ബസ്സ് എന്നുടെ വിടുക്ക് പക്കമാങ്കും പോവത്
മിഴിച്ചു നോക്കിയിരുന്ന എന്നോട് അവൾ പറഞ്ഞു.
എടി…ഈ ബസ് എൻറെ വീടിൻറെ അടുത്തു കൂടിയാ പോകുന്നത്…
ഞങ്ങളുടെ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി ആ ബസ്സിൽ ഓടി കയറും എന്ന ഭാവത്തിലാണ് അവളുടെ സംസാരം. ആ ബസ്സിലുള്ളവരെല്ലാം അവളുടെ സ്വന്തക്കാരാണെന്ന ഭാവത്തിൽ അവൾ അങ്ങോട്ട് വീണ്ടും വീണ്ടും നോക്കി. നിശബ്ദമായി എന്തോ സന്ദേശം അവൾ തന്റെ ഗ്രാമത്തിലേയ്ക്ക് കൈമാറിയതാവാം…
തിലകവതിയുടെ വിവിധ മുഖങ്ങൾ , ഭാവങ്ങൾ അറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ…
ഉൾകാട്ടിലൂടെ താമസസ്ഥലത്തേയ്ക്ക് ഞങ്ങൾ എത്തിച്ചേർന്നു. ഇവിടെ എല്ലാകാര്യത്തിലും അവൾക്ക് ഒരു പരിചിത ഭാവമുണ്ട്. രണ്ടാംവട്ടം ഇവിടെ വന്നതു കൊണ്ടുള്ള പരിചിതമാവാം. ഞാൻ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി.
നിൻറെ പരിചയക്കാരാണല്ലോ ഇവിടെ എല്ലാം ..
ഞാൻ ചോദിച്ചു , എൻറെ ചോദ്യത്തിന് മറ്റ് വല്ല അർത്ഥങ്ങളുണ്ടോ എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. പരിചയക്കാരെന്ന് ഞാൻ പറഞ്ഞത് ആരെ കുറിച്ചാണ്? എനിക്ക് തന്നെ എൻറെ ചോദ്യത്തിനോട് എന്തോ ഒരു വല്ലായ്മ തോന്നി. തിലകവതിയുടെ മുഖത്ത് ഒരു ഗൂഢ മന്ദസ്മിതം വിരിയുന്നത് ഞാൻ കണ്ടു .
ഞാൻ ഇവിടെ പലപ്പോഴും വന്നിട്ടുണ്ട്… അഞ്ച് പ്രാവശ്യമെങ്കിലും… ( തമിഴിൽ )
തിലകവതി പറഞ്ഞു.
എങ്ങനെ ? എപ്പോൾ ? … ഈ കാട്ടിനുള്ളിൽ അവൾ വന്നത് തന്നെയായിരിക്കുമോ?
അവളോട് ചോദിക്കാൻ വാക്കുകൾ നാവിൻ തുമ്പിൽ എത്തിയതാണ്. പക്ഷേ അവളുടെ ഉത്തരം ചിലപ്പോൾ ആവശ്യമില്ലാത്ത പല ചോദ്യങ്ങളും ഉയർത്തിയേക്കാം എന്നതാണ് എൻറെ മുന്നിലുള്ള അടുത്ത പ്രശ്നം. എന്നെ എല്ലാവരിൽ നിന്നും മാറ്റി നിർത്തി അവൾ പറഞ്ഞു.
” ഇവിടെയുള്ള മനുഷ്യരെ മാത്രമല്ല… എല്ലാവരെയും എനിക്ക് പരിചയമുണ്ട്.. നിന്നെ ഞാൻ കാണിച്ചു തരാം…”
അവൾ എന്നെ തൊട്ടടുത്ത പൊട്ട കിണറിനടുത്തേയ്ക്ക് കൊണ്ടുപോയി…
“കഴിഞ്ഞതവണ വന്നപ്പോൾ ഈ കിണറ്റിലെ പൊത്തിൽ ചൂള കാക്കയുടെ കൂടുണ്ടായിരുന്നു… ”
തിലകവതി പറഞ്ഞു.
