ഉപയോക്താവിന് ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കാതിരിക്കുകയും വാഹനത്തിന്റെ ടയറില്‍ കാറ്റ് നിറയ്ക്കാനുള്ള സംവിധാനം നല്‍കുകയും ചെയ്യാത്ത പെട്രോള്‍ പമ്ബുടമ 23,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാരം കമ്മിഷന്‍ വിധി.

മല്ലശേരി മണ്ണില്‍ ഫ്യൂവല്‍ എന്ന നയാര പമ്ബിന്റെ പ്രൊപ്രൈറ്റര്‍ക്ക് എതിരേയാണ് കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്ന് വിധി പ്രസ്താവിച്ചത്. പത്തനംതിട്ട ബാറിലെ അഭിഭാഷകനായ വാഴമുട്ടം ഈസ്റ്റ് പാലയ്ക്കല്‍ വീട്ടില്‍ കെ.ജെ. മനുവാണ് അഡ്വ. വര്‍ഗീസ് പി. മാത്യു മുഖേനെ കമ്മിഷനെ സമീപിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 25 ന് മനു തന്റെ കാറില്‍ 2022 രൂപയ്ക്ക് ഡീസല്‍ പമ്ബില്‍ നിന്നും നിറച്ചു. തുടര്‍ന്ന് ടയറില്‍ കാറ്റ് അടിക്കണമെന്ന് ആവശ്യപ്പെട്ടു. വേണമെങ്കില്‍ തന്നെ അടിച്ചോളാനാണ് ജീവനക്കാര്‍ നിര്‍ദേശിച്ചത്. ഇതിന്‍ പ്രകാരം മനു തനിയെ കാറ്റടിക്കാന്‍ ശ്രമിച്ചുവെങ്കിലും കംപ്രസര്‍ ഓണ്‍ അല്ലാത്തതിനാല്‍ കഴിഞ്ഞില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കംപ്രസര്‍ ഓണ്‍ ചെയ്യാന്‍ സൗകര്യമില്ല എന്ന് അറിയിച്ചു. തുടര്‍ന്നാണ് മനു ടോയ്ലറ്റ് സൗകര്യം ചോദിച്ചത്. ഇതും നിഷേധിച്ചു. കമ്മിഷന്‍ ഇരുകൂട്ടര്‍ക്കും നോട്ടീസ് അയച്ചു. എതിര്‍ കക്ഷി വക്കീല്‍ മുഖേനെ ഹാജരായെങ്കിലും തന്റെ ഭാഗം കൃത്യസമയത്തത് ഹാജരാക്കാന്‍ സാധിച്ചില്ല.

ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ എക്സ്പാര്‍ട്ടി വിധി പ്രസ്താവിച്ചു. ഹര്‍ജി കക്ഷിക്കുണ്ടായ മാനസിക വ്യഥയും സമ്മര്‍ദവും കണക്കിലെടുത്ത് 20000 രൂപ നഷ്ടപരിഹാരം 30 ദിവസത്തിനുള്ളില്‍ നല്‍കണം. വീഴ്ച വരുത്തിയാല്‍ 10 ശതമാനം പലിശ കൂടി നല്‍കണം. കൂടാതെ കോടതി ചെലവിലേക്ക് 3000 രൂപ കൂടി നല്‍കണം. പെട്രോള്‍ പമ്ബില്‍ ഉപയോക്താക്കള്‍ക്ക് ചില അവകാശങ്ങള്‍ കൂടിയുണ്ടെന്നും ഇത് ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കുന്നതിന് വേണ്ടിയാണ് താന്‍ കമ്മിഷനെ സമീപിച്ചതെന്നും മനു പറഞ്ഞു.