ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: കോവിഡ് സമയത്ത് റദ്ദാക്കിയ വിമാനങ്ങൾ റീഫണ്ട് നൽകുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് ബ്രിട്ടീഷ് എയർവേയ്‌സിന് യുഎസ് സർക്കാർ 1.1 മില്യൺ ഡോളർ പിഴ ചുമത്തി. രാജ്യത്തേക്കും പുറത്തേക്കും അടിയന്തിരമായി സർവീസ് നിർത്തിയ വിമാനങ്ങളിലെ യാത്രക്കാർക്ക് സമയബന്ധിതമായി ടിക്കറ്റ് തുക റീഫണ്ട്‌ ചെയ്തില്ലെന്ന് ആരോപിച്ചാണ് നടപടി. എയർലൈനിനെക്കുറിച്ച് 1,200 ലധികം പരാതികൾ ലഭിച്ചെന്നും, പല ഘട്ടങ്ങളിലും യാത്രികരായ ആളുകളെ വലയ്ക്കുന്ന നടപടി ഉണ്ടായിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

ഭാരിച്ച തുകയാണ് പലപ്പോഴും വിമാന കമ്പനികൾ ഈടാക്കുന്നത്. അതിനിടയിലാണ് ഇത്തരത്തിലെ നടപടികൾ. ഈ കാലയളവിൽ നിരവധി മാസങ്ങളോളം ഉപഭോക്താക്കൾക്ക് കസ്റ്റമർ കെയർ അധികൃതരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. ടിക്കറ്റ് റീഫണ്ടിനെ കുറിച്ച് സംസാരിക്കാൻ ശ്രമിക്കുമ്പോൾ മോശമായ സമീപനമാണ് ഇവരിൽ നിന്ന് ഉണ്ടാകുന്നത് എന്നും യാത്രികർ പറഞ്ഞു. ഔദ്യോഗിക വെബ്സൈറ്റ് മുഖേന റീഫണ്ട് അപേക്ഷ സമർപ്പിക്കാൻ മറ്റെല്ലാ ഇടങ്ങളിലും അവസരം ഉണ്ട്. എന്നാൽ ബ്രിട്ടീഷ് എയർവേസിൽ നിഷേധാത്മകമായ സമീപനം ആയിരുന്നു സ്വീകരിച്ചിരുന്നതെന്നും ആളുകൾ കുറ്റപ്പെടുത്തി.

1200 ലധികം പരാതികൾ നിലവിൽ ഇതിന്മേൽ വന്നിട്ടുണ്ട്. എന്നാൽ യാതൊരു വിധ അനുകൂല സമീപനവും അധികൃതരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടില്ല. യു എസ് ഗവണ്മെന്റ് പിഴ ചുമത്തിയത് വലിയൊരു കൂട്ടം യാത്രക്കാർക്ക് ഇപ്പോൾ പ്രതീക്ഷ നൽകിയിരിക്കുകയാണ്. അധികം വൈകാതെ തന്നെ റീഫണ്ട് നടക്കുമെന്നും, ടിക്കറ്റ് തുക നഷ്ടമാകില്ലെന്നും ഉള്ള പ്രതീക്ഷയാണ് യാത്രക്കാർ പങ്കുവയ്ക്കുന്നത്.