കൊടകരയില്‍ കവര്‍ന്ന മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണത്തില്‍ പ്രതികള്‍ 1.4 കോടി രൂപ ധൂര്‍ത്തടിച്ചെന്ന് പോലീസ്. ഈ പണമാണ് പ്രതികളില്‍നിന്ന് കണ്ടെടുക്കാനാകാതെപോയത്. ഭാര്യക്കും ബന്ധുക്കള്‍ക്കും പ്രതികള്‍ സ്വര്‍ണം വാങ്ങിക്കൊടുത്തത് 30.29 ലക്ഷത്തിനാണ്. ഈ സ്വര്‍ണം പോലീസ് കണ്ടെടുത്ത് തൊണ്ടിമുതലായി വകയിരുത്തി.
കൊടകരയില്‍ കുഴല്‍പ്പണം കവര്‍ന്നശേഷം പ്രതികള്‍ ചെലവേറിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിക്കുകയും വിലകൂടിയ വാഹനങ്ങളില്‍ യാത്രചെയ്യുകയും ചെയ്തു. ഇതിനായി നല്ലതുക ചെലവിട്ടു. ചില പ്രതികള്‍ വേണ്ടപ്പെട്ടവര്‍ക്കും കടംവാങ്ങിയവര്‍ക്കും പണം നല്‍കി. ഇത് കിട്ടിയവര്‍ ചെലവാക്കി. അതുകൊണ്ട് തിരിച്ചുപിടിക്കാനായില്ല. ഇക്കാര്യമെല്ലാം കുറ്റപത്രത്തിലുണ്ട്.
കവര്‍ച്ചയ്ക്കുശേഷം പണം പങ്കിട്ടുകഴിഞ്ഞ് 15-ാം പ്രതിയായ ഷിഗില്‍ 22-ാം പ്രതിയായ റാഷിദുമൊത്ത് കുളു, മണാലി, ചെന്നൈ, തിരുപ്പതി എന്നിവിടങ്ങളില്‍ പോകുകയും താമസിക്കുകയും ചെയ്തു. 13-ാം പ്രതി അബ്ദുള്‍സലാം, 16-ാം പ്രതി റഷീദ്, 17-ാം പ്രതി റൗഫ് എന്നിവര്‍ കവര്‍ച്ചയ്ക്കുശേഷം കര്‍ണാടകത്തിലെ കുടകില്‍ താമസിച്ചു.
മൂന്നാംപ്രതി രഞ്ജിത്ത് കവര്‍ച്ചപ്പണത്തില്‍ 17 ലക്ഷം ഭാര്യയായ ദീപ്തിക്ക് നല്‍കി. പത്താംപ്രതി ഷാഹിദ് കവര്‍ച്ചപ്പണത്തില്‍ പത്തുലക്ഷം ഭാര്യ ജിന്‍ഷയ്ക്ക് നല്‍കി. ഇതില്‍ ഒന്‍പതുലക്ഷം ജിന്‍ഷ ഉമ്മൂമ്മയ്ക്ക് നല്‍കി. ഇതില്‍ ചെലവാക്കാതെ ബാക്കിയായ പണം പോലീസ് തിരിച്ചുപിടിച്ചു
Leave a Reply