ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ കുടിയേറിയവരിൽ ഏറ്റവും വിജയം കണ്ട സമൂഹം ഇന്ത്യക്കാർ എന്ന് റിപ്പോർട്ട്. പ്രൊഫഷണൽ തൊഴിൽ, മണിക്കൂർ വേതന നിരക്ക്, വീട്ടുടമസ്ഥാവകാശം (71% സ്വന്തമായ വീടുകൾ), സ്വയം തൊഴിൽ തുടങ്ങിയ മേഖലകളിൽ ബ്രിട്ടീഷുകാരേക്കാൾ മുൻപന്തിയിൽ ബ്രിട്ടീഷ് ഇന്ത്യക്കാരെന്ന് പോളിസി എക്‌സ്‌ചേഞ്ചിൻ്റെ “എ പോർട്രെയ്‌റ്റ് ഓഫ് മോഡേൺ ബ്രിട്ടൻ” എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെ കമ്മ്യൂണിറ്റിക്ക് പുറത്ത് ഉള്ള ആളുകളുമായി ഇടപെടുന്നതിലും മുൻപന്തിയിൽ ഇവർ തന്നെ. വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ, ചൈനീസ് സമൂഹത്തിന് തൊട്ട് പിന്നാലെ രണ്ടാം സ്‌ഥാനം കരസ്ഥമാക്കിയിരിക്കുന്നതും ഇന്ത്യൻ വംശജരാണ്.

അതേസമയം, ഏറ്റവും കുറഞ്ഞ വേതനം ഉള്ള ജോലി ചെയ്യുന്നത് പാകിസ്ഥാൻ-ബംഗ്ലാദേശി കമ്മ്യൂണിറ്റിയിൽ ഉള്ള ആളുകളാണ്. റിപ്പോർട്ടിൽ വംശീയ ന്യൂനപക്ഷങ്ങളെ മൈനോറിറ്റീസ് ഇൻ ടൗൺസ്‌ എന്ന പദം ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്. വെള്ളക്കാരായ ബ്രിട്ടീഷ് ബിരുദധാരികൾ ഇടത് ചിന്താഗതിക്കാരാകുമ്പോൾ ഉയർന്ന വിദ്യാഭ്യാസമുള്ള ഇന്ത്യൻ വംശജർ വലത് ചിന്താഗതിക്കാരാണ്. യാത്ര സൗകര്യങ്ങളും ആശയവിനിമയത്തിലുള്ള മാറ്റങ്ങളും കുടിയേറ്റക്കാരും അവരുടെ മാതൃരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

എല്ലാ വംശീയ ന്യൂനപക്ഷങ്ങളും ബ്രിട്ടീഷുകാരായതിൽ അഭിമാനിക്കുന്നുവെന്നും ഭൂരിപക്ഷം പേരും യുഎസ്, ജർമ്മനി, ഫ്രാൻസ് എന്നിവയേക്കാൾ ബ്രിട്ടനിലാണ് താമസിക്കാൻ ഇഷ്ടപെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പല വംശീയ ന്യൂനപക്ഷ വിഭാഗങ്ങളും, പ്രത്യേകിച്ച് ബ്രിട്ടീഷ് ഇന്ത്യക്കാർ, ബ്രിട്ടനിലെ ശക്തികേന്ദ്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുകെയിലെ നേട്ടങ്ങളിൽ ഏറെ അഭിമാനം കൊളളുന്ന ബ്രിട്ടീഷ് ഇന്ത്യക്കാർ തങ്ങളുടെ മക്കൾ രാജ്യത്തിൻ്റെ ചരിത്രത്തിൽ അഭിമാനം കൊള്ളുന്നവരായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.