ലണ്ടന്‍: ഒഫീലിയ ചുഴലിക്കാറ്റ് ഈ വാരാന്ത്യത്തില്‍ യുകെയിലെത്തും. കനത്ത മഴയ്ക്കും 70 മൈല്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. ഒഫീലിയ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചത് വളരെ പെട്ടെന്നായിരുന്നു. 1987ല്‍ ഗ്രേറ്റ് സ്റ്റോം ആഞ്ഞടിച്ചതിന്റെ 30-ാം വാര്‍ഷികത്തിലാണ് ഓഫീലിയ എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്. ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ച ശേഷമുള്ള ഭാഗമാണ് എത്തുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.

18 പേരുടെ മരണത്തിനും 1 ബില്യന്‍ പൗണ്ടിന് തുല്യമായ തുകയുടെ നാശനഷ്ടങ്ങള്‍ക്കും കാരണമായ ഗ്രേറ്റ് സ്‌റ്റോം വരുത്തിവെച്ച നാശനഷ്ടമൊന്നും ഒഫീലിയ സൃഷ്ടിക്കാന്‍ സാധ്യതയില്ലെന്ന് ഫോര്‍കാസ്റ്ററായ മൈക്കില്‍ ഫിഷ് പറഞ്ഞു. എന്നാല്‍ മൊത്തം കാലാവസ്ഥയില്‍ പ്രകടമായ മാറ്റമുണ്ടാകും. ഒരു രാത്രികൊണ്ട് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച ഒഫീലിയ ഐബീരിയ ലക്ഷ്യമാക്കിയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

അതിനു ശേഷം ശക്തി കുറഞ്ഞ് ബ്രിട്ടീഷ് ദ്വീപുകളിലേക്ക് പ്രവേശിക്കുന്ന ഒഫീലിയ ഈയാഴ്ച അവസാനമോ അടുത്തയാഴ്ച തുടക്കത്തിലോ യുകെയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറ്റിന്റെ സഞ്ചാരപഥം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു.