ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജനങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ യുകെയിൽ ഏറ്റവും കുറവ് ബാങ്ക് ബ്രാഞ്ചുകൾ ഉള്ള സ്ഥലം യോർക്ക് ഷെയർ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇൻറർനെറ്റ് ബാങ്കിങ്ങും മൊബൈൽ ബാങ്കിംഗും വന്നതോടെയാണ് ബാങ്കുകൾ ശാഖകളുടെ എണ്ണം വൻതോതിൽ വെട്ടി കുറച്ചത്. ബ്രാഞ്ചുകളുടെ എണ്ണം വെട്ടി ചുരുക്കുന്നതിലൂടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും വാടക ഇനത്തിലും മറ്റും ബാങ്കുകൾക്ക് വൻ ലാഭം കൊയ്യാൻ സാധിക്കും. എന്നാൽ മൊബൈൽ ബാങ്കിങ് പോലുള്ള ടെക്നോളജിയുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത നല്ലൊരു ശതമാനം ആളുകൾക്ക് ബ്രാഞ്ചുകളുടെ എണ്ണം കുറച്ചത് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.


യോർക്ക്ഷെയറിലും ഹംബർ മേഖലയിലും ഇപ്പോൾ 248 ശാഖകൾ ആണ് അവശേഷിക്കുന്നത് . ഈ ശാഖകൾ 5.6 ദശലക്ഷം ആളുകൾക്കാണ് സേവനം നൽകേണ്ടത്. അതായത് യോർക്ക്ഷെയറിൽ ഓരോ ഒരുലക്ഷം ആളുകൾക്കും 4.4 ശാഖകൾ മാത്രമാണ് ഉള്ളത് എന്നാണ് ഇതിനർത്ഥം. കഴിഞ്ഞ ഒമ്പത് വർഷമായി എന്നന്നേയ്ക്കുമായി അടച്ചു പൂട്ടിയ യുകെ ബാങ്ക് ശാഖകളുടെ എണ്ണം 6000 കടന്നതായാണ് കണക്കുകൾ കാണിക്കുന്നത്. രാജ്യത്ത് ഉടനീളം കണക്കെടുക്കുമ്പോൾ 30 പാർലമെൻറ് മണ്ഡലങ്ങളിൽ ആണ് ഒരു ബാങ്കിന്റെയും ബ്രാഞ്ച് ഇല്ലാതെയുള്ളത്. അതായത് മൂന്ന് ദശലക്ഷം ആളുകൾക്ക് സേവനം നൽകാൻ ഒരു ബാങ്കിൻറെ ബ്രാഞ്ച് പോലും ഇല്ലാത്ത സ്ഥിതിവിശേഷമാണ് ഈ സ്ഥലങ്ങളിൽ ഉടെലെടുത്തിരിക്കുന്നത്‌ .


നിലവിലുള്ള വിവിധ ബാങ്കുകളുടെ 55 ശാഖകൾ കൂടി അടച്ചു പൂട്ടാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകൾ ഈ മാസം ആദ്യം പുറത്തുവന്നിരുന്നു. ഓൺലൈനിലായും മൊബൈൽ ബാങ്കിലൂടെയും പണം ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾ പരമ്പരാഗത കൗണ്ടർ സേവനങ്ങളിൽ താല്പര്യപ്പെടുന്നവരല്ലെന്നതാണ് ശാഖകൾ അടച്ചുപൂട്ടുന്നതിന് ബാങ്കുകൾ നൽകുന്ന വിശദീകരണം . ബാങ്ക് ബ്രാഞ്ചുകൾ അടച്ചുപൂട്ടുന്നത് നിരവധി പേരെ പ്രതികൂലമായി ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് ചില കടയുടമകൾക്കും ചെറുകിട ബിസിനസുകാർക്കും അവരുടെ പണം നിക്ഷേപിക്കാൻ മൈലുകളോളം സഞ്ചരിക്കേണ്ട സാഹചര്യമാണ് പലസ്ഥലങ്ങളിലും നിലനിൽക്കുന്നത്.