ന്യൂസ് ഡെസ്ക്, മലയാളം യുകെ
മധ്യപൂർവേഷ്യയിൽ കനക്കുന്ന സംഘർഷം പല രീതിയിലും യുകെ മലയാളികളെ ബാധിച്ചു. ഇസ്രായേലും ലബനനും ഇറാനുമായുള്ള സംഘർഷം മൂലം യുകെയിൽ നിന്ന് നാട്ടിലേയ്ക്കുള്ള വിമാനയാത്ര ദുർഘടമായിരിക്കുകയാണ് . യുദ്ധം കാരണം പല വിമാനങ്ങളും വഴിതിരിച്ച് വിടുന്നതുമൂലം യാത്രാ ദൈർഘ്യം കൂടുന്നതിനും പലപ്പോഴും കണക്ഷൻ ഫ്ലൈറ്റ് നഷ്ടമാകുന്നതിനോ അല്ലെങ്കിൽ ദീർഘസമയം കാത്തിരിക്കേണ്ടതായോ വരുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
സംഘർഷം മൂർച്ഛിച്ചതിനു ശേഷം ടിക്കറ്റ് നിരക്കിലും താങ്ങാനാവുന്നതിലും കൂടുതലുള്ള വർദ്ധനവ് ആണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. എമിറേറ്റ്സും ഖത്തർ എയർവേയ്സും ഉൾപ്പെടെയുള്ള ഫ്ളൈറ്റുകളിൽ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ഏകദേശം 50 ശതമാനം വർദ്ധനവാണ് ഉണ്ടായതെന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുള്ള മലയാളി പറഞ്ഞു. സാധാരണ ഗതിയിൽ കുട്ടികളുടെ സ്കൂൾ അവധിക്കാലം കണക്കിലെടുത്ത് നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന രീതിയാണ് കേരളത്തിലേയ്ക്ക് വരാൻ യുകെ മലയാളികൾ പിന്തുടരുന്ന രീതി. എന്നാൽ യുദ്ധഭീഷണി പലരുടെയും യാത്രാ സ്വപ്നങ്ങളെ ആകെ തകിടം മറിച്ചു. സംഘർഷം കനക്കുകയാണെങ്കിൽ ടിക്കറ്റ് നിരക്കുകൾ ഇനിയും വർദ്ധിക്കുമോ എന്ന ആശങ്കയിലാണ് പലരും.
റഷ്യൻ ഉക്രൈൻ സംഘർഷം യൂറോപ്പിൽ നിന്ന് ഏഷ്യയിലേയ്ക്ക് പറക്കാനുള്ള ആകാശപാത ചുരുങ്ങുന്നതിന് കാരണമായിരുന്നു. ഇതിന് പുറമെയാണ് മിഡിൽ ഈസ്റ്റ് സംഘർഷം കൂടി കനത്തത്. രണ്ട് വലിയ മിഡിൽ ഈസ്റ്റ് വിമാനക്കമ്പനികളായ എമിറേറ്റ്സും ഖത്തർ എയർവേയ്സും ഡസൻ കണക്കിന് വിമാനങ്ങൾ ആണ് ഈ ദിവസങ്ങളിൽ വഴിതിരിച്ചു വിട്ടത്. പല വിമാനങ്ങളും മണിക്കൂറുകൾ വൈകിയാണ് ദുബായിലും ദോഹയിലും ലക്ഷ്യസ്ഥാനങ്ങളിൽ എത്തി ചേർന്നത്. മിഡിൽ ഈസ്റ്റ് സംഘർഷം യുകെയിൽ നിന്ന് ഏഷ്യയിലേയ്ക്കുള്ള ഒട്ടുമിക്ക വിമാനങ്ങളുടെയും ഷെഡ്യൂളുകളെയും കാര്യമായി ബാധിച്ചു. ഇറാന്റെ മിസൈൽ ആക്രമണം മൂലം വ്യോമാതിർത്തികൾ അടച്ചതിനാൽ സുരക്ഷിതമായ റൂട്ടുകൾ തിരഞ്ഞെടുക്കാൻ വിമാന കമ്പനികൾ നിർബന്ധിതരായിരിക്കുകയാണ് . പ്രതിസന്ധി മൂലം വിമാന കമ്പനികൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെയിൽ നിന്നുള്ള യാത്രയിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ ഭക്ഷണവും ആവശ്യമായ താമസസൗകര്യവും യാത്രക്കാർക്ക് ഏർപ്പെടുത്താനുള്ള ബാധ്യത എയർലൈനുകൾക്ക് ഉണ്ട്.
Leave a Reply