സ്മാര്‍ട്ട്‌ഫോണുകള്‍ മനുഷ്യ ജീവിതത്തെ ഏതൊക്കെ വിധത്തില്‍ ബാധിക്കുന്നു എന്ന കാര്യത്തില്‍ പഠനങ്ങള്‍ കൂടുതലായി നടന്നു വരികയാണ്. യുവാക്കളിലും കൗമാരക്കരിലും സ്മാര്‍ട്ട്‌ഫോണുകള്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന കാര്യം നേരത്തേ കണ്ടെത്തിയിരുന്നു. എന്നാല്‍ മറ്റൊരു ഗുരുതരമായ പ്രത്യാഘാതം കൂടി സ്മാര്‍ട്ട്‌ഫോണുകള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പുതിയ പഠനം പറയുന്നു. ബ്രിട്ടനിലെ അഞ്ചിലൊന്ന് കുടുംബങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ദിനംപ്രതി കലഹങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് വെളിപ്പെടുത്തല്‍. കുടുംബ ജീവിതത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എന്ത് പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത് എന്ന് അറിയാനുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം മാതാപിതാക്കളും കൗമാരക്കാരും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ അടിമത്വത്തെക്കുറിച്ച് സര്‍വേയില്‍ വെളിപ്പെടുത്തി. മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് കുട്ടികളും കുട്ടികളുടെ ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കളും വിമര്‍ശിക്കുന്നത് കലഹങ്ങള്‍ക്ക് കാരണമാകുന്നു. ഭക്ഷണത്തിനിടയിലും അല്ലാതെയുമുള്ള സംസാരമാണ് ഈ വിധത്തില്‍ കലഹങ്ങളിലേക്ക് വഴിമാറുന്നത്. കൗമാരക്കാരായ തങ്ങളുടെ കുട്ടികള്‍ കൂടുതല്‍ സമയം ഫോണില്‍ ചെലവഴിക്കുന്നുവെന്ന് മൂന്നില്‍ രണ്ട് രക്ഷിതാക്കളും വിശ്വസിക്കുന്നു. അതേസമയം 29 ശതമാനം കുട്ടികള്‍ പറയുന്നത് തങ്ങളുടെ മാതാപിതാക്കളും ഫോണില്‍ സമയം ചെലവഴിക്കുന്നുവെന്നാണ്.

1200 മാതാപിതാക്കളിലും 13 മുതല്‍ 17 വയസു വരെ പ്രായമുള്ള അവരുടെ കുട്ടികളിലുമാണ് സര്‍വേ നടത്തിയത്. മൊബൈല്‍ ഉപയോഗത്തിന് ചില നിയന്ത്രണങ്ങള്‍ വീട്ടില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മൂന്നില്‍ രണ്ട് കുടുംബങ്ങള്‍ വെളിപ്പെടുത്തി. ഭക്ഷണ സമയത്തും ഉറങ്ങാന്‍ കിടക്കുമ്പോഴും മറ്റും ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിയമങ്ങള്‍ 70 ശതമാനം പേരും ലംഘിച്ചിട്ടുണ്ട്. കൗമാരക്കാരായ കുട്ടികളാണ് നിയമലംഘനം ഏറ്റവും കൂടുതല്‍ നടത്തിയതെന്നും 17 ശതമാനം മാതാപിതാക്കളും ഈ ‘ചട്ടലംഘനം’ നടത്തിയിട്ടുണ്ടെന്നും സര്‍വേയില്‍ വെളിപ്പെടുത്തി.