ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- യുദ്ധം രൂക്ഷമായി കൊണ്ടിരിക്കുന്ന ലെബനനിൽ നിന്നും പാലായനം ചെയ്യുവാൻ ശ്രമിക്കുന്ന ബ്രിട്ടീഷ് പൗരന്മാരെ സഹായിക്കുവാനായി, യുകെ സർക്കാർ ഒരു ചാർട്ടേർഡ് വാണിജ്യ വിമാനം ക്രമീകരിച്ചതായി വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചിരിക്കുകയാണ്. ലെബനനിലെ സ്ഥിതിഗതികൾ വളരെ മോശം അവസ്ഥയിലാണെന്നും, സാഹചര്യങ്ങൾ വേഗത്തിൽ വഷളാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെക്കൻ ലെബനനിൽ പ്രാദേശിക പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഗ്രൗണ്ട് ഓപ്പറേഷനുകൾ ആരംഭിക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് വിദേശകാര്യ സെക്രട്ടറി ഈ തീരുമാനം അറിയിച്ചത്. ബ്രിട്ടീഷ് പൗരത്വമുള്ളവർക്കും, അവരുടെ ജീവിത പങ്കാളികൾക്കും, 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുമാണ് ഫ്ലൈറ്റ് ഉപയോഗപ്പെടുത്തുവാൻ അർഹതയുണ്ടാവുക. ഗർഭിണികൾ, വൃദ്ധർ തുടങ്ങി ദുർബലരായ ആളുകൾക്ക് മുൻഗണനയുണ്ടാകും.

ബെയ്‌റൂട്ടിൽ നിന്ന് വിമാനം ബുധനാഴ്ച ബ്രിട്ടനിലേക്ക് പുറപ്പെടുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ കണക്കുകൾ പ്രകാരം, ആശ്രിതർ ഉൾപ്പെടെ 4,000 മുതൽ 6,000 വരെ യുകെ പൗരന്മാർ ലെബനനിൽ ഉണ്ടെന്നാണ് കരുതുന്നത്. ബെയ്റൂട്ട്-റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം ചാർട്ടർ ചെയ്യുന്നതിന് യുകെ സർക്കാർ പണം നൽകുമെങ്കിലും, ബ്രിട്ടീഷ് പൗരന്മാർ ഓരോ സീറ്റിനും 350 പൗണ്ട് വീതം ഫീസ് നൽകേണ്ടതുണ്ട്. ബ്രിട്ടീഷ് പൗരന്മാർക്കും ആശ്രിതർക്കും ഫ്ലൈറ്റിൽ ഇടം നേടാൻ അർഹതയുണ്ട്. ബ്രിട്ടീഷുകാരല്ലാതെ വിമാനത്തിൽ കയറുന്നവർക്ക് യുകെയിൽ പ്രവേശിക്കുന്നതിന് കുറഞ്ഞത് ആറ് മാസത്തേക്ക് അനുവദിച്ച വിസ ആവശ്യമാണ്. കൂടുതൽ ചാർട്ടർ ഫ്ലൈറ്റുകൾ ക്രമീകരിക്കുവാൻ ആവശ്യമായ ചർച്ചകൾ നടന്നുവരികയാണെന്ന് വിദേശകാര്യ സെക്രട്ടറി ചൊവ്വാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

വരും ദിവസങ്ങളിലുള്ള ഫ്ലൈറ്റുകൾ ആളുകളുടെ എണ്ണത്തെയും, അതോടൊപ്പം തന്നെ സുരക്ഷാ സാഹചര്യങ്ങളെയും കണക്കിലെടുത്താണ് ഉണ്ടാവുകയെന്ന് വിദേശകാര്യ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. സാഹചര്യങ്ങൾ വളരെ വേഗത്തിൽ രൂക്ഷമാകുന്നതിനാൽ എത്രയും പെട്ടെന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഉറപ്പ് നൽകിയിട്ടുണ്ട്. ലെബനനിലെ ഉദ്യോഗസ്ഥരുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്ച മാത്രം ആയിരത്തോളം ആളുകൾ കൊല്ലപ്പെട്ടതായി വ്യക്തമാക്കുന്നു. ഇറാൻ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള യുദ്ധം അതിശക്തമായ രീതിയിൽ തന്നെ തുടർന്നുവരികയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ഒരു രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്നും, സൈനികമായ വഴിയല്ല ആവശ്യമെന്നും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ഇതിനായി ഇറാനുമായി ചർച്ചകൾ നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.