“ഇത്തവണയും കൂടുണ്ട്…”
ചൂള കാക്കകൾ കുഞ്ഞുങ്ങൾക്ക് ഇര തേടി കൊടുക്കുന്നത് ഒളിച്ചിരുന്ന് അവൾ എനിക്ക് കാണിച്ചു തന്നു. കൂട്ടത്തിൽ വന്നവരെല്ലാം അങ്ങ് മാറി നിന്ന് സംസാരിച്ചു കൊണ്ടിരിക്കുകയാണ്.
“നിനക്ക് പേടിയുണ്ടോ…” “എന്തിന്..” ഞാൻ ചോദിച്ചു .
“നമുക്ക് ഇവിടെയൊക്കെ ഒന്ന് കറങ്ങിയാലോ..”
” ഒത്തിരി ദൂരേയ്ക്ക് പോകണ്ട…” എൻ്റെ ഉത്തരത്തിലെ ഇടർച്ചയുടെ താളം മനസ്സിലാക്കിയിട്ടാകാം അവൾ തുടർന്നു.
” ഇപ്പോഴല്ല… എല്ലാവരും ഉറങ്ങിയിട്ട്…”
” രാത്രിയിലോ.. ” ആ സ്വരത്തിൽ തന്നെ എൻറെ പേടിയും നിഷേധങ്ങളും അടങ്ങിയിരുന്നു.
” ഞാൻ കാട്ടിൽ ആദ്യമായാണ്…”
” നീ പേടിക്കേണ്ട ആരും നമ്മളെ ഒന്നും ചെയ്യില്ല. അവർക്ക് അവരുടെ വഴി. നമ്മൾക്ക് നമ്മുടേതും…”
” ആർക്ക് …ആനയുടെയും പാമ്പിനെയും പുലിയുടെയും കാര്യമാണോ നീ പറയുന്നത്…
“അല്ലടി … അതൊക്കെ ഞാൻ നിന്നോട് പിന്നെ പറയാം …”
അത് പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു . ഞങ്ങൾ എല്ലാവരുടെയും ഒപ്പം ചേർന്നു …
അന്നത്തെ എല്ലാ പരിപാടികളും കഴിഞ്ഞ് എല്ലാവരും ഉറക്കം പിടിച്ചപ്പോൾ രാത്രി പത്ത് മണി കഴിഞ്ഞു. തിലകവതിയും ഞാനും ഉറങ്ങിയിട്ടില്ല. നല്ല തണുപ്പാണ്. ചീവീടുകളുടെ സ്വരം. ഇടയ്ക്ക് പേരറിയാത്ത പക്ഷികളുടെ കുറുകലുകൾ കേൾക്കാം . അതോ ജീവൻ വെടിയുന്നതിന് മുമ്പുള്ള തേങ്ങലുകളാണോ …?
അന്ന് പകല് കാട്ടിലൂടെ നടന്നപ്പോൾ പക്ഷിയെ കണ്ടില്ലെങ്കിൽ പോലും അവരുടെ സ്വരങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ് തിലകവതി പേര് പറഞ്ഞത് ഓർത്തു. കാട്ടുകോഴി… മാക്കാച്ചി കാട…മരതക പ്രാവ് …
അകലെ ഇരുട്ടിലേക്ക് നോക്കി തിലകവതി പറഞ്ഞു
” ഈ കുറുകുന്നത് സൈരദ്രി നത്ത് ആണ് … ബാക്കിയെല്ലാം ഉറങ്ങിയിട്ടുണ്ടാവും … നമ്മുടെ കൂട്ടുകാരെ പോലെ ”
ഇപ്പോൾ ഭയപ്പെടുത്തുന്ന നിശബ്ദതയാണ്…
“നീ എന്താണ് പറയാമെന്ന് പറഞ്ഞത്…”
ഞാൻ ചോദിച്ചു.
