ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഒട്ടേറെ കുടുംബങ്ങൾ വലിയ വീടുകളിലേക്ക് താമസം മാറുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . പലരും അതിനായി റീ മോർട്ട്ഗേജ് സ്‌കീമുകളെ ആണ് ആശ്രയിക്കുന്നത് . യുകെയിൽ പ്രത്യേകിച്ച് ലണ്ടനിൽ ഈ പ്രവണത വർദ്ധിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.


ഈ പ്രവണതയ്ക്കുള്ള മുഖ്യകാരണം സ്ലീപ് ഡൈവോഴ്സ് ആണെന്ന ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അതായത് കുടുംബങ്ങൾ വലിയ വീടുകളിലേയ്ക്ക് മാറുന്നതിന്റെ മുഖ്യകാരണം ഭാര്യയ്ക്കും ഭർത്താവിനും വെവ്വേറെ മുറികളിൽ ഉറങ്ങുന്നതിനായിട്ടാണ്. ആധുനിക ജീവിതത്തിൻ്റെ സമ്മർദങ്ങൾ ഒരുപക്ഷേ കൂടുതൽ രൂക്ഷമായ ലണ്ടനിൽ ഈ കണക്ക് പത്തിൽ ഒന്ന് ആണെന്ന് ഒരു സർവേ പറയുന്നു. ഉറങ്ങുന്നതിനായി സ്ഥിരമായി വെവ്വേറെ മുറികൾ ഉപയോഗിക്കുന്നത് ദമ്പതികളുടെ ഇടയിലെ ശാരീരിക മാനസിക ബന്ധത്തിനെ എത്രമാത്രം ബാധിക്കും എന്ന കാര്യത്തിൽ മാനസികാരോഗ്യ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.


സ്ലീപ് ഡൈവോഴ്സിന് പലകാരണങ്ങൾ ഉണ്ടെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. പലരും പങ്കാളിയുടെ കൂർക്കം വലി , ഉറങ്ങുന്നതിന് വേറെ സമയങ്ങൾ എന്നീ കാരണങ്ങളാൽ വ്യത്യസ്ത മുറികളിൽ ഉറങ്ങാൻ നിർബന്ധിതരാകുന്നു. പലർക്കും മുറിയിലെ താപനില , വെളിച്ച സംവിധാനം എന്നീ കാര്യങ്ങളിൽ പോലും പങ്കാളികളുടെ താൽപര്യവുമായി പൊരുത്തപ്പെടാൻ സാധിക്കാത്തത് സ്ലീപ് ഡൈവോഴ്സിന് കാരണമാവും. നല്ല ഉറക്കത്തിലൂടെ പങ്കാളികൾക്ക് മെച്ചപ്പെട്ട ആരോഗ്യം പരിപാലിക്കാൻ സാധിക്കും എന്നത് സ്ലീപ് ഡൈവോഴ്സിന്റെ ഗുണമായി ചൂണ്ടി കാണിക്കുന്ന ആരോഗ്യ വിദഗ്ധരുമുണ്ട്.