ഗംഗ. പി
ഈ വർഷത്തെ മലയാളംയുകെ ഓണം സ്പെഷ്യലിൽ ധാരാളം കഥകളും യാത്രാവിവരണവും ലേഖനവും കവിതകളുമുണ്ട്. ഓരോന്നും പുതുമയാർന്നതും വ്യത്യസ്തതയുമുള്ളതാണ്. ഓണത്തിന്റെ ഓർമ്മകളും മാത്രമല്ല വിവിധതര പ്രമേയങ്ങളും പങ്കുവെയ്ക്കപ്പെടുന്നു. രസിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന എഴുത്തുകളിൽ ഞാൻ വായിച്ച ഏതാനും ചില കഥകളും കവിതകളും എടുത്തു പറയേണ്ടതാണ്.
റ്റിജി തോമസിന്റെ “തിലകവതിയുടെ സ്വപ്നസഞ്ചാരങ്ങൾ “എന്ന കഥയാണ് ആദ്യമായി ചൂണ്ടി കാട്ടേണ്ടത്. സത്യമേത് കഥയേതെന്ന് തിരിച്ചറിയാൻ കഴിയാതെ കുഴയ്ക്കുന്ന തിലകവതിയെന്ന പെൺകുട്ടിയുടെ കഥ. സ്വന്തം വേര് തേടിയുള്ള ഏതൊരു മനുഷ്യന്റെയും യാത്രയായി കാണാം. ഇന്നും മനുഷ്യൻ സ്വന്തം അസ്തിത്വം തിരയുന്ന സാഹചര്യത്തിൽ, ഏതൊരു കാലഘട്ടത്തിലും പ്രസക്തമായ പ്രമേയമാണ്.
“നന്മയുടെ ഓണം എന്ന രാജു കാഞ്ഞിരങ്ങാടിന്റെ കവിത. ഓണത്തിന്റെ നല്ല ഓർമ്മകൾ പകരുന്നതിനൊപ്പം തന്നെ സമൂഹത്തിന്റെ തിന്മയും വറ്റാത്ത നന്മയും കാട്ടി തരുന്നു. ആരുമില്ലാത്തവളെ ചേർത്തു പിടിക്കേണ്ട സമൂഹം തന്നെ അവളെ ചൂഷണം ചെയ്യുന്നു. നന്മയുടെ അംശം അവശേഷിക്കുന്നതിന്റെ തെളിവാണ് ഇതിലെ കഥാപാത്രമായ അമ്മ, ആരോരുമില്ലാത്ത ആ അമ്മയ്ക്കും കുഞ്ഞിനും ഓണക്കോടി സമ്മാനിക്കുന്നത്.
ഓണക്കാലത്തെ ഓർമ്മകളും പ്രതീക്ഷകളും പങ്കുവെയ്ക്കുന്നതാണ് ശ്രീകുമാരി അശോകൻ എഴുതിയ “ഓണത്തുമ്പി പാടൂ നീ “എന്ന കവിത. അതുപോലെ” മാമ്പഴം “എന്ന കവിതയെ കൂടി അനുസ്മരിപ്പിക്കുന്നതാണ് ജേക്കബ് പ്ലാക്കന്റെ കവിത “ഓർമ്മപ്പൂക്കൾ “.ബാബുരാജ് കളമ്പൂരിന്റെ “തപ്തശ്രാവണം ” എന്ന കൃതി നഷ്ടപ്പെട്ടു പോയ ഓണക്കാലവും നന്മയും സന്തോഷവും കൃഷിയും ഓണം ബന്ധപ്പെട്ട എല്ലാത്തിനെയും ഓർമ്മപ്പെടുത്തുന്നു. അവ തിരികെ കിട്ടില്ലെന്ന തിരിച്ചറിവിൽ,എങ്കിലും തിരികെ കിട്ടാനായി ആശിക്കുന്ന മനസ്സിന്റെ വെമ്പലും മനോഹരമായി അവതരിപ്പിക്കുന്നു.
പ്രണയത്തിലെ ചതിയും പ്രതികാരവും അതിന്റെയിടയിൽ പെട്ടുപോകുന്ന ചില ജീവിതങ്ങളുടെയും നേർക്കാഴ്ചയാണ് ഡോ. മായാഗോപിനാഥിന്റെ “പ്രണയനീലം “എന്ന കഥ. പ്രണയത്തിന്റെ ഇരുണ്ടമുഖം കൂടി തുറന്നു കാട്ടുന്നു.
കേരളത്തിൽ കോളിക്കം സൃഷ്ടിച്ച ഒരു റിപ്പോർട്ടും അതിനു പിന്നാലെയുള്ള ചില വെളിപ്പെടുത്തലുകളും പാതാളത്തിൽ വസിക്കുന്ന മാവേലിയെ പോലും പേടിപ്പെടുത്തി. സത്യങ്ങൾക്ക് ഇടയിലെ അസത്യങ്ങൾ പ്രശസ്തിയ്ക്ക് വേണ്ടിയുള്ള ചില നുണകഥകളും മാധ്യമങ്ങളുടെ കച്ചവടക്കണ്ണും വയനാട്ടിലെ ദുരന്തത്തിന്റെ ഓർമ്മപെടുത്തലും സത്യത്തിന്റെയും അസത്യത്തിന്റെയും പോരാട്ടത്തിന് ഇടയിൽ ഓണവും വരവായി. സമൂഹത്തിലേക്ക് കണ്ണു തുറക്കാൻ പ്രേരിപ്പിക്കുന്ന ശ്രദ്ധേയമായ കഥ തന്നെയാണ് ഷിജോ തോമസ് ഇലഞ്ഞിക്കലിന്റെ “മഹാബലി കമ്മീഷൻ റിപ്പോർട്ട് “.
