ബിനോയ് എം. ജെ.
അമേരിക്കൻ പ്രസിഡന്റിനോ, ചൈനീസ് പ്രീമിയറിനോ, റഷ്യൻ പ്രസിഡന്റിനോ കോപം വന്നാൽ ഈ ഭൂമി കത്തിയെരിയും. ഈ വ്യക്തികളിൽ പ്രകാശിക്കുന്ന അതേ ഈശ്വരചൈതന്യം നമ്മിലും പ്രകാശിക്കുന്നു. വ്യക്തിഭേദം ആപേക്ഷികം മാത്രം. എല്ലാവരും ഈശ്വരന്റെ അവതാരങ്ങൾ തന്നെ. ബുദ്ധനും, ശങ്കരനും വിവേകാനന്ദനും എല്ലാം ആ ഈശ്വരചൈതന്യത്തെ സാക്ഷാത്ക്കരിച്ചവരാണ്. നമ്മിലും അതേ ഈശ്വരൻ തന്നെ വസിക്കുന്നു; നാമതിനെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നു മാത്രം. കണ്ടെത്തിയില്ല എന്ന് കരുതി അതവിടെ ഇല്ലാതാകുന്നില്ല. അതപ്പോഴും അവിടെ ഉറങ്ങി കിടപ്പുണ്ട്. സുനാമികളും, ഭൂകമ്പങ്ങളും, കൊടുങ്കാറ്റുകളും ആദ്യമേ രൂപം കൊള്ളുന്നത് മനുഷ്യമനസ്സുകളിൽ ആണെന്ന് അമൃതാനന്ദമയി പറയുന്നു. അധർമ്മം വാഴുന്നിടത്ത് അവ രൂപംകൊണ്ടുകൊണ്ടേയിരിക്കും. അമേരിക്കൻ പ്രസിഡന്റായിരുന്ന ട്രൂമാന്റെ മനസ്സിൽ രൂപം കൊണ്ട ഉഗ്രകോപം ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിക്കപ്പെടുന്നതിനു കാരണമായി. അതിന്റെ അനന്തരഫലങ്ങളിൽ നിന്നും അവരിനിയും മോചിതരായിട്ടില്ല. അന്ന് ട്രൂമാൻ പറഞ്ഞു “പേൾ ഹാർബർ ആക്രമിച്ച ജപ്പാനോട് പകരം വീട്ടുകയാണ് നമ്മുടെ ലക്ഷ്യം.” ജപ്പാൻകാർ കാട്ടിയ ഒരു വിശ്വാസവഞ്ചനക്ക് ഇത്രയും വലിയ ശിക്ഷയോ? അതെ! അധർമ്മവും,ചതിയും,വഞ്ചനയും, പകയും, വിദ്വേഷവും നിറഞ്ഞ നമ്മുടെ സാമൂഹിക ജീവിതത്തിൽ അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെകുറിച്ച് ആരും ചിന്തിക്കുന്നുണ്ടാവില്ല. മനുഷ്യൻ വെറും കൃമിയല്ല. അവന്റെയുള്ളിൽ അനന്തശക്തികൾ ഉറങ്ങുന്നു. അവ നിഷേധാത്മകമായി പോകാതെ സൂക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയും ഉത്തരവാദിത്വവുമാണ്.
മനുഷ്യ മനസ്സുകൾ പ്രക്ഷുബ്ധമാകാതെ സൂക്ഷിക്കുവിൻ. ഈഭൂമിയെ ഭസ്മമാക്കുവാനുള്ള ശക്തി ഓരോ വ്യക്തിയിലും ഉറങ്ങുന്നുണ്ട്. അവനെ പ്രകോപിപ്പിക്കാതെ സൂക്ഷിക്കുവിൻ. സമൂഹം എക്കാലവും വ്യക്തികളെ അടിച്ചമർത്തുന്നതായി കാണാം. ദുരന്തങ്ങൾ ഈ ഭൂമുഖത്തുനിന്നും വിട്ടു മാറുകയില്ല. സമൂഹം വ്യക്തികളെ നിഷ്കരുണം ചവിട്ടിത്തൂക്കുമ്പോൾ അതവന്റെ വംശനാശത്തിലേക്കേ നയിക്കൂ എന്നാരും ചിന്തിക്കുന്നുണ്ടാവില്ല. സമകാലീന സംഭവങ്ങളിലേക്ക് നോക്കുമ്പോൾ നാമൊരു ലോകമഹായുദ്ധത്തിലേക്ക് നടന്നടുക്കുകയാണോ എന്ന് സംശയം തോന്നുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനപരമായ കാരണം അടിച്ചമർത്തപ്പെടുന്ന വ്യക്തികൾ തന്നെ. അവന്റെയുളളിലാണ് ആദ്യമേ അണുബോംബുകൾ പൊട്ടുന്നത്. വ്യക്തി എന്നാൽ ആറടി പൊക്കമുള്ള ഒരു മാംസപിണ്ഡമല്ല. മറിച്ച് അവന്റെയുള്ളിൽ ഈശ്വരൻ വസിക്കുന്നു.