അവൾ വാതിൽ തുറന്ന് കാടിൻറെ വന്യതയിലേക്ക് എന്തിനെയോ തേടി ഇറങ്ങുമോ എന്ന് ന്യായമായും ഞാൻ ഭയപ്പെട്ടു. ഞാൻ അവളുടെ കൈയ്യിൽ മുറുകെ പിടിച്ചു. നല്ല ചൂടുണ്ട്.
” നിനക്ക് പനിക്കുന്നുണ്ടോ…”
” ഇല്ല…” (തമിഴിൽ )
ഇരുട്ടത്തും അവളുടെ കണ്ണുകൾക്ക് ഒരു പ്രത്യേകത ഉള്ളതായി എനിക്ക് കാണാമായിരുന്നു. അവൾ എന്തെങ്കിലും ഇനി തമിഴിൽ പറയുമോ എന്ന് എനിക്ക് ഭയം തോന്നി. ഭാഷയുടെ ഒപ്പം അവളുടെ മുഖഭാവങ്ങളും എന്നെ ആശങ്കപ്പെടുത്തുന്നുണ്ട് . തമിഴിൽ സംസാരിക്കുമ്പോൾ അവൾ ഭൂതകാലത്തിലേയ്ക്ക് എവിടെയൊക്കെയോ തൂങ്ങി മറയുന്നതിന്റെ ആഴം എനിക്ക് കാണാം. ചുറ്റും കിടന്നുറങ്ങുന്ന പരിചയക്കാരൊക്കെ വേറെ ആരോ ആണെന്ന് എനിക്ക് തോന്നി. അവൾ മുടി അഴിച്ചിട്ടിരിക്കുകയാണ്. മുടിയിഴകൾക്കിടയിലൂടെ അവൾ ധരിച്ചിരിക്കുന്ന കമ്മലും മൂക്കുത്തിയും എന്നെ അത്ഭുതപ്പെടുത്തി. ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത കമ്മലും മൂക്കുത്തിയും.
” നിനക്ക് പേടിയുണ്ടോ..” ( തമിഴിൽ ) ഞാൻ എന്തിനു പേടിക്കണമെന്ന് ചോദിക്കണമെന്നുണ്ടെങ്കിലും ഒന്നും മിണ്ടാതെ ഞാൻ അവളെ മിഴിച്ചു നോക്കി.
ചീവീടിന്റെ ശബ്ദം ഇപ്പോൾ ചെവികളിൽ തുളച്ചുകയറുന്നത്ര അസഹനീയമാണ് . പണ്ടെങ്ങോ ചീവീടുകളുടെ ശബ്ദം നിലയ്ക്കാൻ ഉറക്കെ കൈകൊട്ടുന്ന വീട്ടിലെ ഓർമ്മ മനസിലേയ്ക്ക് ഓടിയെത്തി … പാതിരാത്രിക്ക് ഈ കാട്ടിനുള്ളിൽ ഉണർന്നിരിക്കുന്നത് ഞങ്ങൾ മാത്രമാണോ?
എനിക്ക് അവളുടെ മുഖം കാണണമെന്നു തോന്നി. ലൈറ്റിട്ടാൽ എല്ലാവരും ഉണർന്നേക്കും. ഞാൻ മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് തെളിയിച്ചു.
