മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു. ബാന്ദ്രയിലെ ഓഫീസില്‍വെച്ച് ശനിയാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

അക്രമികള്‍ മൂന്നു തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതായാണ് വിവരം. നെഞ്ചിലും വയറ്റിലുമായാണ് വെടിയുണ്ടകള്‍ തറച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയിലായതായാണ് റിപ്പോർട്ട്. രാത്രി 9.30 -ഓടെയായിരുന്നു സംഭവം. മകനും ബാന്ദ്ര ഈസ്റ്റ് എം.എൽ.എയുമായ സീഷന്റെ ഓഫിസിലായിരുന്നു അദ്ദേഹം.

ബാന്ദ്ര ഈസ്റ്റിൽ നിന്ന് മൂന്ന് തവണ (1999, 2004, 2009) എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേരത്തെ കോൺഗ്രസിലായിരുന്ന അദ്ദേഹം പിന്നീട് അജിത് പവാർ പക്ഷം എൻ.സി.പിയിലേക്ക് മാറിയിരുന്നു. 2004 – 2008 കാലത്ത് ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിയായിരുന്നു.