ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആന്‍ഡ്രൂ രാജകുമാരന്റെ എല്ലാ സൈനിക രാജകീയ പദവികളും എടുത്ത് മാറ്റിയതായി ബക്കിംങ്ഹാം കൊട്ടാരം. അമേരിക്കയില്‍ ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ വിചാരണ നേരിടണം എന്ന വിധി വന്നതിന് പിന്നാലെയാണ് രാജകുടുംബം ഈയൊരു നടപടി സ്വീകരിച്ചത്. എലിസബത്ത് രജ്ഞിയാണ് ഉത്തരവ് ഇറക്കിയത്. ‘രാജ്ഞിയുടെ അംഗീകാരത്തോടെ ഡ്യൂക്ക് ഓഫ് ന്യൂയോര്‍ക്കിന്‍റെ (ആന്‍ഡ്രൂവിന്‍റെ രാജകീയ പദവി) എല്ലാതര സൈനിക, രാജകീയ അവകാശങ്ങളും തിരിച്ചു വാങ്ങി’ – ബക്കിംങ്ഹാം കൊട്ടാരം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. തന്‍റെ കേസ് ഒരു സ്വകാര്യവ്യക്തിയെപ്പോലെ ആൻഡ്രൂ നേരിടുമെന്നും പ്രസ്താവനയിൽ പറയുന്നു.

കേണൽ ഓഫ് ദി ഗ്രനേഡിയർ ഗാർഡ് സ് ഉൾപ്പെടെയുള്ള സൈനിക പദവികൾ നഷ്ടമാകും. ഹാരിയെയും മേഗനെയും പോലെ, ആൻഡ്രൂ രാജകുമാരൻ തന്റെ എച്ച്ആർഎച്ച് (ഹിസ് റോയൽ ഹൈനെസ്) പദവി നിലനിർത്തുമെങ്കിലും ഔദ്യോഗികമായി ഉപയോഗിക്കാൻ കഴിയില്ല. ഡ്യൂക്കിന്റെ സൈനിക പദവികൾ രാജ്ഞിക്ക് തിരികെ നൽകുന്നതിനെക്കുറിച്ച് അഭിപ്രായമില്ലെന്നും ഇത് കൊട്ടാരത്തിന്റെ കാര്യമാണെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.

ലൈംഗികപീഡനക്കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജയിലിൽ മരിക്കുകയും ചെയ്ത അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈന്റെ നിർദേശപ്രകാരം രാജകുമാരനുവേണ്ടി 17–ാം വയസ്സിൽ തന്നെ എത്തിച്ചുകൊടുത്തെന്ന് വിർജീനിയ എന്ന വനിത നടത്തിയ ആരോപണത്തിലാണ് ഇപ്പോള്‍ ആന്‍ഡ്രൂവിനെതിരെ കോടതി വിധി വന്നിരിക്കുന്നത്. അമേരിക്കയില്‍ വിര്‍ജീനിയ നല്‍കിയ സിവില്‍കേസ് നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിനെതിരെ ആന്‍ഡ്രൂ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം യുഎസ് കോടതി തള്ളി. തുടര്‍ന്ന് വിര്‍ജീനിയക്ക് കേസുമായി മുന്നോട്ട് പോകാന്‍ കോടതി അനുമതി നല്‍കിയിരുന്നു.