ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പടിഞ്ഞാറൻ ലണ്ടനിൽ സ്കൂളിന് പുറത്ത് നടന്ന ആസിഡ് ആക്രമണത്തിൽ, 14 വയസ്സുകാരിയായ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന 16 കാരനായ മറ്റൊരു കുട്ടിയും പരിക്കുകളോടെ ആശുപത്രിയിലാണ്. ഇവരെ സഹായിക്കുവാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ജീവനക്കാരിക്കും ചെറിയ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. വെസ്റ്റ്ബോൺ പാർക്കിലെ വെസ്റ്റ്മിൻസ്റ്റർ അക്കാദമിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് സ്കൂൾ സമയത്തിന് ശേഷമാണ് സംഭവം നടന്നത്. പെൺകുട്ടിക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആൽഫ്രഡ് റോഡിലൂടെ എത്തിയ ഒരു പുരുഷൻ കുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു എന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ ഇയാൾ ഇ -സ്‌കൂട്ടറിലാണ് സഞ്ചരിച്ചിരുന്നത്. മുഖം മറച്ചെത്തിയാണ് ഇയാൾ കുട്ടികൾക്ക് നേരെ ആക്രമണം നടത്തിയത്. പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന 16 വയസ്സുകാരനും ഇപ്പോഴും പരിക്കുകളോടെ ആശുപത്രിയിൽ തന്നെ തുടരുകയാണ്. പരിക്കേറ്റ ആൺകുട്ടി സ്കൂളിലെ വിദ്യാർത്ഥി അല്ലെന്ന് വെസ്റ്റ്മിൻസ്റ്റർ അക്കാദമി അധികൃതർ വ്യക്തമാക്കി.


സംഭവം നടന്ന ഉടൻ തന്നെ പോലീസ് അധികൃതരും മറ്റു രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. ലണ്ടൻ ഫയർ ബ്രിഗേഡിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും, ഹസാർഡ് വിദഗ്ധരും സ്ഥലത്തെത്തി സാഹചര്യങ്ങൾ വിലയിരുത്തി. ആക്രമണം നടത്താൻ ഉപയോഗിച്ച പദാർത്ഥത്തിന്റെ പരിശോധനകൾ തുടരുകയാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് സ്കൂളിന് അവധി നൽകിയിരിക്കുകയാണ്. സ്കൂൾ സമയം കഴിഞ്ഞ് വിദ്യാർത്ഥികളും ജീവനക്കാരും സ്കൂൾ കോമ്പൗണ്ടിൽ നിന്ന് പുറത്തു പോകുമ്പോൾ നടന്ന വേദനാജനകമായ ഈ സംഭവം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് വെസ്റ്റ്മിൻസ്റ്റർ അക്കാദമിയുടെ പ്രിൻസിപ്പൽ നുമേര അൻവർ പറഞ്ഞു. ഇത് തങ്ങളുടെ കമ്മ്യൂണിറ്റിക്ക് ബുദ്ധിമുട്ടുള്ള സമയമാണെന്നും, സമഗ്രമായ അന്വേഷണം അനുവദിക്കുന്നതിനും, സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനും സ്കൂളിന് അവധി നൽകിയതായും അവർ പറഞ്ഞു. പ്രാദേശിക കമ്മ്യൂണിറ്റിയുമായി ചേർന്ന് പ്രവർത്തിച്ച്, അന്വേഷണത്തിന് എല്ലാ പിന്തുണയും നൽകുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.