ഹേമ കമ്മറ്റി റിപ്പോർട്ട് മലയാള സിനിമ ലോകത്തെ പിടിച്ചുലച്ചതിന് പിന്നാലെ മാധ്യമ ലോകത്തും വെളിപ്പെടുത്തലുകളും രാജിയും. തന്റെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മാതൃഭൂമിയിൽ ഒരു സ്ത്രീയും സുരക്ഷിതയല്ലെന്നും ചൂണ്ടിക്കാട്ടി വനിതാ മാധ്യമപ്രവർത്തക സ്ഥാപനത്തിൽ നിന്നും രാജിവച്ചു. പത്രപ്രവർത്തക യൂനിയൻ (കെയുഡ്ബ്യൂജെ) സംസ്ഥാന സെക്രട്ടറി കൂടിയായ അഞ്ജന ശശിയാണ് മാതൃഭൂമി എംഡി ശ്രേയാംസ് കുമാറിന് തുറന്ന കത്തെഴുതി രാജിവച്ചത്. മാധ്യമ ലോകത്ത് വലിയ ചർച്ചയാണ് അഞ്ജനയുടെ രാജി.

കഴിഞ്ഞ വേജ് ബോർഡ് സമരകാലത്തെ നാട് കടത്തലിന് നേതൃത്വം കൊടുത്ത സീനിയർ എച്ച്. ആർ മാനേജർ ആനന്ദിന് എതിരെയാണ് കത്തിൽ പ്രധാനമായും പരാതി ഉന്നയിച്ചിരിക്കുന്നത്. ഇയാൾക്കെതിരേ മേലധികാരികൾക്ക് പരാതി നൽകി എന്നതിന്റെ പേരിൽ രണ്ടുവർഷമായി അയാളിൽ നിന്ന് താൻ പീഡനം നേരിടുകയാണെന്നും അഞ്ജന ശശി കത്തിൽ പറയുന്നു.

താൻ രോഗിയാണെന്നിരിക്കെ മരുന്നു കഴിച്ച് ജോലി ചെയ്യാനുള്ള സാഹചര്യം പോലും ഇല്ലാതാക്കുകയും ഇന്റേണൽ കമ്മിറ്റി റിപോർട്ട് വരെ ഇയാൾ സ്വാധീനിക്കുകയും ചെയ്തു. അന്വേഷണ കമ്മീഷൻ തന്നെ വീണ്ടും അപമാനിച്ചു. ഇനി തനിക്ക് നിയമവഴിക്കു പോവുകയല്ലാതെ നിവൃത്തിയില്ലെന്നും മാധ്യമപ്രവർത്തക പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എഡിറ്റർ മനോജ് കെ ദാസും എച്ച്.ആർ ആനന്ദും തമ്മിലുള്ള വ്യക്തിവിരോധത്തിന് തന്നെ ഇരയാക്കിയതാണെന്നും തന്റെ പ്രമോഷനുൾപ്പെടെയുള്ള കാര്യങ്ങൾ ഈ സംഭവം പരാതിപ്പെട്ടതിനെ തുടർന്ന് നിഷേധിച്ചെന്നും കത്തിൽ പറയുന്നു. മാതൃഭൂമിക്കുള്ളിൽ നിന്നു പോരാടി നീതിലഭിക്കാത്തതിനാൽ നിയമപോരാട്ടത്തിനായി മാന്യമായി രാജി വച്ച് ഇറങ്ങി പുറത്തു നിന്നു പോരാടാൻ തന്നെയാണ് തീരുമാനമെന്നും ഇവർ വ്യക്തമാക്കി.

മാനേജിങ് ഡയറക്ടർ എം.വി ശ്രേയംസ്‌കുമാറിന് അയച്ച രാജിക്കത്തിൽ താങ്കളുടെ പെൺമക്കൾ അടക്കം ഒരു സ്ത്രീപോലും മാതൃഭൂമിയിൽ സുരഷിതരായിരിക്കില്ല എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ശാരീരിക സമ്പർക്കമില്ലാത്ത ഏതൊരു കൈയേറ്റവും അശ്ലീലമായ ശരീരഭാഷയും വൃത്തികെട്ട ആംഗ്യവും പുച്ഛവും ഏതു കാബിനിൽ വെച്ചും ഏതു പെൺകുട്ടിക്കു നേരെയും പ്രയോഗിക്കാം എന്നുള്ള ലൈസൻസ് മാതൃഭൂമിയിലെ മുഴുവൻ പുരുഷൻമാർക്കും നൽകുന്ന എല്ലാ കാലത്തേക്കുമുള്ള ഒരു രേഖയാണ് മാതൃഭൂമിയിൽ ഉള്ളതെന്നും കത്തിലുണ്ട്.

17 കൊല്ലമായി മാതൃഭൂമിയിലുള്ള തന്റെ പ്രമോഷനടക്കം തടഞ്ഞതിന് നൽകിയ പരാതിയിൽ തന്നെ വീണ്ടും അപമാനിക്കുന്ന റിപോർട്ട് ആരോപണ വിധേയൻ തന്നെ തയ്യാറാക്കിയെന്നും കത്തിൽ അഞ്ജന ശശി വ്യക്തമാക്കുന്നു.