ഇന്ത്യയിലെ വ്യാവസായിക അതികായനും കറതീര്‍ന്ന മനുഷ്യസ്‌നേഹിയുമായ രത്തന്‍ ടാറ്റയ്ക്ക് യാത്രാ മൊഴി. മുംബൈയിലെ വോര്‍ളി ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ അദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. പാഴ്‌സി ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം വിവിധ രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര-കായിക മേഖലകളിലെ താരങ്ങളും കോര്‍പ്പറേറ്റ് തലവന്‍മാരുമടക്കം ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. രത്തന്‍ ടാറ്റയോടുള്ള ആദരവിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ ഒരു ദിവസത്തെ ദുഖാചരണവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു.

എണ്‍പത്താറുകാരനായ രത്തന്‍ ടാറ്റ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ അന്തരിച്ചത്. ബിസിനസിനെ ജീവകാരുണ്യ പ്രവര്‍ത്തനവുമായി വിളക്കിച്ചേര്‍ത്ത അദേഹത്തിന് സാധാരണക്കാരടക്കം വന്‍ ജനാവലി വികാര നിര്‍ഭരമായ അന്ത്യയാത്രയാണ് നല്‍കിയത്.