കാട്ടിലെ തണുപ്പിലും തിലകവതി വിയർത്തു കുളിച്ചിരുന്നു. അവൾ എൻറെ കൈയ്യിൽ നിന്ന് മൊബൈൽ പിടിച്ചു വാങ്ങി . പിന്നെ അവളുടെ പെട്ടി തുറന്ന് ബാഗിൽ നിന്ന് ഒരു തുണിസഞ്ചി പുറത്തെടുത്തു. തമിഴ് ലിപികളിൽ എന്തോ എഴുതിയ തുണി സഞ്ചി . അതിനുള്ളിൽ വീണ്ടും ഒരു കടലാസ് പൊതി. അതിനുള്ളിൽ നിന്ന് ഒരു പഴയ നോട്ട്ബുക്ക് അവൾ എനിക്ക് എടുത്തു തന്നു. ഒന്ന് മുറുകെ പിടിച്ചാൽ ആ കടലാസ് കഷണങ്ങൾ എൻറെ കൈയ്യിലിരുന്ന് പൊടിഞ്ഞ് ചാരമായി പോകുമോ… ഞാൻ താളുകൾ മറിച്ചു… മങ്ങിയ അക്ഷരങ്ങൾ. മൊബൈൽ വെളിച്ചം ചേർത്തുപിടിച്ചു. എനിക്ക് തമിഴ് വായിക്കാൻ അറിയില്ലെന്ന് അവൾക്ക് അറിയില്ലേ…
” ഇത് എൻറെ മുതുമുത്തശ്ശന് തലമുറകളായി കൈമാറി കിട്ടിയതാ … നീ എന്നെ സഹായിക്കണം … എനിക്ക് ചില കാര്യങ്ങൾ അറിയാനുണ്ട്…”
അവൾ എൻറെ കൈപിടിച്ചു കൊണ്ട് പറഞ്ഞു …
അന്നാണ് ഞാൻ ശ്രദ്ധിച്ചത് അവളുടെ കൈയ്യിൽ നല്ല തഴമ്പാണ്.
അവൾ എൻറെ കൈയ്യിലേയ്ക്ക് ബുക്ക് തന്നു.
താളുകൾ മറിച്ചു നോക്കി.
തമിഴിലാണ് എഴുതിയിരിക്കുന്നതെന്ന്. അവൾക്ക് അറിയാമെന്ന് എനിക്ക് പൂർണ്ണ ബോധ്യമുള്ള കാര്യം വീണ്ടും പറഞ്ഞു.
” എനിക്ക് തമിഴ് അറിയില്ല…”
” നീ ശ്രദ്ധിച്ചോ… ? ഇതിന്റെ കുറെ പേജുകളെ ഉള്ളൂ തമിഴിൽ … പിന്നീട് ഉള്ളതെല്ലാം… എനിക്കും വായിക്കാനറിയില്ല…”
എൻറെ സംസാരത്തിലുള്ളതിലും നിസ്സഹായത നിഴലിക്കുന്ന രീതിയിലായിരുന്നു അവളുടെ ശബ്ദം.
എത്രയോ നാളുകൾ കോളേജ് ഹോസ്റ്റലിൽ ഞങ്ങൾ ഒന്നിച്ച് താമസിക്കുന്നു. മനസ്സിൻറെ എന്തെല്ലാം രഹസ്യങ്ങൾ ഞങ്ങൾ പങ്കിട്ടിട്ടുണ്ട്. എന്നിട്ടും ഞങ്ങളുടെ സൗഹൃദത്തിൻറെ ദുരൂഹത നിറച്ച് ഈ നോട്ട്ബുക്ക് എന്തിനവൾ എന്നിൽ നിന്ന് മറച്ചുവെച്ചു ? നീണ്ട സൗഹൃദ കാലത്ത് ഒട്ടും സംസാരിക്കാതെ ഈ കാടിൻ്റെ വന്യതയിൽ രാത്രിയുടെ നിശബ്ദതയിൽ അർദ്ധരാത്രിയിൽ എന്ത് രഹസ്യമാണ് അവൾക്ക് എന്നോട് കൈമാറാനുള്ളത്. എന്നോട് എന്തോ പങ്കുവയ്ക്കാനുള്ളതിനപ്പുറം അവൾ എന്നിൽ നിന്ന് എന്തൊക്കയാണ് മറച്ചു വയ്ക്കുന്നത് .
