ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സുരക്ഷ ശക്തമാക്കാൻ കിഴക്കൻ മെഡിറ്ററേനിയനിലേക്ക് റോയൽ നേവി കപ്പലുകൾ വിന്യസിക്കാൻ യുകെ. യുകെ രണ്ട് റോയൽ നേവി കപ്പലുകളും നിരീക്ഷണ വിമാനങ്ങളും അയയ്ക്കും. യുകെയുടെ പിന്തുണ വീണ്ടും ഉറപ്പിക്കുന്നതിനായി ഋഷി സുനക് വ്യാഴാഴ്ച ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഹമാസിന്റെ ഭീകരാക്രമണത്തിനെതിരെ ഇസ്രായേലിനൊപ്പം നിൽക്കുമെന്ന് സുനക് പറഞ്ഞു.

ഇസ്രായേലിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം വിമാനങ്ങൾ ക്രമീകരിക്കാൻ തുടങ്ങി. ബ്രിട്ടീഷുകാരെയും കൊണ്ടുള്ള ആദ്യ വിമാനം വ്യാഴാഴ്ച ടെൽ അവീവിൽ നിന്ന് പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, ഉപരോധം ഇസ്രായേൽ പിൻവലിച്ചില്ലെങ്കിൽ ഗാസ മരണത്തുരുത്താകുമെന്ന് മനുഷ്യാവകാശസംഘടനകൾ മുന്നറിയിപ്പ് നൽകി. ഗാസയിലേക്ക് മാനുഷിക ഇടനാഴി തുറക്കണമെന്നും താത്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ, തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ ഇസ്രായേലിൽ നിന്ന് ബ്രിട്ടൻ പിൻവലിച്ചു.