ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒന്നിലധികം യൂറോപ്യൻ രാജ്യങ്ങളിൽ നറുക്കെടുക്കുന്ന ഒരു ലോട്ടറിയാണ് യൂറോ മില്യൺ ലോട്ടറി . യുകെ , ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിലായി 2004 ലാണ് യൂറോ മില്യൺ ആരംഭിച്ചത്. കാലക്രമേണ, ഓസ്ട്രിയ, ബെൽജിയം, അയർലൻഡ്, ലക്സംബർഗ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഈ ലോട്ടറിയിൽ ചേർന്നു. ആഴ്ചയിൽ രണ്ട് തവണ നറുക്കെടുക്കുന്ന യൂറോ മില്യൺ ലോട്ടറിയുടെ സമ്മാനത്തുക കോടികളാണ്.

എന്നാൽ കോടികൾ കൈയിലെത്തിയിട്ടും അത് സ്വന്തമാക്കാൻ ഒരു ബ്രിട്ടീഷുകാരന് സാധിച്ചില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. വെയിൽസിലെ ഒരു യൂറോമില്യൺ ടിക്കറ്റ് ജേതാവിനാണ് ഒരു മില്യൺ പൗണ്ട് സ്വന്തമാക്കാനുള്ള അവസരം നഷ്ടമായത്. സമ്മാനാർഹമായ ടിക്കറ്റിന്റെ വിവരങ്ങൾ പരസ്യപ്പെടുത്തിയതിന് ശേഷം അവരുടെ ടിക്കറ്റുകൾ പരിശോധിക്കാൻ ദേശീയ ലോട്ടറി ഏജൻസി ആവശ്യപ്പെട്ടെങ്കിലും ആരും മുന്നോട്ട് വന്നില്ല. സമ്മാനം ലഭിച്ച ടിക്കറ്റ് സമർപ്പിക്കേണ്ട സമയപരിധി ഈ ഞായറാഴ്ച അവസാനിച്ചതിനാൽ ഇനി വിജയിക്ക് ഒരു പൈസ പോലും ലഭിക്കാൻ അർഹത ഉണ്ടാവില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

നിർഭാഗ്യവശാൽ, ടിക്കറ്റ് ഉടമ അവരുടെ സമ്മാനം ക്ലെയിം ചെയ്യാനുള്ള സമയപരിധിക്കുള്ളിൽ മുന്നോട്ട് വന്നില്ലെന്നും ഇപ്പോൾ ഈ വലിയ തുക ടിക്കറ്റ് ഉടമയ്ക്ക് നഷ്ടമായെന്നും ദി നാഷണൽ ലോട്ടറിയിലെ സീനിയർ ഉപദേശകനായ ആൻഡി കാർട്ടർ പറഞ്ഞു. ദേശീയ ലോട്ടറിയുടെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികൾക്കായി ഓരോ ആഴ്ചയും സമാഹരിക്കുന്ന ഫണ്ടിലേക്ക് ഈ തുക വകയിരുത്തും. യൂറോ മില്യൺ ജാക്ക്പോട്ടിൽ ഏറ്റവും ഉയർന്ന തുക യുകെയിൽ ലഭിച്ചത് 2022 ലായിരുന്നു. അന്ന് 195,707,000 പൗണ്ട് ആണ് വിജയിക്ക് ലഭിച്ചത്.
	
		

      
      



              
              
              




            
Leave a Reply