വർഷങ്ങൾക്കപ്പുറം തിലകവതിയുടെ മുതു മുത്തശ്ശന്മാരുടെ ആരുടെയോ കാലത്ത് ദേശമാകെ വരണ്ട് ഉണങ്ങി കൃഷി നശിച്ചപ്പോൾ ഇപ്പോഴത്തെ സ്ഥലത്തേക്ക് കുടിയേറിയതാണന്നാണ് അവൾക്ക് പരമ്പരാഗതമായി കിട്ടിയ അറിവ് . പക്ഷേ തിലകവതിയുടെ സ്വപ്നങ്ങളിലെത്തുന്ന കുതിര കുളമ്പടിയുടെ ശബ്ദങ്ങൾക്കൊപ്പം ഒരു പാലായനത്തിന്റെ അവ്യക്ത ദൃശ്യങ്ങൾ അവളെ അലട്ടാൻ തുടങ്ങിയിട്ട് നാളുകളായി . ഇവിടെ ഈ കാട്ടിലെ മലമ്പാതയിൽ ആദ്യമായി വന്നപ്പോൾ വഴിയരികിൽ കുഴിച്ചിട്ടിരിക്കുന്ന ശിലാഫലകങ്ങളിൽ ആർക്കും മനസ്സിലാകാത്ത ലിപികൾക്കും തൻറെ ബുക്കിലെ അക്ഷരങ്ങൾക്കും തമ്മിലെ സാമ്യം മനസ്സിലായപ്പോൾ മുതലാണ് ആവർത്തിച്ചുള്ള സ്വപ്നങ്ങൾ അവളെ അലട്ടാൻ തുടങ്ങിയത്.
പിന്നെ തിലകവതിയുടേത് തൻറെ വേരുകൾ തേടിയുള്ള യാത്രയായിരുന്നു.ചോര ചോള പാണ്ഡ്യ പടയോട്ടത്തിൽ തൻറെ പൂർവികർ പങ്കു ചേർന്ന് രക്ഷപ്പെട്ടെത്തിയ മലമ്പാതകളിലൂടെയാണ് താൻ സഞ്ചരിക്കുന്നതെന്ന് അവൾ തിരിച്ചറിഞ്ഞത് ഇവിടെ വന്നപ്പോഴാണ്. തിലകവതിയുടെ ദേഹം വിറയ്ക്കുന്നത് എനിക്കറിയാം… ഒരു പ്രേതബാധ പോലെ അവൾ വിറയ്ക്കുന്നുണ്ട്.
ഇന്ന് കാടിൻറെ ഉള്ളിലൂടെ നടന്നപ്പോൾ കണ്ട ശിലാഫലകങ്ങളും വഴികളുടെ രേഖാചിത്രങ്ങളും അവളുടെ പഴയ നോട്ട് ബുക്കിൽ കണ്ടപ്പോൾ ഞെട്ടിയത് ഞാനാണ്.
പണ്ട് ഏതോ രാജ്യം പിടിച്ചെടുത്ത് കൊള്ളയടിച്ച ശത്രു രാജാവിൻറെ പടയാളികളിൽ നിന്ന് രക്ഷപ്പെട്ട് തൻറെ പിന്മുറക്കാർ വന്ന മലമ്പാതയിലെ പാദസ്പർശനങ്ങൾ എല്ലാ ദിവസവും തൊട്ടറിയുന്ന തിലകവതിയുടെ മനസ്സിൻറെ ചൂട് എനിക്ക് അനുഭവിക്കാനായി ..
പുസ്തകത്തിൻറെ ചില ഭാഗങ്ങളിൽ രേഖപ്പെടുത്തിയ ഗുഹയുടെ പടങ്ങൾ അവൾ എനിക്ക് കാട്ടിത്തന്നു. ഇത് മുനിയറകളാണ്. തൻറെ ബുദ്ധമത വിശ്വാസികളായ പിതാക്കന്മാർ അവസാനകാലത്ത് വാനപ്രസ്ഥവും നിർവാണവുമായി തിരഞ്ഞെടുത്ത മുനിയറകൾ…
ഇത് എവിടെയാ…
ഞാൻ ചോദിച്ചു .
ഇവിടെ നിന്നും കുറെ പോകണം.
