ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഉക്രൈനിലേയ്ക്കുള്ള സൈനിക അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ സർക്കാരിനെതിരെയും പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെയും യുഎസും യൂറോപ്യൻ സഖ്യ രാജ്യങ്ങളും നിരവധി വിലക്കുകളാണ് ഇതിനകം പ്രഖ്യാപിച്ചിരിക്കുന്നത്. പുടിന്റെ സ്വകാര്യ ആസ്തികൾക്ക് മേലും പാശ്ചാത്യ രാജ്യങ്ങൾ വിലക്കേർപ്പെടുത്തി. എന്നാൽ ഈ വിലക്കുകളും ഉപരോധങ്ങളും യഥാർത്ഥത്തിൽ പുടിനെ ബാധിക്കുമോ എന്നതാണ് ചോദ്യം. പുടിന്റെ സ്വത്ത് വിവരങ്ങളെ പറ്റി പുറം ലോകത്തിന് വലിയ ധാരണയില്ലെന്നതാണ് സത്യം. ലോകത്തെ അതിസമ്പന്നരിൽ ഒരാളാണ് പുടിനെങ്കിലും ഇദ്ദേഹത്തിന്റെ ആസ്തി കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. പുടിന്റെ വിശ്വസ്തരു‌ടെ സങ്കീർണമായ സാമ്പത്തിക പദ്ധതികൾക്കുള്ളിൽ മറഞ്ഞിരിക്കുകയാണ് ഇവയെല്ലാം.

2016 ൽ പുറത്തു വന്ന പനാമ പേപ്പർ റിപ്പോർട്ട് പ്രകാരം, പുടിന്റെ സ്വകാര്യ സ്വത്തുക്കളെല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരിലാണ്. മുൻപ് റഷ്യയിൽ നിക്ഷേപം നടത്തിയ അമേരിക്കക്കാരനായ ബിൽ ബൗഡർ, പുടിനെതിരെ നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായിരുന്നു. പുടിന് 200 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് 2017 ൽ യുഎസ് സെനറ്റിൽ ബിൽ പറഞ്ഞത്. ലോകത്ത് ഏറ്റവും അതിസമ്പന്നനായ ഇലോൺ മസ്കിന് പോലും ഇതിന്റെ പാതിയോളം മാത്രമാണ് ആസ്തി.

പുടിന്റെ വാർഷിക വരുമാനം 1.40 ലക്ഷം ഡോളർ ആണെന്ന് റഷ്യയുടെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. 800 ചതുരശ്ര അടി വലിപ്പമുള്ള ഒരു വീടും സോവിയറ്റ് കാലത്തെ രണ്ട് കാറുകളും ഒരു ഓഫ് റോഡ് ട്രക്കും കാർ ട്രെയ്ലറും ഇദ്ദേഹത്തിനുണ്ടെന്നാണ് ക്രെംലിൻ ഔദ്യോഗിക രേഖകൾ പറയുന്നത്. എന്നാൽ ഈ ഔദ്യോഗിക രേഖകൾ ആരും വിശ്വസിക്കുന്നില്ല. റഷ്യയിൽ തടവിൽ കഴിയുന്ന പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ വെളിപ്പെടുത്തൽ പ്രകാരം യൂറോപ്യൻ രാജ്യങ്ങളിലാണ് പുടിന്റെ നിക്ഷേപമുള്ളത്.

265 അടിയുള്ള ആഡംബര നൗകയായ ‘ഗ്രേസ്ഫുൾ’ ജർമ്മനിയിൽ നിന്ന് റഷ്യയിലേക്കുള്ള യാത്രയിൽ മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഈ കപ്പൽ പുടിന്റെതാണെന്ന് പറയുന്നു. ലോകത്തിലെ ധനികരുടെ ആസ്തി കണക്കാക്കി പട്ടിക പുറത്തു വി‌ടുന്ന ഫോബ്സ് മാ​ഗസിൻ ഇരുപത് വർഷമായി പുടിന്റെ പുറകെ നടന്നിട്ടും ഫലമുണ്ടായില്ല. പു‌ടിന്റെ സ്വത്ത് വിവരങ്ങൾ കണ്ടെത്തുകയെന്നത് ഏറ്റവും അവ്യക്തമായ കടങ്കഥയാണെന്നാണ് ഫോബ്സ് മാ​ഗസിൻ പറഞ്ഞത്. പുടിന്റെ സ്വത്ത് വിവരങ്ങൾ കണ്ടെത്തുക അസാധ്യമാണെന്ന് ചുരുക്കം. അതിനാൽ യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ എന്നിവർ പുടിനുമായി ബന്ധമുള്ള ഉന്നതരുടെ പട്ടിക വിപുലീകരിച്ച്, ഇവർക്കുമേൽ ഉപരോധം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ്.