കോവിഡ് വീണ്ടും ലോകത്തിന് ഭീക്ഷണിയായേക്കാമെന്ന സൂചന നൽകി ആരോഗ്യ വിദഗ്ധർ രംഗത്ത് വന്നു. പുതിയതും ശക്തവുമായ കോവിഡിന്റെ ജനിതക വക ഭേദങ്ങൾ യൂറോപ്പിലും ലോകമെമ്പാടും വ്യാപിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. കോവിഡിന്റെ പുതിയ വകഭേദങ്ങൾ പടർന്നു പിടിക്കുകയാണെങ്കിൽ അത് എന്തൊക്കെ ആരോഗ്യകരമായ പ്രത്യാഘാതങ്ങൾ ഉളവാക്കും എന്ന ആശങ്ക ശക്തമാകുന്നതാണ് പുതിയ വെളിപ്പെടുത്തൽ.

ജൂണിൽ ജർമ്മനിയിലാണ് കോവിഡിന്റെ അപകടകാരിയായ പുതിയ വകഭേദം കണ്ടെത്തിയത്. XEC എന്ന പേരിലാണ് ഈ പുതിയ ജനിതക വകഭേദം അറിയപ്പെടുന്നത്. നിലവിൽ മൂന്ന് ഭൂഖണ്ഡങ്ങളിലായി 15 രാജ്യങ്ങളിൽ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. തണുത്ത കാലാവസ്ഥ ഉടലെടുക്കുന്നതിനനുസരിച്ച് കടുത്ത പ്രഹര ശേഷിയുള്ളതായി പുതിയ ജനത വകഭേദങ്ങൾ മാറുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.XEC ഇപ്പോൾ ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കാലിഫോർണിയയിലെ സ്‌ക്രിപ്‌സ് റിസർച്ച് ട്രാൻസ്‌ലേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എറിക് ടോപോൾ പറഞ്ഞു. ആരോഗ്യ വിദഗ്ധർ വരും ആഴ്ചകളിൽ വേരിയൻ്റ് നിരീക്ഷിക്കുന്നത് തുടരുമെന്ന് കൈസർ പെർമനൻ്റെ സതേൺ കാലിഫോർണിയയിലെ സാംക്രമിക രോഗങ്ങളുടെ റീജിയണൽ ചീഫ് ഡോ. എലിസബത്ത് ഹഡ്‌സൺ പറഞ്ഞു.

ജർമ്മനി, നെതർലാൻഡ്സ് എന്നിവയുൾപ്പെടെ പടിഞ്ഞാറൻ യൂറോപ്പിൽ XEC റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അത് അതിവേഗം പടരുകയാണെന്നും ഡോ.ഹഡ്സൺ പറഞ്ഞു. ഉയർന്ന തോതിൽ ശരീരോഷ്മാവ് കൂടുന്നതും, തുടർച്ചയായ ചുമ , രുചിയോ മണമോ അറിയാനാകാത്ത അവസ്ഥ, ശ്വാസ തടസ്സം, ക്ഷീണം എന്നിവയാണ് X EC ബാധിച്ചവരുടെ രോഗലക്ഷണങ്ങൾ. കൂടാതെ തലവേദന, തൊണ്ടവേദന , മൂക്കടപ്പ് തുടങ്ങിയ സാധാരണ ജലദോഷത്തിന്റെ രോഗലക്ഷണങ്ങളും ഇവർക്ക് വരാം. യുകെയിലും കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടുന്നത് ആരോഗ്യമേഖലയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്ത് ഓരോ ആഴ്ചയിലും 4.3 ശതമാനം വർദ്ധനവ് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.