അങ്ങ് അകലെ അഗസ്ത്യാമലയിൽ…
അകലെ എന്ന വാക്ക് തന്നെ എന്നെ ഭയപ്പെടുത്തുന്നതായിരുന്നു . ഇപ്പോൾ തന്നെ കാട്ടിനുള്ളിലാണ്. ഉൾക്കാട്ടിൽ എവിടെയോ മുനിയറകളിൽ തലമുറകൾക്കപ്പുറത്ത് തമിഴ്നാട്ടിലെ ഏതോ രാജവംശത്തിന്റെ പടപ്പുറപ്പാടിന്റെ ബാക്കിപത്രമായി എത്തിച്ചേർന്നവരുമായി പാരമ്പര്യത്തിന്റെ കണ്ണികളിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു പെൺകുട്ടി…
ദിശാസൂചകങ്ങളായി കൈയ്യിലുള്ളത് വർഷങ്ങൾ പഴക്കമുള്ള പൊടിഞ്ഞു പോകാറായ ഒരു നോട്ടുബുക്കും .
മധുരയിൽ നിന്ന് പാണ്ടി മൊട്ട വഴി അഗസ്ത്യ മലയിലേയ്ക്കുള്ള വഴിയുടെ വിശദമായ രേഖാചിത്രം. ഇടയ്ക്ക് വിശ്രമത്തിനുള്ള വെള്ളത്തിന്റെ ലഭ്യതയുള്ള താവളങ്ങൾ വരെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
എനിക്ക് ഈ വഴി ഒന്ന് പോകണം…
ഞാൻ ഒന്നും പറഞ്ഞില്ല എനിക്ക് എന്ത് ചെയ്യാനാകും എന്ന് എൻറെ മുഖഭാവത്തിൽ നിന്ന് മനസ്സിലാക്കിയിട്ടെന്നവണ്ണം അവൾ ദൃഷ്ടി ദൂരത്തേയ്ക്ക് പായിച്ചു . പാതയുടെയും അടയാളങ്ങൾ രേഖപ്പെടുത്തിയ താളുകൾ കാണിച്ച് അവൾ പറഞ്ഞു .
ബുക്കിൽ ചിലയിടങ്ങളിൽ പാണ്ഡ്യന്മാരുടെ വംശ അധികാരത്തിന്റെ മുദ്രയായ പനയും തിരുവിതാംകൂറിന്റെ ശംഖും അവളെനിക്ക് കാണിച്ച് തന്നു.
നീ എത്ര നാളായി ഈങ്ങനെ ചിന്തിക്കാൻ തുടങ്ങിയിട്ട്.
എൻറെ ചോദ്യത്തിന് ഒരു ഇഷ്ടപ്പെടാത്ത നോട്ടമായിരുന്നു അവളുടെ മറുപടി . ഞാൻ അവളെ നിർബന്ധിച്ച് ഉറങ്ങാൻ പറഞ്ഞു. അവൾക്ക് ഉറങ്ങാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അവളുടെ കാടിനോടുള്ള പ്രണയത്തിൻറെ പിന്നിലെ രഹസ്യങ്ങൾ ഇപ്പോൾ മറ്റൊരാൾക്കും മനസ്സിലായതിൻ്റെ തീക്കനൽ അവളുടെ നെഞ്ചിൽ എരിയുന്നുണ്ടാവും
പിന്നീട് കുറെ നാളുകൾ ഞങ്ങൾക്ക് ഈ വിഷയം ഒരു അടഞ്ഞ അധ്യായം ആയിരുന്നു. ഒരിക്കൽ അവളുടെ പിൻകഴുത്തിൽ പച്ചകുത്തിയ പനയുടെ രൂപം വീണ്ടും ആ പഴയ പുസ്തക താളുകളെ കുറിച്ച് അവളോട് ചോദിക്കാൻ എന്നെ പ്രേരിപ്പിച്ചു.
