ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലും വെയിൽസിലും ജനിച്ച മൂന്നിലൊന്ന് കുഞ്ഞുങ്ങളുടെയും അമ്മമാർ ബ്രിട്ടീഷ് വംശജരായിരുന്നില്ലെന്ന കണക്കുകൾ പുറത്തുവന്നു. മാതാപിതാക്കൾ ബ്രിട്ടീഷ് വംശജരല്ലാത്ത കുട്ടികളുടെ പട്ടികയിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്തുള്ള രാജ്യം. ജോലിക്കും പഠനത്തിനും എത്തുന്നവരുടെ എണ്ണത്തിലെ വർദ്ധനവാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ എത്തിയതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ പ്രകാരം 2023 -ൽ ജനിച്ചവരിൽ 31.8 ശതമാനത്തിൻ്റെ അമ്മമാർ യുകെയിൽ ജനിച്ചവരല്ലായിരുന്നു. 2022- ൽ ഇത് 30.3 ശതമാനമായിരുന്നു. ഇതിൽ 3.9 ശതമാനം മാതാപിതാക്കളും ഇന്ത്യയിൽ നിന്നായിരുന്നു എന്ന കണക്കുകളും പുറത്തു വന്നിട്ടുണ്ട്. ഇത് ആദ്യമായി ആദ്യത്തെ പത്ത് രാജ്യങ്ങളിൽ 0.6 ശതമാനവുമായി ഘാനയും ഈ ലിസ്റ്റിൽ ഇടം പിടിച്ചു . ഈ രീതിയിലുള്ള കണക്കുകൾ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അവലോകനം ചെയ്യാൻ ആരംഭിച്ചത് 2003 -ലാണ്. അന്ന് തുടങ്ങിയ കണക്കുകൾ പരിശോധിച്ചാൽ ജർമ്മനി ആദ്യമായി ഈ പട്ടികയിൽ നിന്ന് പുറത്തായി .
യുകെയിലേക്ക് ഉള്ള കുടിയേറ്റത്തിന്റെ രേഖാചിത്രം വെളിവാക്കുന്ന കണക്കുകൾ ആണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടത്. ഗവൺമെൻറ് പദ്ധതികളിലൂടെ നിരവധി അഫ്ഗാനികളെ രാജ്യത്ത് പുനരാധിവസിപ്പിച്ചതിനെ തുടർന്ന് ആ രാജ്യവും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട് . 2020 – ൽ അഫ്ഗാനിസ്ഥാൻ 8-ാം സ്ഥാനത്തായിരുന്നു. അൽബേനിയയും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട് . അൽബേനിയയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതാണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കുന്നത്.
Leave a Reply