നിഷേധാത്മകമായി പോകുന്ന വ്യക്തികളുടെ അനന്തശക്തിയെ ഭാവാത്മകമായിതിരിച്ചുവിടണമെങ്കിൽ വ്യക്തികളെ പൂജിക്കേണ്ടിയിരിക്കുന്നു. വ്യക്തികൾ ചവിട്ടിത്തൂക്കപ്പെടുകയല്ല വേണ്ടത് മറിച്ച് അവർ ആരാധിക്കപ്പെടുകയാണ് വേണ്ടത്. വ്യക്തിൾ പൂജിക്കപ്പെടുന്നിടത്ത് ഐശ്വര്യം വാഴുന്നു. അഹം ബ്രഹ്മാസ്മി എന്നും തത്ത്വമസി എന്നും ഭാരതീയ ആചാര്യന്മാർ പണ്ടുതൊട്ടേ ഉദ്ഘോഷിച്ചിരുന്നത് ഭാരതീയർ വ്യക്തി പൂജയിൽ എത്രയോ മുന്നിലായിരുന്നു എന്നതിന് തെളിവാണ്. പാശ്ചാത്യ ചിന്താപദ്ധതിയുടെ അതിപ്രസരത്തിൽ നാം അതൊക്കെ മറന്നു കളഞ്ഞു. വ്യക്തി പൂജ എന്ന അതേ ആശയം തന്നെ ഇന്ന് ‘അസ്ഥിത്വവാദം’ എന്ന പേരിൽ പാശ്ചാത്യ നാടുകളിൽ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്നു. നമ്മെ ചതിക്കുന്നത് ധർമ്മശാസ്ത്രം തന്നെ. വ്യക്തി നന്നായാൽ സമൂഹം നന്നാകുമെന്നും അതിനാൽ വ്യക്തികളാണ് നന്നാകേണ്ടതെന്നും ഉള്ള വാദഗതികൾ സഹസ്രാബ്ദങ്ങളായി നമ്മുടെ കർണ്ണപുടങ്ങളിൽ പതിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് വ്യക്തികളെ നന്നാക്കുവാനും ആ കാരണം പറഞ്ഞ് അവരെ ക്രൂശിക്കുവാനും സമൂഹം നിയമങ്ങൾ നിർമ്മിച്ചു കൊണ്ടേയിരിക്കുന്നു. കാലക്രമേണ വ്യക്തി സമൂഹത്തിന്റെ അടിമയായി മാറി.
സ്വന്തം ഉള്ളിലുറങ്ങുന്ന അനന്തശക്തിയെ കണ്ടെത്തി അതിനെ ഭാവാത്മകമായി തിരിച്ചുവിടുന്നതിൽ യോഗികൾ വിജയം കണ്ടെത്തിയിരിക്കുന്നു. പ്രതിഭകളും ശാസ്ത്രകാരന്മാരും തങ്ങളറിയാതെ അൽപം യോഗ ചെയ്യുന്നുണ്ട്. അതാണ് അവരുടെ ധിഷണാശക്തിയുടെ രഹസ്യം. അവർക്കെല്ലാം , അവരോട് തന്നെ, എടുത്തു പറയത്തക്ക ആത്മസ്നേഹവും ആത്മബഹുമാനവും ഉണ്ടായിരുന്നു. ഈ ആത്മസ്നേഹമാകുന്നു ആദ്ധ്യാത്മികതയിലേക്കുള്ള പ്രവേശന കവാടം. അത് ഉള്ളിലുള്ള ജ്ഞാനത്തെയും ശക്തിയെയും ഉണർത്തുന്നു. മനുഷ്യൻ ശാസ്ത്രീയമായി വളരുകയാണ്. ഈ വിജ്ഞാനമെല്ലാം എവിടെ നിന്നും വരുന്നു? അത് വ്യക്തികളുടെ ഉള്ളിൽ നിന്നുമാണ് വരുന്നത്. ലോകത്തെ ഭസ്മമാക്കുവാൻ ശക്തിയുള്ള അണുബോംബ് പോലും എങ്ങനെ നിർമ്മിക്കപ്പെടുന്നു? അത് ഐൻസ്റ്റീന്റെയും, ഓപ്പൺ ഹീമറുടെയും, എന്റിക്കോ ഫെർമിയുടെയും മനസ്സിലുദിച്ച ചില ആശയങ്ങളാണ്. പോരാ..നാമിനിയും വളരെയധികം പുരോഗമിക്കേണ്ടിയിരിക്കുന്നു. ഈ പ്രപഞ്ചത്തെ നമ്മുടെ കാൽചുവട്ടിൽ കൊണ്ട് വരേണ്ടിയിരിക്കുന്നു. ഇതിനെല്ലാം വേണ്ടത് വ്യക്തികൾക്ക് തങ്ങളോട് തന്നെ തോന്നുന്ന അനന്തമായ ആത്മബഹുമാനമാണ്. അത് പിറക്കണമെങ്കിൽ ചെറുപ്രായം തൊട്ടേ വ്യക്തികൾ പൂജിക്കപ്പെടണം. അവർ ആരാധിക്കപ്പെടണം. ‘നിങ്ങൾ വെറും കൃമിയാണെന്ന’ മൂഢത കുട്ടികൾക്ക് പറഞ്ഞു കൊടുക്കാതിരിക്കുവിൻ. അവരെ നിന്ദിക്കുകയും പീഢിപ്പിക്കാതെയുമിരിപ്പിൻ. വിവേകാനന്ദൻ പറഞ്ഞത് പോലെ ഈ ഭൂമിയെ ഇളക്കുവാനും നക്ഷത്രങ്ങളെ തകർക്കുവാനും ഉള്ള ശക്തി അവരിലുണ്ടെന്ന് ബോധ്യപ്പെടുത്തി കൊടുക്കുവിൻ. തോൽക്കുവാൻ വേണ്ടിയല്ല നാം ജനിച്ചു വീണിരിക്കുന്നത്. മറിച്ച്, പ്രപഞ്ചത്തിനു മേലുള്ള അത്യന്തികമായ വിജയം – അതിൽ കുറഞ്ഞ യാതൊന്നു കൊണ്ടും നാം തൃപ്തിപ്പെടരുത്. ഉണരുവിൻ! ഉത്തിഷ്ഠത! ജാഗ്രത!
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply