ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് ലാനാർക്‌ഷെയറിൽ നിന്നുള്ള നേഴ്സ് ചികിത്സയെ തുടർന്ന് മരണമടഞ്ഞത് അമിത ശരീരഭാരം കുറയ്ക്കുന്നതിന് നൽകുന്ന മരുന്നിന്റെ പാർശ്വഫലം മൂലമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 58 കാരിയായ സൂസൻ മക്‌ഗോവൻ സെപ്തംബർ 4-ന് മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മൗഞ്ചാരോ എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന ടിർസെപാറ്റൈഡിൻ്റെ രണ്ട് കുറഞ്ഞ ഡോസ് കുത്തിവയ്പ്പുകൾ എടുത്തു. ഈ മരുന്നുമായി ബന്ധപ്പെട്ട് യുകെയിൽ റിപ്പോർട്ട് ചെയ്ത ആദ്യത്തെ മരണമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


എയർഡ്രിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മോങ്ക്‌ലാൻഡ്‌സിൽ 30 വർഷത്തിലേറെയായി മക്‌ഗോവൻ നഴ്‌സായി ജോലി ചെയ്ത് വരുകയായിരുന്നു . അവരുടെ മരണം എൻഎച്ച്എസ് പുതിയതായി അവതരിപ്പിക്കുന്ന പല മരുന്നുകളുടെയും ക്ലിനിക്കൽ ടെസ്റ്റുകളെ കുറിച്ച് വേണ്ട രീതിയിലുള്ള അവലോകനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ഒട്ടേറെ സംശയങ്ങൾ ആണ് ഉയർത്തിയിരിക്കുന്നത്. നാലാഴ്ച ഉപയോഗിക്കുന്നതിന് ഈ മരുന്നിന്റെ വില 200 പൗണ്ട് ആണ്. യുകെയിൽ ഇത് അംഗീകൃത ഫാർമസികളിൽ നിന്ന് വാങ്ങുവാൻ സാധിക്കും. രണ്ടാമത്തെ കുത്തിവയ്പ്പിന് ശേഷം അവൾക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.


അമിതഭാരം ഉള്ളതിന്റെ ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ മക്‌ഗോവന് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് അവരുടെ അനന്തരവൾ ജേഡ് കാംബെൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചപ്പോൾ അവരുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞു. പിന്നീട് അവൾ അബോധാവസ്ഥയിൽ ആകുകയും ചെയ്തു. അവൾ കഴിച്ചത് ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ കൂട്ടത്തിൽ ഒന്നാണ്. 2023-ൽ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) യുകെയിൽ ശരീരഭാരം കുറയുന്നതിനുള്ള മരുന്നായി ഇതിനെ അംഗീകരിച്ചിരുന്നു. അമിതഭാരം കൊണ്ട് കഷ്ടപ്പെടുന്ന പല രോഗികൾക്കും എൻഎച്ച് എസ് ഈ മരുന്ന് നൽകിയിരുന്നു. എന്നിരുന്നാലും മരുന്നിന്റെ ലഭ്യത കുറവും വില കൂടുതലായതിനാലും വളരെ കുറച്ചു പേർക്ക് മാത്രമെ എൻഎച്ച് എസ് ഈ മരുന്ന് നൽകിയിട്ടുള്ളൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്