ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനിൽ ഏകദേശം 20 മില്യണ്‍ കുടുംബങ്ങള്‍ 150 പൗണ്ടിന്റെ കൗൺസിൽ ടാക്സ് റിബേറ്റിനായി കാത്തിരിക്കുകയാണ്. ജീവിതച്ചെലവ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമെന്നോണം ഫെബ്രുവരിയിലാണ് ചാൻസലർ നികുതിയിൽ ഇളവ് പ്രഖ്യാപിച്ചത്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നീണ്ട കാലയളവിലാണ് ഈ കിഴിവ് നൽകുക. അതിനാൽ മിക്ക കുടുംബങ്ങളുടെയും കാത്തിരിപ്പ് നീളുകയാണ്. ദീര്‍ഘകാല സമയപരിധി കാരണം ചില കുടുംബങ്ങള്‍ക്ക് ടാക്‌സ് റിബേറ്റ് ലഭിക്കാന്‍ ആറുമാസം വരെ കാത്തിരിക്കേണ്ടിവരുന്നു.

സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ കാരണം ജൂൺ വരെ പണം ലഭിക്കില്ലെന്ന് സൗത്ത് ഡെർബിഷെയറിലെ 39,000 ആളുകളോട് പറഞ്ഞിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി പേയ്‌മെന്റ് സ്ഥാപനമായ ക്യാപിറ്റയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഡിസ്ട്രിക്ട് കൗൺസിൽ വക്താവ് പറഞ്ഞു. ഇതുമൂലം നികുതിയിളവ് ലഭിക്കുന്ന സമയം രാജ്യത്തുടനീളം വ്യത്യസ്തമായിരിക്കും. സെപ്തംബർ 30-നകം പണം നൽകണമെന്ന് സർക്കാർ കൗൺസിലുകളെ അറിയിച്ചിട്ടുണ്ടെങ്കിലും അത് നേരത്തെ ലഭിക്കുമെന്ന് പല കുടുംബങ്ങളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഡെർബി സിറ്റി കൗൺസിൽ, ലണ്ടൻ ബറോ കൗൺസിൽ ഹാവറിംഗ്, റീഡിംഗ് ബറോ കൗൺസിൽ, ലൂട്ടൺ ബറോ കൗൺസിൽ, നോർത്തംബർലാൻഡ് കൗണ്ടി കൗൺസിൽ, നോർത്ത് നോർത്താംപ്ടൺഷയർ കൗൺസിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പദ്ധതി ആരംഭിച്ചിട്ടില്ല.

സമയം നീളുന്നത് തട്ടിപ്പുകാർക്ക് പുതിയ അവസരമൊരുക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. ഫിസിംഗ് ടെക്‌നിക്കുകളും ഫോണ്‍ വിളികളും വഴി ഇവര്‍ വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ കൈക്കലാക്കും. അതിനാൽ ഫോണിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കരുതെന്നും കൗണ്‍സിലുകള്‍ ശക്തമായി ആവശ്യപ്പെടുന്നു. നിങ്ങള്‍ ഏത് അക്കൗണ്ടില്‍ നിന്നാണോ ഡയറക്ട് ഡെബിറ്റ് വഴി ടാക്‌സ് അടയ്ക്കുന്നത് ആ അക്കൗണ്ടിലേക്കായിരിക്കും തുക വരിക. ഇതിനായി പ്രത്യേകിച്ച് ബാങ്ക് വിശദാംശങ്ങള്‍ നല്‍കേണ്ടതില്ല.

ഡയറക്ട് ഡെബിറ്റ് വഴിയല്ല ടാക്‌സ് അടയ്ക്കുന്നതെങ്കില്‍ കൗൺസിലിൽ നിന്ന് കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ഒരു കത്ത് ലഭിക്കും. ഫോണിലൂടെ ബാങ്ക് വിശദാംശങ്ങള്‍ ആവശ്യപ്പെടുകയില്ലെന്ന് ലോക്കല്‍ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.