പ്രൊഫ. കവിയൂർ ശിവപ്രസാദിന്റെ എഴുത്ത് നമുക്ക് ധാരാളം അറിവുകൾ പ്രദാനം ചെയ്യുന്നു. ഓണസങ്കൽപ്പവും ഓണത്തെ കുറിച്ചുള്ള പല രേഖകളിലുള്ള പരാമർശവും ബുദ്ധമതസ്വാധീനവും സംഭാവനകളും ആര്യന്മാരുടെ അധിനിവേശവും ഓണം ബന്ധപ്പെട്ട കളികളിൽ ഒളിഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളും എന്നു വേണ്ട ഓണത്തെ പറ്റിയുള്ള ചരിത്രം തന്നെ ഗ്രഹിക്കാൻ സാധിക്കും.
കലാലയജീവിതത്തിലെ ഓണാഘോഷ ഓർമ്മകൾ പങ്കുവെയ്ക്കുന്ന ഓർമ്മകുറിപ്പാണ് ഡോ. ഐഷ. വിയുടെ “കലാലയ കാലത്തെ ഒരു ഓണാഘോഷം “. പല നാട്ടുകാരായ കൂട്ടുകാരുമൊത്തുള്ള ഓണാഘോഷം യഥാർത്ഥത്തിൽ ഒത്തൊരുമയുടെ പ്രതീകമാണ്. ഒപ്പം ഹോസ്റ്റൽ അന്തേവാസികളുടെ ഗൃഹാതുരത്വവും വടക്കൻ കേരളത്തിലെ സദ്യയും എല്ലാം കൊണ്ടും സമ്പന്നമായ ഓണം.
കെ. ആർ. മോഹൻദാസിന്റെ “കാവിലെ സന്ധ്യ”എന്ന കഥ വായിച്ചു കഴിയുമ്പോൾ ഗ്രാമത്തിലെ വേനലാവധിക്കാല ഓർമ്മകൾ മാത്രമല്ല ഒടുവിൽ ചേച്ചിയുടെ പോലെ തന്റെയും പ്രണയത്തിനായിട്ടുള്ള കാത്തിരിപ്പ് തുടങ്ങുന്നതായിട്ടാണ് കഥ അവസാനിക്കുന്നത്.
തിരിച്ചറിയാതെ പോകുന്നയൊരു പ്രണയത്തിന്റെ കഥയാണ് “പെയ്തൊഴിയാതെ “എന്ന തന്റെ കഥയിലൂടെ സതീഷ് ബാലകൃഷ്ണൻ നമ്മളോട് പറയുന്നത്. ചില മനുഷ്യർക്ക് തനിക്ക് ചുറ്റുമുള്ള ഒന്നിനെയും തിരിച്ചറിയാൻ സാധിക്കില്ല. അതേസമയം സുജാതാ അനിലിന്റെ “നീയും ഞാനും തനിച്ചാകുമ്പോൾ “എന്ന കവിത പ്രണയത്തിലെ സൗന്ദര്യത്തെ പകർന്നു തരുന്നു. പ്രണയം മനസ്സുകൾ തമ്മിലാണെന്ന് പഠിപ്പിച്ചു തരുന്ന അതിമനോഹരമായ കഥയാണ് എം. ജി. ബിജുകുമാർ പന്തളത്തിന്റെ “അമൃതവർഷിണി “.
ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സിനിമാ രംഗത്തെ ചൂഷണങ്ങളെ ആസ്പദമാക്കി ശ്രീനാഥ് സദാനന്ദൻ എഴുതിയ കഥ “അഡ്ജസ്റ്റ്മെന്റ് “. കഴിവുള്ളവരെ കൈപിടിച്ചുയർത്തേണ്ടവർ തന്നെ ചൂഷണം ചെയ്യുന്ന അവസ്ഥ. മാതൃഭൂമി അടക്കമുള്ള പ്രമുഖ മാധ്യമങ്ങളിൽ എഴുതുന്ന വൈശാഖിന്റെ പ്ലാൻ ബി എന്ന കവിത വായിക്കുന്നവരിൽ ഒട്ടേറെ അർത്ഥതലങ്ങൾ ജനിപ്പിക്കുന്നതാണ്
നഗരത്തിലെ ഓണവും നാട്ടിൻപുറത്തെ ഓണവും തമ്മിൽ ഒത്തിരി അന്തരമുണ്ട്. നഷ്ടപ്പെട്ടുപോയ ഗ്രാമജീവിതവും ഓണാഘോഷവും ബാല്യവുമെല്ലാം ഓർത്തെടുക്കലാണ് അനുജ സജീവിന്റെ “പൂക്കൾ “എന്ന ചെറുകഥയിലൂടെ. ബാല്യത്തിലെ ഓണത്തിന്റെ ഓർമ്മകളിൽ കൊതിയൂറുന്ന നാടൻ പലഹാരങ്ങളുടെയും പേരുകൾ പങ്കുവെക്കുന്നു ഡോക്ടർ എ. സി. രാജീവ് കുമാർ തന്റെ ലേഖനം “ഒറോട്ടി “യിലൂടെ. അങ്ങനെ എത്ര പറഞ്ഞാലും അവസാനിക്കാത്ത എഴുത്തുകളും പ്രമേയങ്ങളും ഇനിയും ബാക്കിയാണ്.
ഗംഗ. പി : ഒന്നാം വർഷം, എം എ മലയാളം, ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം. സ്വദേശം :പാരിപ്പള്ളി, കൊല്ലം
Leave a Reply