ന്യൂസ് ഡെസ്ക്, മലയാളം യുകെ

വീടില്ലാതെ തെരുവിൽ കഴിയുന്നവരുടെ എണ്ണം കുതിച്ചുയരുന്നത് യുകെയിലെ ഒരു പ്രധാന സാമൂഹിക പ്രശ്നമാണ്. തെരുവിൽ ഉറങ്ങാൻ വിധിക്കപ്പെട്ടവർ മുതൽ താത്കാലിക സ്ഥലങ്ങളിൽ താമസിക്കേണ്ടി വരുന്ന നിരവധി ആളുകളെയാണ് ഇത് ബാധിക്കുന്നത്. വീട് വാങ്ങുന്നതിനുള്ള ചിലവ് കൂടിയത്, തൊഴിലില്ലായ്മ, ക്ഷേമപരിപാടികൾ സർക്കാരുകൾ വെട്ടിക്കുറച്ചത് തുടങ്ങിയ നിരവധി ഘടകങ്ങളാണ് ഈ പ്രശ്നത്തിന് പിന്നിലുള്ളത്. ലണ്ടൻ നഗരത്തിൽ മാത്രം 2023 -ൽ ഏകദേശം പതിനായിരത്തിനടുത്ത് ആളുകൾ മോശമായ സാഹചര്യത്തിൽ അന്തി ഉറങ്ങേണ്ടതായി വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.


നിലവിൽ സർക്കാർ നൽകി വരുന്ന ധനസഹായം തുടർന്നില്ലെങ്കിൽ യുകെയിലെ ഭവന രഹിതരെ പിന്തുണയ്ക്കുന്ന ചാരിറ്റികളുടെ പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്ന് റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ വിഷയം ഉന്നയിച്ച് പ്രമുഖ ചാരിറ്റിയുടെ 76 മേധാവികൾ ചാൻസലർ റേച്ചൽ റീവ്സുമായി കൂടികാഴ്ച നടത്തിയിരുന്നു. അടിയന്തരമായി 1 ബില്യൺ പൗണ്ടിന്റെയെങ്കിലും ധനസഹായം ചാരിറ്റികൾക്ക് നൽകണമെന്നാണ് അവരുടെ ഇടയിൽനിന്ന് ഉയർന്നു വന്നിരിക്കുന്ന പ്രധാന ആവശ്യം. കഴിഞ്ഞ വർഷം സഹായം ആവശ്യമുള്ളവരുടെ എണ്ണത്തിൽ 20% വർധനയുണ്ടായതായി ചാരിറ്റി ക്രൈസിസ് ചീഫ് എക്‌സിക്യൂട്ടീവ് മാറ്റ് ഡൗണി പറഞ്ഞു. ലണ്ടനിലെ റഫ് സ്ലീപ്പിംഗും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20% വർധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്.

ഇംഗ്ലണ്ടിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം താത്കാലിക വസതികളിൽ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം 12% വർധിച്ച് 117,000-ലധികമായി. സർക്കാർ ഫണ്ട് അനുവദിച്ചില്ലെങ്കിൽ തെരുവുകളിൽ ആളുകൾ മരിച്ചു വീഴുമെന്ന് ഒരു ചാരിറ്റിയായ കണക്ഷൻ സപ്പോർട്ട് പറഞ്ഞു. ബക്കിംഗ്‌ഹാംഷെയറിലും ഓക്‌സ്‌ഫോർഡ്‌ഷെയറിലും ഉള്ള ഭവന രഹിതരെ സഹായിക്കുന്ന ചാരിറ്റിയാണ് കണക്ഷൻ സപ്പോർട്ട്. ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികകൾ ഭവനരഹിതരെ പിന്തുണയ്ക്കുന്ന ഒട്ടേറെ പദ്ധതികൾ ലേബർ പാർട്ടി ഉൾപ്പെടുത്തിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്.