ഫേസ്ബുക്കിലൂടെ മക്കയേയും സൗദി രാജാവിനേയും അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായി ജയിലിലായിരുന്ന കർണാടക സ്വദേശി മോചിതനായി നാട്ടിൽ തിരിച്ചെത്തി. സൗദി അറേബ്യയിൽ തടങ്കലിലായിരുന്ന ഹരീഷ് ബംഗേരയാണ് 20 മാസത്തിന് ശേഷമാണ് നാട്ടിലെത്തിയത്.

ബുധനാഴ്ച ബംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇയാളെ ഭാര്യ സുമനയും മകൾ ഹനിഷ്‌കയും സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചു. 2019 ഡിസംബർ 20നാണ് ഹരീഷിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഉടുപ്പിയിലെ കുന്ദപുർ സ്വദേശിയാണ്. ഭർത്താവിനെ തിരികെ എത്തിക്കാൻ സഹായിച്ചവർക്ക് ഭാര്യ സുമന നന്ദി അറിയിച്ചു. അങ്കണവാടി ടീച്ചറാണ് സുമന. ആറ് വർഷത്തോളമായി ഹരീഷ് സൗദിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ദമാമിലെ ഒരു കമ്പനിയിൽ എസി ടെക്‌നീഷിന്യായി പ്രവർത്തിക്കുകയായിരുന്നു. ഇതിനിടയിലാണ് ഹരീഷ് സൗദി പോലീസിന്റെ പിടിയിലാകുന്നത്.

അതേസമയം, കഴിഞ്ഞ വർഷം ഹരീഷിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന പരാതിയിൽ രണ്ടു പേരെ ഉടുപ്പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഹരീഷിന്റെ മോചനത്തിലേക്ക് നയിച്ചത്.