ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഇ – ബൈക്കുകൾ വ്യാപകമായി നിയമവിരുദ്ധമായി പരിഷ്കരിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞവർഷം ലണ്ടൻ സിറ്റിയിൽ നിന്ന് മാത്രം ഈ രീതിയിൽ പരിഷ്കരിച്ച ഒട്ടേറെ ബൈക്കുകൾ ആണ് പിടിച്ചെടുത്തത് . ഇവയിൽ ഭൂരിഭാഗവും ഭക്ഷണം വിതരണം ചെയ്യുന്നവയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
യുകെയിലെ നിയമമനുസരിച്ച് ഇ – ബൈക്കുകളുടെ വേഗ പരുധി 15 .5 മൈലാണ് . ഇതിലും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നതിനായാണ് ഉടമസ്ഥർ ഇ – ബൈക്കുകളിൽ നിയമവിരുദ്ധമായി പരിഷ്കരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം ഇങ്ങനെ പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ നിയമ വിരുദ്ധമായി പരിഷ്കരിച്ച ബൈക്കുകളുമായി ഡെലിവറി നടത്തുന്ന ഡ്രൈവർമാരുമായി സഹകരിക്കുകയില്ലെന്ന് ഫുഡ് ഡെലിവറി സർവീസ് ഡെലിവു അറിയിച്ചു കഴിഞ്ഞു.
ഇ – ബൈക്കുകൾ എന്ന് വിശേഷിപ്പിക്കുമ്പോഴും പെഡലുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ആണ് ഡെലിവറി ചെയ്യുന്നവർ ഉപയോഗിക്കുന്നത്. ഇത്തരം വാഹനങ്ങളുടെ മോട്ടറുകൾ 250 വാട്ട് പവറിൽ കൂടാൻ പാടില്ല. ഇവ ഇലക്ട്രിക്കലി അസിസ്റ്റഡ് പെഡൽ സൈക്കിളുകളാണ് (EAPC). നിയമപ്രകാരം ഇവ ഒരു സൈക്കിൾ പോലെയാണ് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ യുകെയിലെ നിയമപ്രകാരം ഇത്തരം വാഹനങ്ങൾക്ക് ഇൻഷുറൻസ് അടയ്ക്കേണ്ടതില്ല. നിയമവിരുദ്ധമായി ഇത്തരം ബൈക്കുകൾ കൂടുതൽ ശക്തമായ മോട്ടോർ ഘടിപ്പിക്കുന്നതിലൂടെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും. ഇത്തരം ബൈക്കുകൾക്ക് വേണ്ടിയുള്ള മോഡിഫിക്കേഷൻ കിറ്റുകൾ 300 പൗണ്ടിന് ലഭ്യമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം മോഡിഫിക്കേഷൻ കിറ്റുകൾ ഉപയോഗിക്കുന്നതിലൂടെ ഈ വാഹനങ്ങൾക്ക് മണിക്കൂറിൽ 60 മൈൽ സ്പീഡ് വരെ കൈവരിക്കാൻ സാധിക്കും. ലണ്ടൻ സിറ്റിയിൽ മാത്രം കഴിഞ്ഞ വർഷം ഇത്തരം 295 വാഹനങ്ങൾ ആണ് പിടികൂടിയത് .
Leave a Reply