അന്ന് അവൾ പറഞ്ഞ കഥ വേറൊന്നായിരുന്നു. അവൾ കണ്ണകി ക്ഷേത്രത്തിൽ പോയത്രേ…
അവിടെനിന്ന് മധുരയിലേയ്ക്ക് ഒരു രഹസ്യ തുരങ്കമുണ്ടെന്ന് അവളുടെ പഴയ ബുക്കിൽ ഉണ്ടത്രേ.
പടയോട്ടങ്ങളുടെ വിജയ പരാജയങ്ങൾ അനുസ്‌മരിച്ച് തുരങ്കത്തിലൂടെയുള്ള അവളുടെ സ്വപനയാത്രകളിൽ പാണ്ഢ്യന്മാരുടെ അധികാര ചിന്ഹങ്ങളുടെ അടയാളമായി പനയുടെ മുദ്രകൾ അവളുടെ സ്വപ്നങ്ങളിൽ കടന്നു വന്നുവത്രെ .
ഒരിക്കൽ എന്നെ അവളുടെ നാട്ടിൽ കൊണ്ടുപോയി.
എനിക്ക് അവളുടെ അപ്പയോടും അമ്മയോടും ചോദിക്കണമെന്നുണ്ടായിരുന്നു…. തിലകവതി പറയുന്ന പൂർവ പിതാക്കന്മാരുടെ പടയോട്ടത്തെ കുറിച്ചും പാലായനങ്ങളെ കുറിച്ചും ഒപ്പം അവളുടെ വിഭ്രാത്തി നിറഞ്ഞ സ്വപ്നങ്ങളുടെയും കഥകളുടെയും രഹസ്യങ്ങളുടെ വാസ്തവത്തെ കുറിച്ചും…
തിലകവതിയുടെ ചിന്തകളെ കുറിച്ച് അവർക്ക് എന്തെങ്കിലും അറിയാമോ എന്ന് എനിക്ക് സംശയം തോന്നി…
കോളേജിൽ നിന്ന് പടിയിറങ്ങി രണ്ടു വർഷത്തിനുശേഷം മിത്തുകളും സങ്കൽപ്പങ്ങളും കോർത്തിണക്കി ഞാനുമായി പങ്കുവെച്ച കഥകളും അവളുടെ സ്വപ്‍ന സഞ്ചാരങ്ങളും സംയോചിപ്പിച്ചു അവൾ ഒരു ലേഖനം പ്രസിദ്ധികരിച്ചത് എനിക്ക് അയച്ചു തന്നു. അതിർത്തി മുദ്രകൾ എന്നായിരുന്നു അവൾ തന്റെ ലേഖനത്തിന് നൽകിയ പേര് .
ഞാൻ അവൾക്ക് മറുപടി അയച്ചു.
ഇതിൻറെ പേര് തിലകവതിയുടെ സ്വപ്നസഞ്ചാരങ്ങൾ എന്നാകുന്നതായിരിക്കും ഉചിതം.
അവൾ അയച്ച മറുപടിയിൽ ഒരു പനയുടെയും ശംഖിന്റെയും മുദ്രകൾ ഇമോജിയായി ചേർത്തിരുന്നു.
ഇതായിരുന്നു ഞങ്ങൾ തമ്മിൽ നടത്തിയ അവസാനത്തെ ആശയവിനിമയം. പിന്നീട് ഞാൻ അയച്ച സന്ദേശങ്ങൾ ഒന്നും തന്നെ അവൾ കണ്ടിട്ടില്ല. വർഷങ്ങൾക്ക് ശേഷം അവളുടെ സജീവമായ പ്രൊഫൈൽ ഫോട്ടോയിലേയ്ക്ക് ഞാൻ നോക്കി…
എന്നിട്ട് എഴുതി…
തിലകവതി… നീ ജീവിച്ചിരിപ്പുണ്ടോ… അതോ … നിൻറെ സ്വപ്നങ്ങളുമായി ആനന്ത വിസ്മൃതിയിലാണോ… ഇല്ല… ഇതുവരെ അവൾ എന്റെ മെസ്സേജ് കണ്ടിട്ടില്ല.
റ്റിജി തോമസ് :റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
Leave a Reply