ന്യൂസ് ഡെസ്ക്, മലയാളം യുകെ
നവംബർ 5-ാം തീയതി നടക്കുന്ന യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണം അവസാന ഘട്ടത്തിലാണ്. ഡെമോക്രാറ്റിക് പാർട്ടിയെ പ്രതിനിധീകരിച്ച് ഇന്ത്യൻ വംശജയായ കമലാ ഹാരിസും റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതിനിധീകരിച്ച് ഡൊണാൾഡ് ട്രംപും ആണ് മുഖ്യ സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന്റെ വിശേഷങ്ങൾ അനുദിനം ലോക മാധ്യമങ്ങൾ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയതായി ഡൊണാൾഡ് ട്രംപ് മക്‌ഡൊണാൾഡിൻ്റെ ഡ്രൈവ്-ത്രൂവിൽ കസ്റ്റമേഴ്സിന് ഭക്ഷണം വിളമ്പുന്ന ദൃശ്യങ്ങൾ വൻ പ്രാധാന്യത്തോടെയാണ് ലോകമെങ്ങുമുള്ള മാധ്യമങ്ങൾ വാർത്തയാക്കിയത്. പെൻസിൽവാനിയയിൽ പ്രചാരണം നടത്തുന്നതിനിടെയാണ് ട്രംപ് താത്കാലിക ജോലി ഏറ്റെടുത്തത്. തൻറെ വസ്ത്രങ്ങൾക്ക് മുകളിൽ ഒരു എപ്രൺ ധരിച്ച് ഡ്രൈവ് ത്രൂവിൽ ഓർഡർ വിതരണം ചെയ്തത് കൂടാതെ ടേക്ക് ഔട്ട് ബാഗുകൾ നിറയ്ക്കുകയും ചെയ്തു.
നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പെൻസിൽവാനിയ നിർണായകമായ പോരാട്ട ഭൂമിയാണ്. ട്രംപ് ഭക്ഷണം സേർവ് ചെയ്യുന്ന വീഡിയോകൾക്കും ഫോട്ടോകൾക്കും സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരം ലഭിച്ചു. ഒട്ടേറെ പേരാണ് കമന്റുകളിലൂടെ ഇതിനോട് പ്രതികരിച്ചത്. എക്കാലത്തെ മികച്ച രാഷ്ട്രീയ പ്രഹസനമാണ് ഇതെന്നാണ് പ്രമുഖ മാധ്യമപ്രവർത്തകനും മെയിൽ ഓൺലൈനിൻ്റെ എഡിറ്ററുമായ പിയേഴ്‌സ് മോർഗൻ x-ൽ ഇതിനെ കുറിച്ച് എഴുതിയത്. പഠിക്കുന്ന സമയത്ത് കമലാ ഹാരിസ് മക്ഡൊണാൾഡിൽ ജോലി ചെയ്തിരുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥിയായതിനു ശേഷം അവർ ഇത് വെളിപ്പെടുത്തിയത് ജോലി ചെയ്യുന്നവരുടെ ഇടയിൽ മതിപ്പുളവാക്കിയിരുന്നു. ട്രംപിന്റെ പ്രവർത്തി ഇതുമായാണ് രാഷ്ട്രീയ നിരീക്ഷകർ കൂട്ടി വായിക്കുന്നത്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം ശേഷിക്കേ, അഭിപ്രായസർവേയിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെക്കാൾ മുന്നിൽ ആണ്.
Leave a Reply